ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര: മലയാളികള്‍ ദുരിതത്തില്‍; പരിഹാരം ആവശ്യപ്പെട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍
ജെജി മാന്നാര്‍
റോം: മിഡില്‍ ഈസ്റ്റില്‍ തുടരുന്ന യുദ്ധസാഹചര്യം കാരണം ഇറ്റലിയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ ഗുരുതരമായി തടസ്സപ്പെട്ട സാഹചര്യത്തില്‍, ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഉടനടി പരിഹാരം ആവശ്യപ്പെട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ റോം പ്രവിശ്യ ഇന്ത്യന്‍ എംബസിയ്ക്ക് കത്തെഴുതി. സംഘടനയുടെ ഇറ്റലിയിലെ പ്രതിനിധികള്‍ ഒരുമിച്ചുകൂടുകയും തുടരുന്ന യാത്രാക്ലേശത്തെ എംബസ്സിയുടെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
യുദ്ധം ആരംഭിച്ചതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുള്ള നിലവിലെ വിമാന റൂട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകരാറിലായിട്ടുണ്ട്. ഇതുമൂലം ഇന്ത്യക്കാരുള്‍പ്പെടെ നിരവധി മലയാളികളാണ് കടുത്ത യാത്രാ ദുരിതം അനുഭവിക്കുന്നത്.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത രോഗികള്‍, വിസ കാലാവധി അവസാനിക്കാറായവര്‍, വാര്‍ഷിക പരീക്ഷ എഴുതാനുള്ള വിദ്യാര്‍ത്ഥികള്‍, വിസ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ വന്നവര്‍, അവധിക്കാലം ചെലവഴിക്കാന്‍ കാത്തിരിക്കുന്നവര്‍, അടിയന്തര ഘട്ടങ്ങളില്‍ നാട്ടിലെത്തേണ്ടവര്‍ തുടങ്ങി നൂറുകണക്കിന് ആളുകളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ ഗവണ്‍മെന്റും ഇന്ത്യന്‍ എംബസിയും ഉടനടി ഇടപെട്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പാടാക്കുകയോ മറ്റ് മുന്‍ഗണനാ യാത്രാ സംവിധാനങ്ങള്‍ ഒരുക്കുകയോ വേണമെന്നാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആവശ്യം.
‘ഞങ്ങളുടെ നിരവധി കമ്മ്യൂണിറ്റി അംഗങ്ങളാണ് ഇപ്പോള്‍ കടുത്ത യാത്രാ പ്രതിസന്ധി നേരിടുന്നത്. രോഗികളും വിദ്യാര്‍ത്ഥികളും പ്രായമായവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ എംബസി ഉടനടി ഇടപെട്ട് ഇവരുടെ സുരക്ഷിതമായ മടക്കത്തിനുള്ള ക്രമീകരണം ചെയ്യണം’ – വേള്‍ഡ് മലയാളി കൗണ്‍സില്‍ റോം പ്രവിശ്യ ഭാരവാഹികള്‍ പറഞ്ഞു.









