ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മ (43) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാജ്യത്ത് നക്‌സല്‍ നിരയില്‍ അവശേഷിക്കുന്ന ഉന്നത നേതാക്കളില്‍ ഒരാളാണ് മാദ്വി ഹിദ്മ. ഇന്നു രാവിലെ ആന്ധ്രാപ്രദേശില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് മാദ്‌വി ഹിദ്മയെ സുരക്ഷ സേന വധിച്ചത്.

സുരക്ഷാ സേനകള്‍ക്കും സാധാരണക്കാര്‍ക്കും നേരേ രാജ്യത്ത് 26 ഓളം മാരക ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി നേതാവുമായിരുന്നു ഹിദ്മ എന്ന സന്തോഷ്. ഛത്തീസ്ഗഡില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ രാവിലെ 6 മണിയോടെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ മരേഡുമില്ലി വനത്തില്‍ വച്ചാണ് ഹിദ്മയെയും സംഘത്തെയും സുരക്ഷാ സേന വളഞ്ഞത്. ഇയാള്‍ക്കൊപ്പം ഭാര്യയും മറ്റു നാലും പേരും ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ആന്ധ്രാ, ഛത്തീസ്ഗഢ്, ഒഡീഷ അതിര്‍ത്തി പ്രദേശങ്ങളില്‍ എസ്ഐബി/ഇന്റലിജന്‍സ് മാവോയിസ്റ്റ് നീക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് അനുസരിച്ച്, നക്‌സല്‍ വിരുദ്ധ ഗ്രേഹൗണ്ട്‌സും ലോക്കല്‍ പൊലീസും തിങ്കളാഴ്ച രാത്രി ആരംഭിച്ച കോമ്പിംഗ് ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയിലെ വനങ്ങളിലൂടെയായിരുന്നു സംഘത്തിന്റെ സഞ്ചാരം എന്നാണ് വിവരം.

ആറു മാവോയിസ്റ്റുകളെ വധിച്ചതായി സ്ഥരീകരണമുണ്ടെന്ന് അല്ലൂരി സീതാരാമ രാജു ജില്ലാ പൊലീസ് സൂപ്രണ്ട് അമിത് ബര്‍ദാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഓപ്പറേഷന്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്നു മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ട മാദ്‌വി ഹിദ്മ.