24 കാട്ടു മുയലുകള്‍ ആയിരം കോടി മുയലുകള്‍ ആയി മാറിയ പ്രതിഭാസം

ഒന്നര നൂറ്റാണ്ടു മുന്‍പ് ഓസ്ട്രേലിയയെ വിറപ്പിച്ച ഒരു ജീവിയാണ് മുയല്‍. ഏവരും ഏറെ ലാളിച്ചു വളര്‍ത്തുന്ന ഈ കുഞ്ഞു ജീവി ഒരു രാജ്യത്തിനെ തന്നെ പതിറ്റാണ്ടുകളോളം വിറപ്പിച്ചു നിര്‍ത്തിയ കഥ ചിലര്‍ക്ക് എങ്കിലും അറിയാമായിരിക്കും. ഒരു രാജ്യത്തെയാകെ കാട്ടുമുയലുകള്‍ ഭയപ്പെടുത്തിയ ആ സംഭവത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. നാഷനല്‍ അക്കാദമി ഓഫസ് സയന്‍സസില്‍ നടന്ന പുതിയ പഠനം ആ മുയല്‍ പ്രതിസന്ധിയുടെ കാരണങ്ങളാണ് അടയാളപ്പെടുത്തുന്നത്. ബ്രിട്ടീഷുകാരനായ ഒരാള്‍ മെല്‍ബണിലെ തന്റെ ഫാമിലേക്ക് കൊണ്ടുവന്ന 24 ബ്രിട്ടീഷ് കാട്ടുമുയലുകളാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകനായ ജോയല്‍ ആല്‍വ്സും സംഘവും നിരവധി രേഖകള്‍ പരിശോധിച്ച ശേഷം കണ്ടെത്തിയത്.

ബ്രിട്ടനില്‍ നിന്നെത്തിയ ഈ കാട്ടുമുയലുകള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ അധിനിവേശ ജനുസ്സുകളായിരുന്നു മറ്റ് പല അധിനിവേശ ജനുസ്സുകളെയും പോലെ, ഓസ്ട്രേലിയയില്‍ എത്തിയ ഈ കാട്ടുമുയലുകളും നേരിട്ടത് സവിശേഷമായ സാഹചര്യമാണ്. അതിനെ തിന്നാന്‍ അവിടെ ഒരു ജീവിയുമുണ്ടായിരുന്നില്ല. അവയെ ഇരകളാക്കാന്‍ മൃഗങ്ങളില്ലാത്ത സാഹചര്യത്തില്‍ അവ പെറ്റുപെരുകുകയായിരുന്നു. ആസ്ട്രേലിയയില്‍ അത്തരത്തില്‍ കൃഷി ചെയ്യാനായി എത്തിയ ഒരു യൂറോപ്യന്‍ ആയിരുന്നു തോമസ് ഓസ്റ്റിന്‍ എന്ന കൃഷിക്കാരന്‍ . 1859-ലാണ് ഇയാള്‍ ഓസ്ട്രേലിയില്‍ എത്തുന്നത്. അവിടെ ഏക്കര്‍ കണക്കിന് കൃഷിഭൂമി സ്വന്തമാക്കിയ അയാള്‍ വിശ്രമവേളകളിലെ വിനോദത്തില്‍ വേട്ടയാടി രസിക്കാന്‍ 24 കാട്ടുമുയലുകളെ തന്റെ കൃഷിയിടത്തില്‍ കൊണ്ടുവന്നു വിട്ടു. ആ ഭൂമിയില്‍ അവയെ ബാധിക്കുന്ന ഒരു രോഗാണുക്കള്‍ പോലും ഉണ്ടായിരുന്നില്ല.

അതോടെ ആ മുയലുകള്‍ അവിടെ പെറ്റു പെരുകി. ഒരു വര്‍ഷം കൊണ്ട് അവ ഓസ്റ്റിന്റെ കൃഷിഭൂമിയിലെ മുഴുവന്‍ പച്ചപ്പും തിന്നു തീര്‍ത്തു. ഒരു മുയല്‍ പ്രളയം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അവസ്ഥയിലേക്ക് നാടെത്തി. കൃഷിഭൂമികള്‍ സര്‍വ്വതും അവ തിന്ന് തീര്‍ത്തു. ഒരു വര്‍ഷം 15 കിലോമീറ്റര്‍ എന്നതോതില്‍ മുയല്‍പ്പട വളര്‍ന്നുകൊണ്ടേയിരുന്നു. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. അങ്ങനെ 30 വര്‍ഷം കൊണ്ട് ഓസ്ട്രേലിയയുടെ ഒരു ഭൂപ്രദേശം മുഴുവന്‍ ഒരു പുല്ലുപോലും മുളക്കാത്ത തരിശുനിലങ്ങളായി മാറി.
1920 ആയപ്പോഴേക്കും ഓസ്ട്രേലിയയിലെ കാട്ടുമുയലുകളുടെ എണ്ണം ആയിരം കോടി കവിഞ്ഞു. പടിഞ്ഞാറന്‍ഭാഗത്ത് അവശേഷിക്കുന്ന കൃഷിഭൂമികള്‍ എങ്കിലും സംരക്ഷിക്കണമെന്ന് ഉദ്ദേശത്തോടെ വര്‍ഷങ്ങള്‍ എടുത്തു പണിതീര്‍ത്തതാണ് റാബിറ്റ് പൂഫ് ഫെന്‍സ് . പക്ഷേ അതും വിജയം കണ്ടില്ല അതിനു മുന്‍പേ മുയല്‍ പട പടിഞ്ഞാറന്‍ ഭാഗവും കീഴടക്കി കഴിഞ്ഞിരുന്നു.

അവസാനം തെക്കേ അമേരിക്കയില്‍ വളര്‍ത്തു മുയലുകളില്‍ വ്യാപകമായി രക്തസ്രാവവും മരണവും പടര്‍ത്തിയ മൈക്ക്സോമ വൈറസിനെ കുറിച്ച് അറിയുകയും ആ വൈറസിനെ കൊണ്ടുവന്ന് ഓസ്ട്രേലിയയില്‍ വിഹരിച്ച മുയലുകളെ വരുതിയിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 1950-ല്‍ ആ വൈറസിനെ തെക്കേ അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്തു. ആ ശ്രമം വിജയം കണ്ടു. രോഗം ബാധിച്ച കാട്ടുമുയലുകള്‍ വ്യാപകമായി ചത്തു തുടങ്ങി. ഏതായാലും 24 മുയലുകള്‍ ആരംഭിച്ച ആ സംഹാരതാണ്ഡവത്തിന് അതോടെ അറുതിയായി. ഇതൊക്കെ നടന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇന്നും മുയലുകള്‍ എന്ന് കേട്ടാല്‍ പഴയ ആള്‍ക്കാര്‍ ഒന്ന് ഭയക്കും.