കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമോ?
ന്യൂഡല്‍ഹി: 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയാതായി മാധ്യമ റിപ്പോര്‍ട്ട്. പകരം, പ്രായത്തിനനുസരിച്ച് ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച കരട് നിയമം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വ്യത്യസ്ത നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. 8-12, 12-16, 16-18 എന്നീ പ്രായ വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം നിബന്ധനകളാണ് പരിഗണനയിലുള്ളത്. ‘ഞങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് അനുകൂലമാണ്, നിരോധനത്തിനല്ല. ഇന്നത്തെ യുവതലമുറ മുന്‍ തലമുറകളെ അപേക്ഷിച്ച് കൂടുതല്‍ അറിവുള്ളവരാണ്. അതിനാല്‍ കര്‍ക്കശമായ നിരോധനത്തേക്കാള്‍ സൂക്ഷ്മമായ സമീപനമാണ് വേണ്ടത്,’ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദിവസത്തില്‍ നിശ്ചിത സമയം മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുമതി നല്‍കുക, വൈകുന്നേരങ്ങളിലും രാത്രിയിലും ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ സമയാധിഷ്ഠിത നിയന്ത്രണങ്ങളാണ് പ്രധാനമായും ചര്‍ച്ചയില്‍. ഓണ്‍ലൈന്‍ ഗെയിമിങ്ങിന് ദിവസേന ഒരു മണിക്കൂര്‍ മാത്രം അനുമതി നല്‍കുന്ന ചൈനയുടെ മാതൃക പരിശോധിക്കുന്നുണ്ട്. എല്ലാ പ്ലാറ്റ്‌ഫോമുകളും രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കണമെന്ന നിബന്ധനയും ഇതോടൊപ്പം ഉണ്ടാകും.
ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന നിയമങ്ങള്‍ നിലവില്‍ വരികയോ പരിഗണനയിലിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സമീപകാലത്ത് ഇന്ത്യയോടും സമാന നടപടി ആവശ്യപ്പെട്ടിരുന്നു.
ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ സാമ്പത്തിക സര്‍വേയും കുട്ടികള്‍ക്കായി പ്രായപരിധി നിശ്ചയിക്കണമെന്നും ഡിജിറ്റല്‍ പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. കുട്ടികള്‍ക്ക് അടിസ്ഥാന ഫോണുകളും പഠനത്തിന് മാത്രമുള്ള ടാബ്ലെറ്റുകളും പ്രോത്സാഹിപ്പിക്കണമെന്നും സര്‍വേ നിര്‍ദ്ദേശിച്ചു. വിപുലമായ പൊതുചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം മാത്രമേ നിയമവുമായി മുന്നോട്ട് പോകൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.








