74 ശതമാനം ഇന്ത്യന്‍ സ്റ്റുഡന്റ് വിസ അപേക്ഷകളും നിരസിച്ച് കാനഡ
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, ഇന്ത്യക്കാരുടെ സ്റ്റുഡന്റ് വിസകള്‍ വന്‍ തോതില്‍ നിരസിച്ച് കാനഡ. ഈ വര്‍ഷം ഓഗസ്റ്റില്‍, കാനഡയിലേക്കുള്ള നാല് സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ മൂന്നെണ്ണവും നിരസിക്കപ്പെട്ടതായി ഔദ്യോഗിക ഇമിഗ്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2023 ഓഗസ്റ്റിലെ 32 ശതമാനം എന്ന വിസ റിജക്ഷന്‍ റേറ്റില്‍ നിന്ന് 74 ശതമാനത്തിലേക്ക് ഇത് കുത്തനെ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു വര്‍ഷങ്ങളിലായി മൊത്തം സ്റ്റുഡന്റ് പെര്‍മിറ്റ് അപേക്ഷകളില്‍ ഏകദേശം 40 ശതമാനം നിരസിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ചൈനീസ് വിദ്യാര്‍ത്ഥികളുടെ റിജക്ഷന്‍ റേറ്റ് 24 ശതമാനം മാത്രമാണ്. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ഓഗസ്റ്റില്‍ 20,900 ആയിരുന്ന അപേക്ഷകളുടെ എണ്ണം ഈ വര്‍ഷം ഓഗസ്റ്റില്‍ 4,515 ആയി കുറഞ്ഞു.
അപേക്ഷകളില്‍ കുറവുണ്ടായെങ്കിലും, ആയിരത്തിലധികം അപേക്ഷകള്‍ നിരസിക്കപ്പെട്ടതോടെ ഇന്ത്യ തന്നെയാണ് നിരസിക്കന്‍ നിരക്കില്‍ മുന്നിലുള്ളത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് അപേക്ഷ നിരസിക്കല്‍ തോത് ഇത്രമാത്രം ഉയര്‍ന്നതെന്നാണ് വിവരം. 2023-ല്‍ കനേഡിയന്‍ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാല്‍ കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു.
അതിനിടെ, കാനഡയിലുടനീളമുള്ള സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് കോളേജായ വാട്ടര്‍ലൂ സര്‍വകലാശാലയില്‍, കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം മൂന്നില്‍ രണ്ട് ഭാഗത്തോളം കുറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.









