പഷ്തൂണ്‍ ചോദ്യം: അഫ്ഗാന്‍-പാക് യുദ്ധത്തിന്റെ തീപ്പൊരി

ഇസ്ലാമാബാദ്/കാബൂള്‍: പതിറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ തര്‍ക്കം ഒടുവില്‍ ഒരു തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ കാബൂള്‍, പക്തിയ, കാണ്ഡഹാര്‍ എന്നിവിടങ്ങളില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ, പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചു. മതപരമായ സമാനതകള്‍ക്കപ്പുറം, ഈ സംഘര്‍ഷത്തിന്റെ വേരുകള്‍ കിടക്കുന്നത് ചരിത്രപരമായ അതിര്‍ത്തി തര്‍ക്കങ്ങളിലും പഷ്തൂണ്‍ വംശീയതയിലുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ശത്രുതയുടെ പ്രധാന കാരണം 1,640 മൈല്‍ ദൈര്‍ഘ്യമുള്ള ഡ്യൂറന്‍ഡ് ലൈന്‍ ആണ്. 1893-ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി സര്‍ മോര്‍ട്ടിമര്‍ ഡ്യൂറന്‍ഡ് അഫ്ഗാന്‍ ഭരണാധികാരി അമീര്‍ അബ്ദുള്‍ റഹ്‌മാന്‍ ഖാനെക്കൊണ്ട് നിര്‍ബന്ധിതമായി ഒപ്പിടുവിച്ചതാണ് ഈ അതിര്‍ത്തി കരാര്‍. ഇത് പഷ്തൂണ്‍ വംശജരെ രണ്ട് രാജ്യങ്ങളിലായി വിഭജിച്ചു. 1947-ല്‍ പാകിസ്ഥാന്‍ രൂപീകൃതമായപ്പോള്‍, അഫ്ഗാനിസ്ഥാന്‍ ഈ അതിര്‍ത്തി അംഗീകരിക്കാന്‍ വിസമ്മതിച്ചു. പാകിസ്ഥാന്റെ ഐക്യരാഷ്ട്രസഭാ അംഗത്വത്തെ എതിര്‍ത്ത ഏക രാജ്യവും അഫ്ഗാനിസ്ഥാനായിരുന്നു.

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ പഷ്തൂണ്‍ മേഖലകളെ അഫ്ഗാനിസ്ഥാനുമായി ചേര്‍ത്ത് പഷ്തൂണിസ്ഥാന്‍ രൂപീകരിക്കണമെന്ന വാദം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്തുന്ന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) എന്ന സംഘടനയ്ക്ക് അഫ്ഗാന്‍ താലിബാന്‍ അഭയം നല്‍കുന്നുവെന്നാണ് പാകിസ്ഥാന്റെ പ്രധാന ആരോപണം. പഷ്തൂണ്‍ സാഹോദര്യത്തിന്റെ പേരില്‍ അഫ്ഗാന്‍ താലിബാന്‍ ടി.ടി.പിയെ പിന്തുണയ്ക്കുന്നത് പാകിസ്ഥാനെ ചൊടിപ്പിക്കുന്നു.

സോവിയറ്റ് അധിനിവേശ കാലത്ത് ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ തങ്ങളോട് അഫ്ഗാനികള്‍ നന്ദികേട് കാണിക്കുന്നു എന്നാണ് പാകിസ്ഥാന്റെ പക്ഷം. എന്നാല്‍, പാകിസ്ഥാന്‍ തങ്ങളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയുമായിരുന്നുവെന്നും അഫ്ഗാനികള്‍ വിശ്വസിക്കുന്നു. താലിബാനെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ച പാകിസ്ഥാന്‍, ഇപ്പോള്‍ താലിബാന്‍ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനെ ഭീതിയോടെയാണ് കാണുന്നത്.

അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുമായി വ്യാപാര-നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നത് പാകിസ്ഥാന്‍ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി കാണുന്നു. വാഗ അതിര്‍ത്തി വഴി ഇന്ത്യയുമായുള്ള അഫ്ഗാന്‍ വ്യാപാരം തടയുന്ന പാക് നയം അഫ്ഗാനികള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. നിലവിലെ യുദ്ധാവസ്ഥ കേവലം ഒരു അതിര്‍ത്തി തര്‍ക്കമല്ല, മറിച്ച് ദശകങ്ങളായി നിലനില്‍ക്കുന്ന വംശീയവും രാഷ്ട്രീയവുമായ അവിശ്വാസത്തിന്റെ പ്രതിഫലനമാണ്. റഷ്യയും ഇറാനും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും, അതിര്‍ത്തിയിലെ സംഘര്‍ഷം മേഖലയിലെ സമാധാനത്തിന് വലിയ വെല്ലുവിളിയായി തുടരുന്നു.