ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതികരിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: അയല്‍രാജ്യമായ ബംഗ്ലാദേശിലുടനീളം നടമാടുന്ന കലാപത്തില്‍ മുസ്‌ളീം മതഭ്രാന്തന്മാരുടെ കൈകളാല്‍ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതികരിച്ച് ശശി തരൂര്‍

”സഹിക്കാനാവാത്ത ദാരുണമായ ഒരു സംഭവം. കുറ്റവാളികളുടെ കൈകളാല്‍ ഒരു പാവപ്പെട്ട ഹിന്ദു യുവാവിനെ നഷ്ടപ്പെട്ടതില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ തന്നെ, ബംഗ്ലാദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ അഭിനന്ദിക്കുന്നു, പക്ഷേ കൊലപാതകികളെ ശിക്ഷിക്കാന്‍ അവര്‍ എന്താണ് ചെയ്യുന്നതെന്നും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും ഞാന്‍ അവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു ‘. ശശി തരൂര്‍ എക്സില്‍ കുറിച്ചു.

ബംഗ്ലാദേശിലെ അക്രമങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം എന്ന് മറ്റൊരു പോസ്റ്റില്‍ ശശി തരൂര്‍ പറഞ്ഞു : ‘ ബംഗ്ലാദേശിലെ പ്രമുഖ പത്രങ്ങള്‍ക്ക് നേരെയുണ്ടായ ജനക്കൂട്ട ആക്രമണങ്ങളും തീവയ്പ്പും ആശങ്കാജനകമാണ് . തുടര്‍ച്ചയായ അക്രമങ്ങള്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം . ഈ സാഹചര്യം ജനാധിപത്യത്തിന് നല്ലതല്ല . ഇടക്കാല സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും എംബസികളെയും സംരക്ഷിക്കുകയും സംഭാഷണത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കുകയും വേണം . നാം സമാധാനവും സ്ഥിരതയും ഉറപ്പാക്കണം , ‘ അദ്ദേഹം പറഞ്ഞു .

ഇന്ത്യയുടെ കടുത്ത വിമര്‍ശകനായിരുന്ന മുസ്‌ളീം തീവ്രവാദി ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ബംഗ്ലാദേശില്‍ സംഘര്‍ഷം ഉടലെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഡെയ്ലി സ്റ്റാര്‍, പ്രോതോം അലോ തുടങ്ങിയ ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെയും ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ വീടായ 32 ധന്‍മാണ്ടിയുടെ പൊളിച്ചുമാറ്റിയത്തിന്റെ ബാക്കി ഭാഗത്തെയും പ്രതിഷേധക്കാര്‍ ആക്രമിച്ചു . നിരവധി വീടുകളും കെട്ടിടങ്ങളും ഇസ്ലാമിക വാദികള്‍ തകര്‍ത്തു. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും തീവെപ്പും ആക്രമണവും ഉണ്ടായി.

ബംഗ്ലാദേശിലെ മൈമെന്‍സിങ്ങ് പട്ടണത്തില്‍ ഒരു ഹിന്ദു യുവാവിനെ അക്രമികള്‍ അടിച്ചുകൊന്ന ശേഷം മൃതദേഹം ഒരു മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു .ഒരു പ്രാദേശിക ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ദിപു ചന്ദ്രദാസിനെയാണ് കലാപകാരികള്‍ അടിച്ചുകൊന്നത്. പിന്നീട് ആ യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം കത്തിക്കുകയായിരുന്നു.