കര്‍ണാടക കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കും: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സുപ്രധാന പ്രഖ്യാപനം

ബെംഗളൂരു: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവുമായി കര്‍ണാടക സര്‍ക്കാര്‍. കുട്ടികളുടെ മാനസികാരോഗ്യവും ഓണ്‍ലൈന്‍ സുരക്ഷിതത്വവും മുന്‍നിര്‍ത്തിയാണ് നിര്‍ണായക ചുവടുവെപ്പ്. 2026-27 സംസ്ഥാന ബജറ്റ് അവതരണവേളയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പ്രായപരിധി നിശ്ചയിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കര്‍ണാടകക്ക് സ്വന്തമായി. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവച്ച ബജറ്റ് വിഹിതത്തിലാണ് ഈ സുപ്രധാന നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ആസക്തിയും അമിത സ്‌ക്രീന്‍ സമയവും പഠനത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തെത്തുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

ഈ മാസമാദ്യം തന്നെ ‘മൊബൈല്‍ ഉപേക്ഷിക്കൂ, പുസ്തകം കയ്യിലെടുക്കൂ’ എന്ന പേരില്‍ ബോധവത്കരണ ക്യാമ്പയിനും സംസ്ഥാനം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം. ഓണ്‍ലൈന്‍ ഗെയിമിംഗും സോഷ്യല്‍ മീഡിയയും കുട്ടികളില്‍ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ പോലും ചര്‍ച്ചയായിരുന്നു. ഈ ആശങ്കകള്‍ കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണത്തിലേക്ക് നീങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എന്നാല്‍, കേവലം നിരോധനം മാത്രം പോരാ, കുട്ടികളെ ബോധവത്കരിക്കുന്നതിലും അവരുടെ ഉപയോഗം നിരീക്ഷിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ബാലാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

ഈ വിഷയത്തില്‍ പ്രതികരണവുമായി ബെംഗളൂരുവിലെ ചൈല്‍ഡ് റൈറ്റ്‌സ് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എന്‍.വി. വാസുദേവ ശര്‍മ്മ രംഗത്തെത്തി. ‘മാതാപിതാക്കള്‍ തന്നെ ഫോണ്‍ നല്‍കി ശീലിപ്പിച്ച കുട്ടികളെ, വേണ്ടത്ര ബോധവത്കരിക്കാതെ പെട്ടെന്ന് മാറ്റിയെടുക്കുക എന്നത് പ്രായോഗികമല്ല. കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം, ഉത്തരവാദിത്തത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനെക്കുറിച്ച് അവരെ പഠിപ്പിക്കുന്നതിലായിരിക്കണം സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിനായി അധ്യാപകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പ്രത്യേക പരിശീലനവും നല്‍കണം,’ അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.