തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് പിന്നാലെ ഭാഗ്യലക്ഷമി ഫെഫ്കയില്‍ നിന്ന് രാജിവെച്ചു
കൊച്ചി: കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപിനെ ഫെഫ്കയില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഡംബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷമി സംഘടനയില്‍ നിന്ന് രാജിവെച്ചു. ഫെഫ്കയുടെ നിയമാവലിക്ക് വിരുദ്ധമാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്ന് ഭാഗ്യലക്ഷമി ആരോപിച്ചു.
ഫെഫ്കയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും ഭാഗ്യലക്ഷമി ഉന്നയിച്ചു. ഇനി ഒരു സംഘടനയിലും അംഗമാകാന്‍ താനില്ലെന്നും നടിയെ അക്രമിച്ച കേസില്‍ അന്തിമ വിധി വന്ന രീതിയിലാണ് സംഘടനയിലെ ചിലരുടെ മനോഭാവമെന്നും ഭാഗ്യലക്ഷമി പ്രതികരിച്ചു. അതീജീവിതയുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ പോലും സംഘടനയുടെ തലപ്പുത്തുള്ളവര്‍ക്ക് മനസ്സിലാകില്ലെന്നും ഭാഗ്യലക്ഷമി തുറന്നടിച്ചു.
നടിയെ ക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിന്റെ അംഗത്വം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാന്‍ ആവശ്യപ്പെടുമെന്ന് നേരത്തെ ഫെഫ്കജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
‘ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ കുറ്റാരോപിതനായ പശ്ചാത്തലത്തില്‍ ദിലീപിനെ അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തനായി മാറിയിരിക്കുകയാണ്. ആ സാഹചര്യത്തില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ അംഗത്വത്തെ സംബന്ധിച്ച തുടര്‍നടപടികള്‍ എന്തായിരിക്കണമെന്ന് ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഡയറക്ടേഴ്സ് യൂണിയന്‍ തീരുമാനമെടുക്കും’- ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കി. ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പിടി കുഞ്ഞുമുഹമ്മദിനെതിരായ ഇമെയില്‍ സന്ദേശം കിട്ടിയ ഉടനെ കൈമാറിയിട്ടുണ്ടെന്നും അതില്‍ കാല താമസം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.









