അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡിന്റെ ഓണാഘോഷം ശ്രദ്ധേയമായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഫിലാഡല്‍ഫിയ: അമേരിക്കയിലെ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് (AMLEU) വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്നാണ് സംഘടനയിലെ അംഗങ്ങളും കുടുംബാങ്ങളും ഓണാഘോഷത്തിനായി ഒത്തുകൂടിയെന്നതും പ്രത്യേകതയായി.

ഫിലാഡല്‍ഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയല്‍ ഡെയ്ല്‍സ്, ഗാര്‍ലന്‍ഡ് ഡാളസ് – മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. ഷിബു സാമുവല്‍, മിസ് സ്റ്റാറ്റന്‍ ഐലന്‍ഡ് മീര മാത്യു, ഫിലാഡല്‍ഫിയ മേയര്‍ സ്ഥാനാര്‍ത്ഥി ഡേവിഡ് ഓ, ഡബ്ല്യുഎംസി ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മുട്ടക്കല്‍ എന്നിവര്‍ വിവിധ നഗരങ്ങളില്‍ നിന്ന് മുഖ്യാതിഥികളായി എത്തി ചടങ്ങിനെ ധന്യമാക്കി.

അമേരിക്കയിലുടെനീളം വിവിധ നിയമ നിര്‍വ്വഹണ വകുപ്പുകളെ പ്രതിനിധീകരിക്കുകയും വ്യത്യസ്ത പദവികള്‍ അലങ്കരിക്കുകയും ചെയ്യുന്ന 155-ലധികം മലയാളി ഓഫീസര്‍മാരുടെ അംഗത്വമാണ് AMLEU സംഘടനക്കു ശക്തി പകരുന്നത്.

നേതൃത്വം: പ്രസിഡന്റ്: ലഫ്റ്റനന്റ് നിധിന്‍ എബ്രഹാം (ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്), വൈസ് പ്രസിഡന്റ്: ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ഷിബു സാമുവല്‍ (ടകോമ പാര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്), സെക്രട്ടറി: ലഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ് (NY – NJ പോര്‍ട്ട് അതോറിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ്), ട്രഷറര്‍: കോര്‍പ്പറല്‍ ബ്ലെസന്‍ മാത്യു (ഫിലാഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്മെന്റ്), സര്‍ജന്റ്-അറ്റ്-ആംസ്: ഡാനി സാമുവല്‍ – സൂപ്പര്‍വൈസറി സ്‌പെഷ്യല്‍ ഏജന്റ് – NY ഫീല്‍ഡ് ഓഫീസ് എന്നിവരാണ് അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡിനു ചുക്കാന്‍ പിടിക്കുന്നത്.

വിവിധ സംഘടനകളില്‍ നിന്നുള്ള നിരവധി എക്സിക്യൂട്ടീവ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മലയാളി സംഘടനകളുമായുള്ള AMLEU ന്റെ സജീവമായ സഹകരണവും നേതൃത്വം വാഗ്ദാനം ചെയ്തു. കമ്മ്യൂണിറ്റിയില്‍ നിയമപാലകരുടെ പിന്തുണ വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും ആഘോഷവേളയില്‍ സേനാ അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി.