വളര്‍ച്ചയുടെ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി മലയാളി ലോ-എന്‍ഫോഴ്സ്മെന്റ് സംഘടന; വാര്‍ഷിക വിരുന്നില്‍ നിയമപാലക പ്രതിഭകളെ ആദരിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യൂണൈറ്റഡ് (AMLEU) തങ്ങളുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രൗഢഗംഭീരമായ അത്താഴ വിരുന്ന് സംഘടിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംഘടന കൈവരിച്ച വളര്‍ച്ച, കരുത്തുറ്റ നേതൃത്വം, സമൂഹത്തിന് നല്‍കിയ സേവനം എന്നിവ വിളിച്ചോതുന്നതായിരുന്നു ഈ സംഗമം.

വിശിഷ്ട നിയമപാലക നേതാക്കളെയും, കമ്മ്യൂണിറ്റിക്ക് വിലപ്പെട്ട പിന്തുണ നല്‍കിയ പങ്കാളികളെയും ചടങ്ങില്‍ ആദരിച്ചു. നിയമനിര്‍വ്വഹണ മേഖലയിലെ പ്രൊഫഷണലുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിവിധ കമ്മ്യൂണിറ്റി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി, ഐക്യത്തിന്റെയും മലയാളി നേട്ടങ്ങളുടെയും പ്രതീകമായി ഈ വേദി മാറി.

ലോ-എന്‍ഫോഴ്സ്മെന്റ് സംഘടനയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വളര്‍ച്ചയെപറ്റി, പ്രസിഡന്റ് നിധിന്‍ എബ്രഹാം സംസാരിച്ചു. ചെറിയ പിന്തുണ കൂട്ടായ്മയില്‍ നിന്ന് ദേശീയ തലത്തിലുള്ള ഒരു പ്രസ്ഥാനമായി AMLEU മാറിയതായി അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ്, പരസ്പരം താങ്ങും തണലുമാകാന്‍ ശ്രമിച്ച ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു സംഘടനയില്‍. ഇന്ന് ഞങ്ങള്‍ ഞങ്ങള്‍ ഒരു സംഘടനയേക്കാള്‍ ഉപരി അഭിമാനം, പ്രതിരോധശേഷി, സേവനം എന്നിവയില്‍ കെട്ടിപ്പടുത്ത ഒരു ദേശീയ കുടുംബമാണ്. അദ്ദേഹം പറഞ്ഞു.

പ്രതിബദ്ധതയ്ക്കു നിയമപാലകാര്‍ക്ക് ആദരവ് :

എഫ്ബിഐ ബാള്‍ട്ടിമോര്‍ ഫീല്‍ഡ് ഓഫീസിന്റെ സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് (SAC) എന്ന ഉന്നത പദവിയില്‍ നിയമിതനായ ജിമ്മി പോള്‍, അദ്ദേഹത്തിന്റെ അസാധാരണ നേതൃത്വത്തിനും പൊതുസേവനത്തിലുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരിക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനാണ്.

ഡെപ്യൂട്ടി ചീഫ് ഷിബു ഫിലിപ്പോസിനെ, ദീര്‍ഘകാലമായുള്ള അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും സമൂഹത്തോടുള്ള ആജീവനാന്ത സേവനത്തിനും പ്രത്യേകം ആദരിച്ചു.

നിയമപാലന രംഗത്തിനപ്പുറം, സാമൂഹ്യ ഇടപെടലുകളിലൂടെ മികച്ച സ്വാധീനം ചെലുത്തിയ സ്ഥാപനങ്ങളെയും മറ്റു പ്രമുഖ വ്യക്തികളെയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി.

AMLEU കമ്മ്യൂണിറ്റിക്കുള്ള പിന്തുണ പരിഗണിച്ച് സ്‌പെക്ട്രം ഓട്ടോയ്ക്ക് പില്ലര്‍ ഓഫ് ഗുഡ്വില്‍ അവാര്‍ഡ് സമ്മാനിച്ചു. നിസ്വാര്‍ത്ഥമായ കാരുണ്യത്തിനും ദുരിതമനുഭവിക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലെ സമര്‍പ്പണത്തിനും മുഹമ്മദ് ആമേന് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കുകയുണ്ടതായി. കൂടാതെ, ന്യൂയോര്‍ക്ക് സംസ്ഥാനത്തുടനീളമുള്ള ഏഷ്യന്‍ അമേരിക്കന്‍, പസഫിക് ഐലന്‍ഡ് കമ്മ്യൂണിറ്റികളില്‍ ശ്രദ്ധേയമായ നേതൃത്വം നല്‍കുന്ന സിബു നായര്‍ക്ക് AAPI ലീഡര്‍ഷിപ്പ് അവാര്‍ഡു നല്‍കി.

മറ്റുള്ളവര്‍ക്ക് അവസരമൊരുക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന നേതൃത്വത്തെ അംഗീകരിക്കു ലോ-എന്‍ഫോഴ്സ്മെന്റ് സംഘടനയുടെ കാഴ്ചപ്പാടാണ് ഈ ആദരവുകള്‍ക്ക് പിന്നില്‍.
വ്യക്തിഗതമായ നേട്ടങ്ങളല്ല മറിച്ചു സ്വപ്നങ്ങളുമായി അമേരിക്കന്‍ മണ്ണിലെത്തിയ നമ്മുടെ മാതാപിതാക്കള്‍ക്കും, ഇപ്പോള്‍ തങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കളെ കാണുന്ന നമ്മുടെ കുട്ടികള്‍ക്കും ലഭിച്ച വിജയമാണിത്. ലഫ്റ്റനന്റ് നിധിന്‍ എബ്രഹാം കൂട്ടിച്ചേര്‍ത്തു.

AMLEU സ്ഥാപിതമാകുന്നതിന് വളരെ മുന്‍പ് തന്നെ നിയമപാലന മേഖലയില്‍ വഴി തുറന്ന മുന്‍ഗാമികളെയും അദ്ദേഹം ആദരവോടെ സ്മരിച്ചു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സല്‍ സേവാങ് ഗ്യാല്‍ത്സെന്‍, പോര്‍ട്ട് അതോറിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ഗ്ലോറിയ ഫ്രാങ്ക് എന്നിവര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യം പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം വിളിച്ചോതി.

മാര്‍ഗ്ഗനിര്‍ദ്ദേശം, നേതൃത്വപരമായ കഴിവുകള്‍ വികസിപ്പിക്കല്‍, നിസ്വാര്‍ത്ഥ സേവനം എന്നിവയ്ക്കുള്ള പ്രതിബദ്ധതയില്‍ AMLEU തുടര്‍ന്നും ഉറച്ചുനില്‍ക്കുമെന്നും പ്രസിഡന്റ് നിധിന്‍ എബ്രഹാം പറഞ്ഞു.

സ്പെക്ട്രം ഓട്ടോ പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്നു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും AMLEU നന്ദി രേഖപ്പെടുത്തി. AMLEU ട്രഷറര്‍ സാര്‍ജന്റ് ബ്ലെസ്സന്‍ മാത്യു പ്രധാന സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു. AMLEU-വിന്റെ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി ചീഫുമായ ഷിബു ഫിലിപ്പോസ് ഹൃദയസ്പര്‍ശിയായ നന്ദിപ്രസംഗം നടത്തി. ചടങ്ങുകളുടെ ഏകോപനത്തിന് നോബിള്‍ വര്‍ഗ്ഗീസ് നേതൃത്വം നല്‍കി. ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പം അദ്ദേഹം പരിപാടിയുടെ കോര്‍ഡിനേറ്ററായും നിങ്ങള്‍ പ്രവര്‍ത്തിച്ചു.

മലയാളി ലോ-എന്‍ഫോഴ്സ്മെന്റിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍ :
പ്രസിഡന്റ് – ലഫ്റ്റനന്റ് നിധിന്‍ എബ്രഹാം,
വൈസ് പ്രസിഡന്റ് – ചീഫ് ഷിബു ഫിലിപ്പോസ്,
സെക്രട്ടറി – ലഫ്റ്റനന്റ് നോബിള്‍ വര്‍ഗ്ഗീസ്,
ട്രഷറര്‍ – സര്‍ജന്റ് ബ്ലെസ്സന്‍ മാത്യു,
സാര്‍ജന്റ് അറ്റ് ആംസ് – ഡാനി സാമുവല്‍ എന്നിവര്‍

ലഫ്റ്റനന്റ് നിധിന്‍ എബ്രഹാം , ലഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ്, സര്‍ജന്റ് ബ്ലെസ്സന്‍ മാത്യു എന്നിവരായിരുന്നു പരിപാടിയുടെ വിജയത്തിന് പിന്നില്‍.