മലയാളം ഒന്നാംഭാഷയാക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പുമായി സിദ്ധരാമയ്യ: സര്‍ക്കാരുകള്‍ ഇടയുന്നു
ബെംഗളുരു: കേരളത്തില്‍ കന്നഡ മാധ്യമമായിട്ടുള്ള വിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ രംഗത്ത്. നീക്കത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്‍മാറണമെന്നും കര്‍ണാടക ആവശ്യപ്പെട്ടു.
2025ല്‍ കേരള നിയമസഭ പാസാക്കിയ മലയാളം ഭാഷാ ബില്ലിലാണ് കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കണമെന്ന നിബന്ധന മുന്നോട്ട് വച്ചിട്ടുള്ളത്. ബില്‍ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയോട് ചേര്‍ന്നുള്ള കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ 202 കന്നഡ മീഡിയം വിദ്യാലയങ്ങളാണ് ഉള്ളത്.
നിര്‍ദ്ദിഷ്ട ബില്‍ ഭാഷാ സ്വാതന്ത്ര്യത്തിന്റെ ഹൃദയം തന്നെ ഇല്ലാതാക്കുമെന്നും കേരളത്തിന്റെ അതിര്‍ത്തി ജില്ലകളുടെ യാഥാര്‍ത്ഥ്യങ്ങളെ തകര്‍ക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ എക്സില്‍ കുറിച്ചു.
അതേസമയം മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിന് എല്ലാ അവകാശങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധരാമയ്യ ഇത്തരം പ്രോത്സാഹനങ്ങള്‍ പക്ഷേ അടിച്ചേല്‍പ്പിക്കല്‍ ആകരുതെന്നും കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് കേരള സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ബില്‍ നിയമമായാല്‍ കര്‍ണാടക ഇതിനെ ഭരണഘടന ഉറപ്പ് നല്‍കുന്ന എല്ലാ അവകാശങ്ങളും ഉപയോഗിച്ച് നഖശിഖാന്തം എതിര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. കാസര്‍കോട്ട് താമസിക്കുന്ന എല്ലാ കന്നഡക്കാര്‍ക്കും ഒപ്പമാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങള്‍ ഭാഷാ സംരക്ഷണ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും സാധി്കകും. അനുച്ഛേദം 350എ മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള അവസരം ഒരുക്കാന്‍ അധികൃതരെ ചുമതലപ്പെടുത്തുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണമാണ് അനുച്ഛേദം 350ബി ഉറപ്പ് നല്‍കുന്നത്. നിര്‍ബന്ധിത ഭാഷാനയങ്ങള്‍ ഈ സംരക്ഷണങ്ങള്‍ക്ക് കടകവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കന്ന, സാംസ്‌കാരിക മന്ത്രി ശിവരാജ് തങ്കഡാഗി ആവശ്യപ്പെട്ടു. കേരളത്തിലെ കന്നഡ മീഡിയം വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഭാഷാ മേധാവിയെ അയക്കണം. വിഷയത്തില്‍ കേരളം കൂടുതല്‍ മുന്നോട്ട് പോകുന്നത് തടയണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്റെ പ്രതിനിധി സംഘം ഉടന്‍ തന്നെ കേരളത്തിലെത്തി മുഖ്യമന്ത്രിയെ കണ്ട് ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിതല പ്രതിനിധി സംഘത്തെ കാസര്‍കോട്ടേക്ക് അയച്ച് അവിടുത്തെ കന്നഡിഗര്‍ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് കന്നഡ അനുകൂല സംഘടനകളും ആവശ്യപ്പെട്ടു.







