കാനഡയില്‍ പുതിയ നിയമങ്ങള്‍ ; വിദേശികള്‍ക്ക് വീട് വാങ്ങാന്‍ നിയന്ത്രണം ; മിനിമം വേതനം വര്‍ദ്ധിപ്പിക്കും

2023 പിറന്നപ്പോള്‍ കാനഡയില്‍ രാജ്യവ്യാപകമായും രാജ്യത്തെ ചില പ്രവിശ്യകളില്‍ മാത്രമായും ബാധകമായ നിരവധി പുതിയ നിയമങ്ങളാണ് ഈ വര്‍ഷം പ്രാബല്യത്തില്‍ വന്നത്. മിനിമം വേതന വര്‍ദ്ധനവ് മുതല്‍ വിദേശികള്‍ക്ക് രാജ്യത്ത് വീട് വാങ്ങുന്നതിന് നിയന്ത്രണം ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ രാജ്യത്ത് നടപ്പിലാകും.കാനഡ പെന്‍ഷന്‍ പ്ലാന്‍ (സിപിപി) സംഭാവനകളും എംപ്ലോയ്മെന്റ് ഇന്‍ഷുറന്‍സ് (ഇഐ) പ്രീമിയങ്ങളും 2023 മുതല്‍ വര്‍ദ്ധിക്കും. ഇതോടെ കനേഡിയന്‍ തൊഴിലാളികള്‍ക്ക് കൈയില്‍ ലഭിക്കുന്ന ശമ്പളത്തില്‍ കുറവ് വരും. ജീവനക്കാരുടെയും തൊഴിലുടമയുടെയും സിപിപി വിഹിതം 2022ലെ 5.70 ശതമാനത്തില്‍ നിന്ന് 2023ല്‍ 5.95 ശതമാനമായി ഉയരുമെന്ന് കാനഡ റവന്യൂ ഏജന്‍സി നവംബറില്‍ പ്രഖ്യാപിച്ചിരുന്നു.

കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ്സ് റിപ്പോര്‍ട്ട് അനുസരിച്ച് പെന്‍ഷന്‍ പ്ലാനും എപ്ലോയിമെന്റ് ഇന്‍ഷുറന്‍സ് വിഹിതവും വര്‍ദ്ധിക്കുന്നതോടെ ഓരോ കനേഡിയന്‍ തൊഴിലാളിയുടെയും ടെയ്ക്ക് ഹോം സാലറി അഥവാ കൈയ്യില്‍ ലഭിക്കുന്ന ശമ്പളത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 305 ഡോളര്‍ വരെ കുറവുണ്ടാകും. 2023 ജനുവരി 1 മുതല്‍ രണ്ട് വര്‍ഷത്തേക്ക് കാനഡയില്‍ വിദേശികള്‍ക്കും വിദേശ വാണിജ്യ സംരംഭങ്ങള്‍ക്കും റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. രാജ്യത്ത് ആവശ്യത്തിന് വീടുകള്‍ ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം. എന്നാല്‍ നിരവധി പേരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റുള്ളവര്‍, ചില മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍, അഭയാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ഫെഡറല്‍ ഗവണ്‍മെന്റ് 2023 ഏപ്രില്‍ 1 മുതല്‍ കാര്‍ബണ്‍ വില ടണ്ണിന് 50 ഡോളറില്‍ നിന്ന് ടണ്ണിന് 65 ഡോളറായി ഉയര്‍ത്തും. കനേഡിയന്‍ ടാക്സ് പേയേഴ്സ് ഫെഡറേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ലിറ്ററിന് നിലവിലുള്ള 11.05 സെന്റ് കാര്‍ബണ്‍ വില ലിറ്ററിന് 14.31 സെന്റായാകും ഉയര്‍ത്തുക. 2023 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ക്ലീന്‍ ഫ്യൂവല്‍ നിയന്ത്രണങ്ങള്‍ ഗ്യാസിന്റെ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടാക്‌സ് പേയേഴ്‌സ് ഫെഡറേഷന്‍ പറയുന്നു. നിങ്ങള്‍ ഒരു നികുതി രഹിത സേവിംഗ്സ് അക്കൗണ്ട് തുറക്കാന്‍ പദ്ധതിയിട്ടുണ്ടെങ്കില്‍ അഥവാ ആദ്യമായി ഒരു ടാക്‌സ് ഫ്രീ സേവിംഗ്‌സ് അക്കൗണ്ട് തുറക്കുകയാണെങ്കില്‍ 2023-ലെ വാര്‍ഷിക പരിധി 6,500 കനേഡിയന്‍ ഡോളര്‍ ആയിരിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ 500 ഡോളര്‍ കൂടുതലാണിത്.

2023 ജനുവരി 1 മുതല്‍ വിവിധ പ്രവിശ്യകള്‍ക്കിടയില്‍ ഓടുന്ന ട്രക്കുകളിലും ബസുകളിലും പേപ്പര്‍ ലോഗ് ബുക്കുകള്‍ക്ക് പകരം ഡ്രൈവര്‍മാര്‍ റോഡില്‍ ചെലവഴിക്കുന്ന മണിക്കൂറുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.യുവാക്കള്‍ക്ക് കഠിനമെന്ന് തോന്നുന്ന ജോലി ചെയ്യുന്നതില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ 2023 ജനുവരി 1 മുതല്‍ കുറഞ്ഞ പ്രായപരിധി സര്‍ക്കാര്‍ നടപ്പിലാക്കും. ഉദാഹരണത്തിന്, നിര്‍മ്മാണ ജോലി ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16ഉം ഒരു ജോലിസ്ഥലത്ത് ആയുധങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18ഉം ആയിരിക്കും. 2023 ജനുവരി 3 മുതല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുമ്പോള്‍ വാങ്ങുന്നവര്‍ക്ക് നിര്‍ബന്ധമായും മൂന്ന് ദിവസത്തെ ഉപഭോക്തൃ സംരക്ഷണ കാലയളവ് ഉണ്ടായിരിക്കുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.