ഡബ്ല്യുസിസിയുടെ നാള്‍വഴികളിലൂടെ; നീതിക്കായുള്ള 3215 ദിവസത്തെ പോരാട്ടം
2017 ഫെബ്രുവരി 17- കേരളത്തെയും മലയാള സിനിമയെയും ഒന്നടങ്കം ഞെട്ടിച്ച ക്വട്ടേഷന്‍ പീഡനം നടന്നത് ആ ദിവസമാണ്. മലയാള സിനിമയിലെ ഒരു പ്രമുഖ നടി കാറിനുള്ളില്‍ വെച്ച് അതിക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതൊരു ക്വട്ടേഷന്‍ പീഡനം ആയിരുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പിന്നീട് പുറത്ത് വന്നു.
തൊട്ടടുത്ത ദിവസം, 2018 ഫെബ്രുവരി 18, എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിനിമ പ്രവര്‍ത്തകര്‍ ഒത്തുകൂടി. അവിടെ വച്ച് മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളാണ് ഈ കേസിന്റെ ഗതി മാറാനും അന്വേഷണം ഊര്‍ജ്ജിതമാക്കാനും കാരണമായത്. ‘ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണ്,’ എന്നായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍.
കിട്ടിയ അവസരം മുതലാക്കി ഒരുപറ്റം ഗുണ്ടകള്‍ ചെയ്ത കുറ്റകൃത്യമല്ല ഇതെന്നും ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ക്വട്ടേഷനാണെന്നും സമൂഹം തിരിച്ചറിഞ്ഞത് അന്നാണ്.
ആ ക്വട്ടേഷനു പിന്നില്‍ നടന്‍ ദിലീപിന്റെ കൈകളുണ്ടെന്ന വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. അതോടെ ഇരുചേരികളായി തിരിയുകയായിരുന്നു സമൂഹമാധ്യമങ്ങളും പൊതുജനങ്ങളും. ഒരുപറ്റം മനുഷ്യര്‍ ദിലീപ് അനുകൂലികളായി നിന്ന് നടന്റെ നിരപരാധിത്വം ഉയര്‍ത്തി കാട്ടാനായി പട വെട്ടി, എല്ലാം ആക്രമിക്കപ്പെട്ട നടിയുടെ പ്രശ്‌നമാണെന്ന് പറഞ്ഞ് അവര്‍ നടിയെ വീണ്ടും വീണ്ടും കല്ലെറിഞ്ഞു. മറ്റൊരു കൂട്ടര്‍ നടിക്ക് നിസീമമായ പിന്തുണ പ്രഖ്യാപിച്ചു കൂടെ നിന്നു.
ഈ കലുഷിതമായ അന്തരീക്ഷത്തിനിടെയാണ് മലയാള സിനിമയില്‍ അപൂര്‍വ്വമായൊരു സംഘടന (ഒരു കൂട്ടായ്മ) രൂപം കൊണ്ടത്. സിനിമാ വ്യവസായത്തിലെ സ്ത്രീകളുടെ സുരക്ഷ, തുല്യത, അന്തസ്സ് എന്നിവ ഉറപ്പുവരുത്തുന്നതിനായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് (WCC) എന്ന സംഘടന പിറന്നു. നടിക്ക് നേരെ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ഈ സംഘടന, ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത ഒരു വനിതാ കൂട്ടായ്മയാണ്.
2017 ഫെബ്രുവരിയിലെ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഡബ്ല്യുസിസിയുടെ രൂപീകരണത്തിന് പ്രധാന കാരണമായത്. മലയാള സിനിമാ ലോകത്തെ നിലനിന്നിരുന്ന സ്ത്രീവിരുദ്ധതയിലേക്കും അരക്ഷിതാവസ്ഥയിലേക്കും വിരല്‍ചൂണ്ടുന്നതായിരുന്നു ഈ സംഭവം.
അതിക്രമത്തിന് ഇരയായ നടിക്കുള്ള പിന്തുണ എന്ന നിലയില്‍, സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കിടയില്‍ ഒരു അനൗപചാരിക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആയിട്ടാണ് ഡബ്ല്യുസിസി എന്ന കൂട്ടായ്മ ആരംഭിച്ചത്. പിന്നീട് അനൗപചാരിക കൂട്ടായ്മയില്‍ നിന്ന് ഒരു സംഘടന എന്ന രൂപത്തിലേക്ക് ഡബ്ല്യുസിസി വളരുകയായിരുന്നു.
അതിജീവിച്ച നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പത്തോളം വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ 2017 മെയ് മാസത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്.
2017 നവംബര്‍ 1, കൂടുതല്‍ ശക്തവും നിയമപരവുമായ ഇടപെടലുകള്‍ നടത്താന്‍ ലക്ഷ്യമിട്ട് ഡബ്ല്യുസിസി, ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫൗണ്ടേഷന്‍’ എന്ന പേരില്‍ ഒരു സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. നടിമാര്‍, സംവിധായകര്‍, എഴുത്തുകാര്‍, ടെക്‌നീഷ്യന്‍സ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഇതില്‍ അംഗങ്ങളായി.
സിനിമാരംഗത്ത് തുല്യമായ ഇടവും തുല്യ അവസരങ്ങളും ഉറപ്പാക്കുക, വിവേചനമില്ലാത്തതും സുരക്ഷിതവുമായ തൊഴിലിടം സൃഷ്ടിക്കുക എന്നതായിരുന്നു ഡബ്ല്യുസിസി മുന്നോട്ട് വച്ച ലക്ഷ്യം.
ഡബ്ല്യുസിസിയുടെ നാള്‍വഴികള്‍
ഡബ്ല്യുസിസിയുടെ ചരിത്രം പ്രധാനമായും നീതിക്കായുള്ള പോരാട്ടങ്ങളുടെയും വ്യവസായപരമായ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള ശക്തമായ ഇടപെടലുകളുടെയും നാള്‍വഴികളാണ്.
അതിജീവിച്ച നടിയുടെ കേസില്‍ ഡബ്ല്യുസിസി ഉറച്ച പിന്തുണ നല്‍കി. കേസില്‍ പ്രതിയായ നടനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ ‘അമ്മ’യുടെ നീക്കത്തെ ശക്തമായി ഡബ്ല്യുസിസി എതിര്‍ത്തു.
സിനിമാ രംഗത്തെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരം രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ഈ റിപ്പോര്‍ട്ട് പരസ്യമാക്കാനും ശുപാര്‍ശകള്‍ നടപ്പിലാക്കാനും ഡബ്ല്യുസിസി നിരന്തരം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ആഭ്യന്തര പരാതി പരിഹാര സമിതി (ICC) വേണമെന്ന ആവശ്യം ഉന്നയിച്ചതും WCC ആണ്. സിനിമയുടെ ഓരോ സെറ്റുകളിലും ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം (POSH Act, 2013) അനുസരിച്ചുള്ള ഐസിസി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി.
ഡബ്ല്യുസിസിയുടെ ഹര്‍ജിയെ തുടര്‍ന്ന്, 50-ല്‍ അധികം ജീവനക്കാരുള്ള സിനിമാ നിര്‍മ്മാണ യൂണിറ്റുകളില്‍ ഐസിസി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് WCCയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായും സിനിമാ ലോകത്തെ ഒരു നാഴികക്കല്ലായും കണക്കാക്കപ്പെടുന്നു.
സിനിമാരംഗത്തും സമൂഹത്തിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധത, തൊഴിലിടത്തിലെ ചൂഷണം, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഡബ്ല്യുസിസി ഒരു വര്‍ഷം നീണ്ടുനിന്ന പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ പ്രമുഖരായ സ്ത്രീകളെ ഉള്‍പ്പെടുത്തി ചര്‍ച്ചകളും സംവാദങ്ങളും നടത്തി.
സിനിമാ വ്യവസായത്തിലെ മികച്ച തൊഴില്‍ രീതികള്‍, നിയമപരമായ പരിഷ്‌കാരങ്ങള്‍, ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ എന്നിവ സംബന്ധിച്ച് ഡബ്ല്യുസിസി സര്‍ക്കാരിനും സിനിമാ സംഘടനകള്‍ക്കും ശുപാര്‍ശകളും റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുന്നു.
നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡബ്ല്യുസിസിയുടെ പ്രസക്തി വര്‍ദ്ധിക്കുന്നു. ഡബ്ല്യുസിസിയുടെ രൂപീകരണം തന്നെ ഈ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു. അതിജീവിച്ച നടിക്ക് നീതി ലഭിക്കുന്നതുവരെ അവര്‍ക്ക് പരസ്യമായും നിയമപരമായും അചഞ്ചലമായ പിന്തുണ നല്‍കാന്‍ ഡബ്ല്യുസിസി മുന്നില്‍ നിന്നു.
ഈ കേസിനെ ഒരു വ്യക്തിയുടെ പ്രശ്നം എന്നതിലുപരി, മലയാള സിനിമയില്‍ നിലനില്‍ക്കുന്ന അധികാരഘടനയിലെയും ലിംഗവിവേചനത്തിലെയും വ്യവസ്ഥാപരമായ പ്രശ്നമായി ഡബ്ല്യുസിസി ഉയര്‍ത്തിക്കാട്ടി. സിനിമാ രംഗത്തെ പുരുഷാധിപത്യ കൂട്ടായ്മകളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും WCC മലയാള സിനിമയില്‍ ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്നു. അതിജീവിച്ചവര്‍ക്ക് നീതി ലഭിക്കുന്നതിനും സിനിമാ ലോകത്ത് സുരക്ഷിതവും തുല്യവുമായ തൊഴിലിടം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള WCC യുടെ ഈ പോരാട്ടം, ഇന്ത്യന്‍ സിനിമയിലെ മറ്റ് പ്രാദേശിക വ്യവസായങ്ങള്‍ക്കും ഒരു മാതൃകയും പ്രചോദനവുമാണ്.
നടിയെ ആക്രമിച്ച കേസില്‍ വിധി പുറത്തുവരാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ ‘അവള്‍ക്കൊപ്പം’ എന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ഡബ്ല്യുസിസി ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണ് അവസാനിക്കാന്‍ പോകുന്നതെന്നും നടി കാണിച്ച ധൈര്യത്തിനും പ്രതിരോധത്തിനും സമാനതകള്‍ ഇല്ലെന്നുമാണ് ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് . അവള്‍ തുറന്നു വിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും, കേരളക്കരയെ ഒന്നാകെയുമാണ്. അതിന്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മന:സാക്ഷിയെ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയര്‍ത്തുകയും ചെയ്തു. ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള്‍ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകള്‍ ഇല്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണ്. ഞങ്ങള്‍ അവളോടൊപ്പവും, ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതകള്‍ക്ക് ഒപ്പവും നില്‍ക്കുന്നു. #അവള്‍ക്കൊപ്പം,’ ഡബ്ല്യുസിസി കുറിച്ചു.









