ദിലീപ് കുറ്റവിമുക്തന്‍, ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി: കേരളം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ആശ്വാസം. കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. എട്ട് വര്‍ഷങ്ങള്‍ നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. കേസില്‍ ദിലീപ് അടക്കം ഒന്‍പത് പ്രതികളാണ് ഉണ്ടായിരുന്നത്. പത്ത് പേരാണ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും, ഒരാളെ കേസില്‍ കുറ്റവിമുക്തനാക്കുകയായിരുന്നു.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നതടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടി ഉത്തരവില്‍ വ്യക്തമാക്കി.
അഡ്വ. ബി രാമന്‍ പിള്ള, അഡ്വ. ഫിലപ്പ് എം വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ദിലീപ് (Photo credit: Express Photo)
അതേസമയം, കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍. പള്‍സര്‍ സുനി,മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരുന്നത്.
വിധി കേള്‍ക്കാന്‍ ദിലീപ് അടക്കമുള്ള കേസിലെ പ്രതികള്‍ രാവിലെ തന്നെ കോടതിയില്‍ എത്തിയിരുന്നു. ദിലീപ് ഉടന്‍ തന്നെ മാധ്യമങ്ങളെ കാണുമെന്നാണ് അദ്ദേഹത്തിനോട് അടുത്തുള്ള വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ നടന്‍ ദിലീപ് അടക്കം പത്തുപേരാണ് പ്രതി പട്ടികയിലുള്ളത്. പള്‍സര്‍ സുനിയെന്ന് അറിയപ്പെടുന്ന സുനില്‍ എന്‍.എസാണ് കേസിലെ ഒന്നാം പ്രതി. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഗൂഡാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.
2018 മാര്‍ച്ച് എട്ടിനാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. നീണ്ട എട്ടുവര്‍ഷം കൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോവിഡ് ലോക്ഡൗണ്‍മൂലം രണ്ടുവര്‍ഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധിയൊന്നും പാലിക്കാന്‍ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലിരിക്കെ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.
പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. 109 ദിവസമെടുത്തു ഇത് പൂര്‍ത്തിയാക്കാന്‍. തുടര്‍ന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി ഈ വര്‍ഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്.എന്നാല്‍, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധിപ്രസ്താവവും നീണ്ടുപോവുകയായിരുന്നു.









