വാട്സാപ്പിനും മെറ്റയ്ക്കും നിയമം അനുസരിക്കാനായില്ലെങ്കില്‍ രാജ്യം വിട്ട് പോകട്ടെയെന്ന് സുപ്രീം കോടതി

ഡല്‍ഹി: രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ പരിഹസിക്കുന്ന തരത്തിലാണ് വാട്സാപ്പും മെറ്റാ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതി. പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ കമ്പനികള്‍ രാജ്യം വിട്ടുപോക്കോളൂ എന്നും സുപ്രീം കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട നയത്തില്‍ വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും എതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതി ഉയര്‍ത്തിയത്. സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനുള്ള പരിഷ്‌കൃതമായ മാര്‍ഗമാണിതെന്ന് വിശേഷിപ്പിച്ച കോടതി, രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിച്ചത്.

വാട്സാപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ മെറ്റയും വാട്സാപ്പും സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കുകയായിരുന്നു കോടതി. വിവരങ്ങള്‍ പങ്കുവെക്കില്ലെന്ന് മാനേജ്മെന്റ് സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണോ എന്ന് കോടതി കമ്പനികളോട് ചോദിച്ചു. അല്ലാത്തപക്ഷം വിവരങ്ങള്‍ പങ്കുവെക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിടുമെന്നും മുന്നറിയിപ്പ് നല്‍കി. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി ഫെബ്രുവരി 9-ലേക്ക് മാറ്റിവെച്ചു.

വാട്സാപ്പിന്റെ 2021-ലെ സ്വകാര്യതാ നയത്തെ ഭരണഘടനാ തത്വങ്ങളെ പരിഹസിക്കല്‍ എന്നാണ് കോടതി വിമര്‍ശിച്ചത്. വിപണിയില്‍ വാട്സാപ്പിന് നിലവിലുള്ള കുത്തക അധികാരം ഉപയോഗിച്ച് ഉപയോക്താക്കളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം സമ്മതിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് സിംഹവും ആട്ടിന്‍കുട്ടിയും തമ്മിലുള്ള കരാര്‍ പോലെയാണ്. ഒന്നുകില്‍ വാട്സാപ്പ് ഉപേക്ഷിക്കുക, അല്ലെങ്കില്‍ വിവരങ്ങള്‍ പങ്കുവെക്കുക എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഉപയോക്താക്കള്‍ക്ക് മറ്റ് വഴികളില്ലാത്തതിനാല്‍ നല്‍കുന്ന സമ്മതം നിര്‍മ്മിതമായ സമ്മതം മാത്രമാണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. പൗരന്മാരുടെ സ്വകാര്യത അതീവ ജാഗ്രതയോടെ സംരക്ഷിക്കപ്പെടുന്ന രാജ്യമാണിത്. വിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ അത് വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും ഇതൊരുതരം ഡാറ്റ മോഷണമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത വിധം അതീവ തന്ത്രപരമായ ഭാഷയിലാണ് കമ്പനികളുടെ കരാറുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വാട്ട്സ്ആപ്പ് എന്തിനാണ് പ്രവര്‍ത്തിക്കുന്നത്? ഡാറ്റ ശേഖരിക്കാനോ വില്‍ക്കാനോ പങ്കിടാനോ അല്ല നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സന്ദേശമയയ്ക്കല്‍ ആശയവിനിമയ സേവനങ്ങള്‍ നല്‍കാനാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നതെന്നും,’ കോടതി വ്യക്തമാക്കി.