ഐ എസ് സി വിയന്ന ടൈറ്റന്‍സിന് ഉജ്ജ്വല വിജയം
വിയന്ന: ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന മാത്യു പത്താനിയില്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ മ്യൂണിക് സ്പൈക്കേഴ്സിന്റെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് ഐ.എസ്. സി വിയന്ന ടൈറ്റന്‍സ് ജേതാക്കളായി. യൂറോപ്പില്‍ നിന്നുള്ള പത്തു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ കളിച്ച മത്സരങ്ങളിലെല്ലാം വിജയം നേടിയാണ് ഐ.എസ്. സി വിയന്ന ടൈറ്റന്‍സ് ഒന്നാമതെത്തിയത്.
അനീഷ് മംഗലത്ത് (ക്യാപ്റ്റന്‍), അരുണ്‍ മംഗലത്ത്, ആദിത്യന്‍ ഷൈനി മനോജ്, കെവിന്‍ ഞൊണ്ടിമാക്കല്‍, സാജന്‍ ചെറുകാട്, ബെഞ്ചമിന്‍ പാലമറ്റം, നീരജ് സേട്ടിപള്ളി, റോണി ലൂക്കോസ് എന്നിവരായിരുന്നു ടൈറ്റന്‍സിനുവേണ്ടി ജേഴ്സി അണിഞ്ഞത്.
സീനിയര്‍ താരം റ്റേജൊ കിഴക്കേകരയുടെ നേതൃത്വത്തില്‍ കുറെ പുതിയ താരങ്ങള്‍ക്ക് കൂടി അവസരം നല്‍കി ഐ.എസ്. സി വിയന്നയുടെ മറ്റൊരു ടീമും മത്സരത്തില്‍ പങ്കെടുത്തിരുന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള സൂറി കേരളാ സ്പൈക്കേഴ്സിനാണ് മൂന്നാം സ്ഥാനം.
ഈ വര്‍ഷം ഓസ്ട്രിയയിലെ ലീഗ് മത്സരങ്ങളില്‍ കളിക്കാനുള്ള യോഗ്യത നേടി ടൈറ്റന്‍സ് ശ്രദ്ധ നേടിയിരുന്നു. യൂറോപ്പില്‍ തന്നെ ആദ്യമായിട്ടാണ് ഒരു മലയാളി ടീം ലീഗ് വോളിബോളില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ 45 വര്‍ഷമായി മലയാളികളുടെ നേതൃത്വത്തില്‍ ഓസ്ട്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്സി വിയന്ന വോളിബോള്‍ ക്ലബ്ബിന്റെ ഏറ്റവും പുതിയ തലമുറയാണ് ഐ.എസ്. സി വിയന്ന ടൈറ്റന്‍സ് എന്ന പേരില്‍ യൂറോപ്പിലെയും ഓസ്ട്രിയയിലെ ദേശിയവേദികളിലും കളിക്കുന്നത്. ഓസ്ട്രിയയിലെ ദേശിയ മത്സരവേദികളില്‍ നിരവധി കളികളാണ് ടൈറ്റന്‍സിനെ ഈ സീസണില്‍ കാത്തിരിക്കുന്നത്.






