കാനഡയിലേക്ക് വിസ തട്ടിപ്പ് ; കൊച്ചിയില്‍ യുവതി പിടിയില്‍

വിസ തട്ടിപ്പ് കേസില്‍ കൊച്ചിയില്‍ യുവതി പിടിയില്‍. ചിറ്റൂര്‍ പച്ചാളം അമ്പാട്ട് വീട്ടില്‍ ഹില്‍ഡ സാന്ദ്ര ദുറം (30) നെയാണ് പറവൂര്‍ പൊലീസ് പിടികൂടിയത്. കാനഡയില്‍ സ്റ്റോര്‍ കീപ്പര്‍ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് എന്നയാളില്‍ നിന്ന് രണ്ട് ലക്ഷം രൂപയാണ് സാന്ദ്ര പറവൂരില്‍ വച്ച് വാങ്ങിയത്. എട്ട് ലക്ഷം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്.

മൂന്നു മാസത്തിനകം വിസ ശരിയാക്കി നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്. സമയം കഴിഞ്ഞിട്ടും വിസ നല്‍കാത്തതിനെ തുടര്‍ന്നാണ് യുവാവ് പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഡി.വൈ.എസ്.പി എം.കെ.മുരളിയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്.ഐ പ്രശാന്ത്.പി.നായര്‍ എസ്.സി.പി.ഒ മാരായ കെ.എന്‍.നയന, കൃഷ്ണ ലാല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.