ജീവനക്കാരെ വീണ്ടും പിരിച്ചുവിടാന്‍ മെറ്റാ (ഫേസ്ബുക്ക്) തീരുമാനം

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലാണ് വീണ്ടും കൂട്ട പിരിച്ചുവിടലിനു അരങ്ങൊരുങ്ങുന്നത്. ഈ ആഴ്ചയില്‍തന്നെ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ കഴിഞ്ഞ നവംബര്‍ മാസത്തില്‍ മെറ്റ കമ്പനി 11000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടുതല്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപിരിച്ചുവിട്ടലെന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍നെറ്റ് വര്‍ക്കിങ് കമ്പനിയായ മെറ്റയുടെ വിശദീകരണം. പരസ്യവരുമാനത്തില്‍ ഇടിവ് വന്നതിനെത്തുടര്‍ന്ന് വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമായ മെറ്റാവേഴ്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച മെറ്റ , പിരിച്ചുവിടല്‍ ലിസ്റ്റിലേക്കുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ഡയറക്ടര്‍മാരോടും, വെസ് പ്രസിഡന്റുമാരോടും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പുതുതായി പിരിച്ചുവിടുന്ന ജീവനക്കാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകാമെന്നാണ് ബ്ലും ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കമ്പനിയുടെ കാര്യക്ഷമത നിലനിര്‍ത്താന്‍ മെറ്റ ജീവനക്കാരുടെ എണ്ണം ഇനിയും കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2023 മെറ്റ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന വര്‍ഷമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സക്കര്‍ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെറ്റയുടെ സമീപകാല പ്രകടന അവലോകനം കൂടുതല്‍ പിരിച്ചുവിടലുകളുടെ മുന്നോടിയായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുതിച്ചുയരുന്ന ചെലവുകളും അതിവേഗം ഉയരുന്ന പലിശനിരക്കും കാരണം പരസ്യ ദാതാക്കളും ഉപഭോക്താക്കളും പിന്‍വലിഞ്ഞതോടെ മെറ്റ കനത്ത നഷ്ടമാണ് നേരിട്ടത്. ഒരു കാലത്ത് 1 ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള മെറ്റയുടെ മൂല്യം ഇപ്പോള്‍ 446 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം അവസാനം സോഷ്യല്‍ മീഡിയ ഭീമന്‍ തങ്ങളുടെ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരസ്യ വിപണിയില്‍ നിന്നേറ്റ തിരിച്ചടിയും ചെലവ് ചുരുക്കളുമായിരുന്നു കമ്പനി അന്ന് പറഞ്ഞ കാരണങ്ങള്‍. മെറ്റയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ പിരിച്ചുവിടലുകള്‍ നടന്നത്.