വിപ്ലവ മാറ്റവുമായി ഓസിസ്: 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരു കുറഞ്ഞ പ്രായപരിധി നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ ഇന്നത്തോടെ മാറും. ഇതോടെ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്പ് എന്നിലയിലായുള്ള ഒരു ദശലക്ഷത്തിലധികം വരുന്ന 16 വയസില്‍ താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ ആണ് ബ്ലോക്ക് ചെയ്യപ്പെടാന്‍ പോകുന്നത്. ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന് ഈ നയത്തിന്റെ പേരില്‍ പല വമ്പന്‍ ടെക്ക് കമ്പനികളില്‍ നിന്നും വിമര്‍ശനം നേരിട്ടു. എന്നാല്‍ രാജ്യത്തെ നിരവധി മാതാപിതാക്കളുടെ പിന്തുണ ലഭിച്ചതോടെ ഈ നിയമം നടപ്പിലാക്കുകയാണ്.

ഓണ്‍ലൈന്‍ സുരക്ഷാ ഭേദഗതി ആക്ടിലൂടെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കുന്ന നിയമം നടപ്പിലാക്കുന്നത്. 16 വയസില്‍ താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ അതാത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കണ്ടെത്തി റിമൂവ് ചെയ്യുകയോ ഡീആക്ടിവേറ്റ് ചെയ്യുകയോ വേണം എന്നാണ് ഓസീസ് ലെജിസ്ലേറ്റീവ് പാസാക്കിയ ഈ ആക്ടില്‍ വ്യക്തമാക്കുന്നത്. മാത്രമല്ല 16 വയസില്‍ താഴെയുള്ളവര്‍ക്ക് അക്കൗണ്ട് ആരംഭിക്കുന്നത് തടയാന്‍ വേണ്ട നടപടികളും ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സ്വീകരിക്കണം.

പ്രായപരിധിയില്‍ പെടാത്തവരുടെ അക്കൗണ്ടുകള്‍ കാരണമില്ലാതെ റിമൂവ് ചെയ്യപ്പെടുന്ന സാഹചര്യം ഈ പ്ലാറ്റ്‌ഫോമുകള്‍ ഒഴിവാക്കുകയും വേണം. ഈ നടപടിക്കെതിരെ ടെക് ലോകത്ത് നിന്ന് വലിയ പ്രതിഷേധം ആണ് ഉയര്‍ന്നത്. എന്നാല്‍ 16 വയസില്‍ താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ മെറ്റ പിന്‍വലിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

നിയമം നിലവില്‍ വന്നതിന് ശേഷം 16 വയസില്‍ താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ ഈ 16 വയസില്‍ താഴെയുള്ളവര്‍ക്ക് ശിക്ഷയൊന്നും ലഭിക്കില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് 33 മില്യണ്‍ ഡോളര്‍ വരെ പിഴ ചുമത്തപ്പെടും.

‘സോഷ്യല്‍ മീഡിയാ ലോകത്തേക്ക് കടക്കുന്നത് മൂലമുണ്ടാവുന്ന സമ്മര്‍ദങ്ങളില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും കൗമാരക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നിയമം എന്നണ് ഓസ്‌ട്രേലിയന്‍ ഭരണകൂടം പറയുന്നത്. സ്‌ക്രീനിന് മുന്‍പില്‍ കൂടുതല്‍ സമയം അവരെ സോഷ്യല്‍ മീഡിയ പിടിച്ചിരുത്തുകയും അവരുടെ ആര്യോഗ്യത്തെ തന്നെ അത് ബാധിക്കുകയും ചെയ്‌തേക്കും. ഓസ്‌ട്രേലിയയിലെ കൗമാര താരങ്ങളില്‍ പകുതിയോളം പേര്‍ സൈബര്‍ ബുള്ളിയിങ്ങിന് ഇരയാവുന്നതായാണ് ഒരു സര്‍ക്കാര്‍ റെഗുലേറ്റര്‍ നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയത്.

എന്നാല്‍ ഡേറ്റിങ് വെബ്‌സൈറ്റുകള്‍, ഗേയിമിങ് പ്ലാറ്റ്‌ഫോമുകള്‍, എഐ ചാറ്റ്‌ബോട്ടുകള്‍ എന്നിവ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിയമത്തിനെതിരെ ടെക്ക് കമ്പനികളെ കൂടാതെ ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിലക്കുന്നതിലൂടെ ഇവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് ഇല്ലാതാക്കുന്നത് എന്ന് ഓസീസ് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക്, കിക്ക്, റെഡ്ഡിറ്റ്, സ്‌നാപ്പ്ചാറ്റ്, ത്രെഡ്‌സ്, ടിക്ടോക്,എക്‌സ്, യൂട്യൂബ് എന്നിവര്‍ ഡിസംബര്‍ 10 മുതല്‍ ഓസ്ട്രേലിയയിലെ 16 വയസില്‍ താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. സാഹചര്യം മാറുന്നതിനനുസരിച്ചും യുവ ഉപയോക്താക്കള്‍ നിലവില്‍ ഉള്‍പ്പെടാത്ത മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് കൂട്ടത്തോടെ തിരിയുകയാണെങ്കില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഈ ലിസ്റ്റില്‍ മാറ്റം വരുത്തും.

വിദ്യാഭ്യാസപരമായ മൂല്യം ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ തുടക്കത്തില്‍ യുട്യൂബിന് ഈ നിയമത്തില്‍ നിന്ന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ കുട്ടികളിലേക്ക് ദോഷകരമായ ഉള്ളടക്കങ്ങള്‍ ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പ്ലാറ്റ്ഫോം ഇതാണെന്ന് ഒരു പ്രധാന റെഗുലേറ്റര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2025 ജൂലൈയില്‍ ഈ ഇളവ് പിന്‍വലിച്ചു.

കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ള സമ്മര്‍ദങ്ങളിലേക്കും വെല്ലുവിളികളിലേക്കും ഈ സോഷ്യല്‍ മീഡിയ ഉപയോഗം വഴി എത്തിപ്പെടും എന്നാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിനറെ വാദം. സൈബര്‍ ബുള്ളിയിങ്, സ്റ്റോല്‍ക്കിങ്, ഗ്രൂമിങ്, വിദ്വേഷം നിറഞ്ഞ കണ്ടന്റുകള്‍ എന്നിവയ്‌ക്കെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗം കാരണമാവും.

ഓണ്‍ലൈന്‍ സുരക്ഷയ്ക്കായുള്ള ഓസ്ട്രേലിയന്‍ റെഗുലേറ്ററായ ‘eSafety’ 2024 ഡിസംബറിനും 2025 ഫെബ്രുവരി മാസത്തിനും ഇടയില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് നാല് കുട്ടികളില്‍ എടുത്താല്‍ മൂന്ന് പേര്‍ (74 ശതമാനം) ഓണ്‍ലൈനില്‍ ദോഷകരമായ ഉള്ളടക്കങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ്.

അഞ്ച് കുട്ടികളെടുത്താല്‍ മൂന്ന് പേര്‍ (60%) ഓണ്‍ലൈന്‍ വിദ്വേഷം കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം നാല് കുട്ടികളെടുത്താല്‍ അവരില്‍ ഒന്നിലധികം പേര്‍ (27 ശതമാനം) ഇത് നേരിട്ട് അനുഭവിക്കുകയും ചെയ്തു.

കമ്പനികള്‍ നിയമം അനുസരിക്കുന്നുണ്ടെങ്കിലും കൂടിയാലോചനാ ഘട്ടത്തില്‍ അവര്‍ നിയമം നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഈ നിയമത്തിലൂടെ കുട്ടികള്‍ അക്കൗണ്ടില്ലാതെ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോള്‍ കുട്ടികളെ സംരക്ഷിക്കാന്‍ നിര്‍മ്മിച്ചിട്ടുള്ള പാരന്റല്‍ കണ്‍ട്രോളുകളും സുരക്ഷാ ഫില്‍ട്ടറുകളും ഇല്ലാതാവുന്നു എന്നാണ് യുട്യൂബ് വാദിച്ചത്.

ഓണ്‍ലൈനില്‍ യുവാക്കളെ കൂടുതല്‍ സുരക്ഷിതരാക്കുക, സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ പിന്തുണയ്ക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ നിയമം പരാജയപ്പെടും എന്നാണ് മെറ്റ പ്രതികരിച്ചത്.

കൗമാരക്കാരെ അവരുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അകറ്റുന്നത് അവരെ സുരക്ഷിതരാക്കില്ല എന്നാണ് സ്‌നാപ്പിന്റെ പ്രതികരണം. പകരം സുരക്ഷ കുറഞ്ഞതും സ്വകാര്യത കുറഞ്ഞതുമായ സന്ദേശമയയ്ക്കല്‍ ആപ്പുകളിലേക്ക് അവരെ തള്ളിവിട്ടേക്കാം എന്ന് സ്നാപ് വ്യക്തമാക്കി.

കുട്ടികളുടെയും യുവാക്കളുടെയും മനുഷ്യാവകാശങ്ങളില്‍ ഈ നിയമം ചെലുത്താന്‍ സാധ്യതയുള്ള സ്വാധീനത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് എക്സ് പറഞ്ഞു. ഇത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിവരങ്ങള്‍ അറിയാനുള്ള അവകാശത്തിനും എതിരാകാന്‍ സാധ്യതയുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.