കൊല്ലപ്പെട്ട ഭീകരന്‍ ഖാലിദിനെ ഒറ്റിയത് മുന്‍ കാമുകിയുടെ പ്രതികാരം; സിനിമയെപ്പോലും വെല്ലുന്ന പിന്നാമ്പുറ കഥ ഇങ്ങനെ

ശ്രീനഗര്‍:കശ്മീരില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജെയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ ഖാലിദിനെയും വധിക്കാന്‍ പോലീസിനെ സഹായിച്ചത് വഞ്ചിക്കപ്പെട്ട മുന്‍ കാമുകി. ബാരാമുള്ളയില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പിലാണ് ജയ്ഷ് ഇ മുഹമ്മദ് നേതാവ് ഖാലിദ് കൊല്ലപ്പെടുന്നത്. കാശ്മീരിനെ വിറപ്പിച്ചിരുന്ന ഖാലിദിന്റെ വധത്തിലേക്ക് നീങ്ങാനുണ്ടായ പിന്നാമ്പുറ കഥ സിനിമയെപ്പോലും വെല്ലുന്നതാണ്.

കാമുകിമാരും മുന്‍കാമുകിമാരുമായി കശ്മീരിലെ 20ഓളം സ്ത്രീകളുമായി ഖാലിദിന് ബന്ധമുണ്ടായിരുന്നു. ഖാലിദിന്റെ സാന്നിധ്യത്തെ കുറിച്ച് പോലീസിന് കൃത്യമായ വിവരം നല്‍കുന്നത് ഈ പട്ടികയിലുള്‍പ്പെട്ട, വഞ്ചനയ്ക്കിരയായ 20കാരിയാണ്.

‘അവന്‍ ചാകണം’ എന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ വര്‍ഷമാണ് 20കാരിയായി കശ്മീരി യുവതി ജമ്മുകശ്മീര്‍ പോലീസിനെ സമീപിക്കുന്നത്. ‘ഞാന്‍ നിന്‍ നിങ്ങള്‍ക്ക് അവന്റെ സങ്കേതം കാട്ടിത്തരാം, ബാക്കി നിങ്ങള്‍ നോക്കിക്കൊള്ളണം’ എന്ന് പോലീസിനോട് പറഞ്ഞിട്ടാണ് ആ യുവതി പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയത്. അന്ന് മുതല്‍ ഖാലിദിന്റെ പുറകെ സുരക്ഷാ സേനയുടെ കഴുകന്‍ കണ്ണുകളുണ്ടായിരുന്നു. കാമുകിമാരെ കാണാന്‍ ഇയാള്‍ സംഘാംഗങ്ങളെ കൂട്ടാതെ ഒറ്റയ്ക്ക മാത്രമേ വരൂ എന്ന തിരിച്ചറിവില്‍ കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേന ഒരുക്കിയ കുരുക്കില്‍ ഖാലിദ് അകപ്പെടുകയായിരുന്നു.

പക വളര്‍ത്തിയ പിന്നാമ്പുറം

കാശ്മീരിന്റെ പേടി സ്വപ്നമായിരുന്ന ഖാലിദിന്റെ കാമുകിയായ യുവതി, താന്‍ ഗര്‍ഭിണിയാണെന്ന് ഖാലിദിനോട് ആവേശപൂര്‍വ്വം അറിയിച്ചപ്പോള്‍ അയാള്‍ അവളെ നിര്‍ദയം കൈയ്യൊഴിയുകയായിരുന്നു. കുട്ടിയെ മാത്രമല്ല കാമുകിയായ തന്നെയും കയ്യൊഴിഞ്ഞതോടെ ആ ചെറുപ്പക്കാരി ആകെ തകര്‍ന്നു പോയി.നിവൃത്തിയേതുമില്ലാതെ പഞ്ചാബിലെ ജലന്ദറില്‍ പോയി രഹസ്യമായി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു യുവതി. ഖാലിദിന്റെ 20ഓളം കാമുകിമാരില്‍ ഒരാളായിരുന്നു താനെന്ന് വൈകിയാണ് ആ 20കാരി തിരിച്ചറിയുന്നത്. അതോടെ ഉള്ളിലെ പകയുടെ കനല്‍ എരിഞ്ഞ് തുടങ്ങി.
സ്വന്തം ജീവിതത്തിന്റെ താളം കെടുത്തിയതിനു പുറമെ തന്റെ കുഞ്ഞിനെ കൂടി കുരുതി കൊടുക്കാനിടയായതാണ് ഭീകരന്റെ മരണം കണ്ടേ അടങ്ങൂ എന്ന ഉറച്ച തീരുമാനത്തിലേക്ക് 20കാരിയെ നയിച്ചത്.

എ പ്ലസ് പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭീകരനാണ് ഖാലിദ്. ജെയ്‌ഷെ മുഹമ്മദ് ഓപ്പറേഷനല്‍ കമാന്‍ഡറായി അറിയപ്പെടുന്ന ഇയാളുടെ തലയ്ക്ക് ഏഴുലക്ഷം രൂപ വിലയിട്ടിരുന്നു. ഖാലിദിന്റെ കാമുകിമാരുടെ അടുത്തേക്കുള്ള പോക്കും വരവും കൃത്യമായി അറിഞ്ഞിരുന്ന മുന്‍ കാമുകി പൊലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഖാലിദിന്റെ താവളത്തെക്കുറിച്ച് കൃത്യമായ മനസ്സിലാക്കാന്‍ സാധിച്ചതിനാല്‍ പെട്ടെന്ന് തന്നെ ഖാലിദിനെ വെടിവെച്ച് വീഴ്ത്താനായി. വെറും നാല് മിനുട്ടു നേരം മാത്രമേ ഏറ്റുമുട്ടല്‍ നീണ്ടു പോയുള്ളൂ.

രഹസ്യവിവരത്തെത്തുടര്‍ന്ന് ജമ്മുകശ്മീര്‍ പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പ്, പോലീസ്, സി.ആര്‍.പി.എഫ്. സൈന്യം എന്നിവ ചേര്‍ന്ന് ലാദൂര ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.ഖാലിദിന്റെ ഒളിത്താവളത്തിനടുത്തെത്തിയതോടെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഖാലിദ് കൊല്ലപ്പെട്ടത്.

പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. ഖാലിദും പാകിസ്താന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കശ്മീരില്‍ ഒട്ടേറെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഖാലിദിനെ വധിക്കാന്‍ കഴിഞ്ഞത് സൈന്യത്തിന്റെ സുപ്രധാനനേട്ടമായാണ് വിലയിരുത്തുന്നത്. ദക്ഷിണ മധ്യകശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തുന്ന ചാവേര്‍ ആക്രമണങ്ങള്‍ക്കുപിന്നിലെ ബുദ്ധികേന്ദ്രം ഖാലിദായിരുന്നു. രണ്ടുമൂന്നുവര്‍ഷമായി ജെയ്‌ഷെ മുഹമ്മദിനായി ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിന് ഖാലിദ് നേതൃത്വം നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.

ഹാന്‍ഡാരയില്‍ പോലീസ് ഓഫീസറെയും മകളെയും കൊലപ്പെടുത്തിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഇയാളായിരുന്നു. ശ്രീനഗര്‍ വ്യോമതാവളത്തിന്റെ സമീപമുള്ള ബി.എസ്.എഫിന്റെ ആസ്ഥാനത്തും പുല്‍വാമ ജില്ലയില്‍ ജില്ലാ പോലീസ് കേന്ദ്രത്തിനുസമീപവും ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനുപിന്നിലും ഖാലിദിന് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.