ദിലീപിനെ കുടുക്കാന്‍ പൊലീസ് ഗൂഢാലോചന; കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയെന്ന് ബി. രാമന്‍ പിള്ളയുടെ ആരോപണം

കൊച്ചി: നടന്‍ ദീലിപിനെതിരെ നടന്നത് ആസൂത്രിതമായ പോലീസ് ഗൂഢാലോചനയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് ശേഷം ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ ദിലീപിനെ പ്രതിയാക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നത് വ്യക്തമാണ്. ഇതിനൊപ്പം അവരുടെ സംഘവും നിലനിന്നു. കേസില്‍ ദിലീപിന്റെ പങ്കെന്നത് പോലീസ് നിര്‍മിത കഥ മാത്രമാണ്. ഇക്കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചു.

പോലീസ് ഹാജരാക്കിയ തെളിവുകളില്‍ മിക്കതും പോലീസ് കെട്ടിച്ചമച്ചതാണ്. പോലീസ് കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പലതും കൃത്യമമായി കെട്ടിച്ചമച്ചതാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞു.ജയില്‍ റെക്കോര്‍ഡ്, ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ ഇതിനുദ്ദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് ഹാജരാക്കിയ പല സാക്ഷികളുടെയും വിശ്വാസത്യയെ ചോദ്യം ചെയ്യാനും സാക്ഷിവിസ്താരത്തില്‍ കഴിഞ്ഞു. തൃശൂര്‍ രാമവര്‍മ്മ ക്ലബ്ബില്‍ ദിലീപിനൊപ്പം പള്‍സര്‍ സുനിയെ കണ്ടെന്ന് മൊഴി നല്‍കിയ വാസുദേവന്റെ മൊഴി തെറ്റാണെന്ന് തെളിയിക്കാനായി. ഇതിനൊപ്പം അനീഷെന്ന് പോലീസുകാരന്റെ ഡ്യൂട്ടി സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങളും കൃതമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചു.

കോടതി വിധി വന്നതിന് ശേഷം നടന്‍ ദിലീപ് അഡ്വ. ബി രാമന്‍ പിള്ളയെ വീട്ടിലെത്തി കണ്ടപ്പോള്‍. അഭിഭാഷകരായ മഹേഷ് ഭാനു, റസ്സല്‍ തുടങ്ങിയവര്‍ സമീപം (Express Photo)
തന്റെ അഭിഭാഷക ജീവിതത്തില്‍ ഇത്രയധികം കെട്ടിച്ചമച്ച ഒരു കേസ് കണ്ടിട്ടില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ രാമന്‍ പിള്ള പറഞ്ഞു. വിധിപകര്‍പ്പിന്റെ പൂര്‍ണ രൂപം ലഭിച്ചിട്ടില്ലെന്നും വിധി പഠിച്ചതിന് ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും രാമന്‍ പിള്ള പറഞ്ഞു.

മെഗാ സീരിയലിനെ വെല്ലുന്ന കഥയാണ് ദിലീപിനെതിരെ പോലീസ് കെട്ടിച്ചമച്ചതെന്ന് ദിലീപ് അഭിഭാഷകന്‍ കൂടിയായ ഫിലിപ്പ് ടി വര്‍ഗീസ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പ്രതികരിച്ചു. നടിയെ ആക്രമിക്കാന്‍ 2013-ല്‍ ദിലീപ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. 2017-ലാണ് ഇത് നടപ്പിലാക്കിയത്. അഞ്ച് കൊല്ലമെടുത്ത് ഒരു ക്വട്ടേഷന്‍ നടപ്പിലാക്കിയെന്ന് പള്‍സര്‍ സുനിയുടെ വാദം തന്നെ കളവാണെന്ന് സംശയാസ്പദമായി തെളിയിക്കാന്‍ കഴിഞ്ഞു.

ആദ്യ തിരക്കഥ പൊളിയുമെന്ന് കണ്ടപ്പോള്‍ പോലീസ് ആസൂത്രിതമായി രംഗത്തിറക്കിയതാണ് ബാലചന്ദ്ര കുമാറിനെ. ദിലീപിനെതിരെ ബാലചന്ദ്രകുമാറും പോലീസും നടത്തിയ ഗൂഡാലോചന കോടതിയില്‍ തെളിയിക്കാനായതും നിര്‍ണായകമായെന്ന് അഡ്വ.ഫിലിപ്പ് ടി വര്‍ഗീസ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കാട്ടിയാണ് എറണാകുളം സെഷന്‍സ് കോടതി ദിലീപിനെ വെറുതെ വിട്ടത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു നടന്‍ ദിലീപ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയില്‍ ഡിസംബര്‍ 12ന് വാദം നടക്കും.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസില്‍ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പള്‍സര്‍ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.