കുരിശ് ഒരു കൂടിക്കാഴ്ചയുടെ പ്രതീകം: ദുഃഖവെള്ളിയുടെ ആത്മീയ ദര്‍ശനം

കുരിശ് ഒരു കൂടിക്കാഴ്ചയുടെ പ്രതീകമാണ്; അത് ഒരു ശിക്ഷയുടെ ചിഹ്നം മാത്രമല്ല. ഭൂമിയുടെ മൗനവും ആകാശത്തിന്റെ ആഴവും ഒരേ നിമിഷം ചേര്‍ന്നുനില്‍ക്കുന്നതിന്റെ പ്രതീകമാണ് കുരിശ്. അവിടെ ദൈവത്തിന്റെ കരുണ മനുഷ്യന്റെ വേദനയെ സ്പര്‍ശിക്കുന്നു; ദുഃഖം സ്‌നേഹമായി രൂപാന്തരപ്പെടുന്നു. കാലവും നിത്യതയും തമ്മില്‍ പരസ്പരം കണ്ടുമുട്ടുന്ന ആ ആഴമേറിയ നിമിഷത്തില്‍, കുരിശ് ഒരു വേദനയുടെ ചിഹ്നം മാത്രമല്ല, അതിരില്ലാത്ത സ്‌നേഹത്തിന്റെ ധ്യാനനിമിഷങ്ങളായി അതു മാറുന്നു.

കുരിശിന്റെ ലംബമാനം ആന്തരിക ആകാംക്ഷയെയും ആത്മാന്വേഷണത്തെയും സൂചിപ്പിക്കുമ്പോള്‍, അതിന്റെ തിരശ്ചീനമാനം മനുഷ്യര്‍ മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്ന സ്‌നേഹത്തിന്റെ വിപുലതയെ ഓര്‍മ്മിപ്പിക്കുകയും വേദനയിലൂടെ പോലും വെളിപ്പെടുന്ന സ്‌നേഹത്തിന്റെ അതിരില്ലായ്മയെ മൗനമായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

ദുഃഖവെള്ളി, ഒരുപക്ഷേ, ഏറ്റവും സാര്‍വത്രിക മനുഷ്യാനുഭവമാണ്. ഓരോ ജീവിതവും, എത്ര അനുഗ്രഹീതമാണെങ്കിലും, നഷ്ടം, രോഗം, നിരാശ അല്ലെങ്കില്‍ ദുഃഖം എന്നിവയുടെ നിമിഷങ്ങളെ നേരിടുന്നു. വേദന നമ്മുടെ ജീവിതത്തിലേക്ക് പല രൂപങ്ങളില്‍ പ്രവേശിക്കുന്നു: ശരീരം കഷ്ടപ്പെടുന്നു, മനസ്സ് പോരാടുന്നു, ഹൃദയം തകരുന്നു. പലപ്പോഴും ഈ സമയത്തെല്ലാം നമ്മള്‍ പുരാതനമായ ഒരു ചോദ്യം നമ്മില്‍ ആവര്‍ത്തിക്കുന്നു: എന്തുകൊണ്ട് കഷ്ടപ്പാട് ഉണ്ടാവണം?

കുരിശ് ഭൂതവും ഭാവിയും മുറിച്ചുകടന്ന്, വര്‍ത്തമാന നിമിഷത്തില്‍ നിലകൊള്ളുവാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിഹ്നമാണ്. ജീവിതം തിരശ്ചീനവും ലംബവുമായ രണ്ട് മാനങ്ങളില്‍ ഒരേസമയം വിരിയുന്ന അനുഭവമായതുകൊണ്ടാണ് കുരിശ് സമയത്തിന്റെ ഒഴുക്കും നിത്യതയുടെ നിശ്ശബ്ദതയും കൂടിച്ചേരുന്ന സംഗമബിന്ദുവായി നിലകൊള്ളുന്നത്.

ഭൂതകാലത്തിന്റെ ഓര്‍മ്മകളും ഭാവിയുടെ പ്രതീക്ഷകളും മങ്ങിയൊഴുകുന്ന നിമിഷങ്ങളില്‍, ഇപ്പോഴെന്ന സത്യത്തെ സ്പര്‍ശിക്കുവാന്‍ കുരിശ് നമ്മെ നിശ്ശബ്ദമായി ക്ഷണിക്കുന്നു. അത് ചിന്തകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരാശയമല്ല, അവബോധത്തിന്റെ സാന്നിധ്യത്തില്‍ സമഗ്രജാഗ്രതയോടെ നിലകൊള്ളുവാന്‍ നമ്മെ നിരന്തരം ക്ഷണിക്കുന്ന ഒരു കൂടിക്കാഴ്ചയുടെ ചിഹ്നമാണ്.

ദുഃഖവെള്ളി കേവലം ഒഴിവാക്കേണ്ടതോ, ഭയപ്പെടേണ്ടതോ ആയ ഒന്നല്ലെന്ന് കുരിശ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ രൂപത്തില്‍, ഗാഗുല്‍ത്താ മലയില്‍, കഷ്ടപ്പാടും വേദനയും സ്‌നേഹവും അതിന്റെ ഏറ്റവും സമൂലമായ രൂപത്തില്‍ വെളിപ്പെടുന്ന ഒരു സ്ഥലമായി മാറുന്നു. കുരിശില്‍ കഷ്ടപ്പെടുന്നയാള്‍ വെറുപ്പോ, പ്രതികാരമോ കൊണ്ടല്ല, മറിച്ച് കരുണയും ക്ഷമയും കൊണ്ട് പ്രതികരിക്കുന്നു. ഈ രീതിയില്‍, അര്‍ത്ഥശൂന്യമായ ഒരു ഭാരത്തില്‍ നിന്ന് കഷ്ടപ്പാടിനെ കുരിശ് സ്‌നേഹത്തിന്റെ നിഗൂഢമായ പാതയാക്കി മാറ്റുന്നു.

ഈ വീക്ഷണകോണില്‍ നിന്ന്, കഷ്ടപ്പാടും വേദനയും ആഴത്തിലുള്ള അവബോധത്തിലേക്കുള്ള ഒരു വാതില്‍ തുറക്കുന്നു. ജീവിതത്തില്‍ എല്ലാം സുഖകരമാകുമ്പോള്‍, മനുഷ്യാത്മാവ് ഉപരിതലങ്ങളാല്‍ എളുപ്പത്തില്‍ വ്യതിചലിക്കപ്പെടുന്ന ഒരു പ്രതിഭാസമായി മാറും. എന്നാല്‍ വേദന നമ്മുടെ മിഥ്യാധാരണകളെ ഇല്ലാതാക്കുന്നു. അത് നമ്മുടെ ബലഹീനതയെ തുറന്നുകാട്ടുകയും അസ്തിത്വത്തിന്റെ ദുര്‍ബലമായ സൗന്ദര്യത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. കഷ്ടപ്പാടിന്റെ നിമിഷങ്ങളില്‍, ജീവിതത്തിലെ ഏറ്റവും ആഴമേറിയ ചോദ്യങ്ങളുമായി നാം പലപ്പോഴും മുഖാമുഖം കണ്ടുമുട്ടുന്നു: ഞാന്‍ ആരാണ്? യഥാര്‍ത്ഥത്തില്‍ എന്താണ് പ്രധാനം? മറ്റെല്ലാം ജീവിതത്തില്‍ നിന്ന് എടുത്തുകളഞ്ഞാല്‍ എന്താണ് അവശേഷിക്കുന്നത്? ദുഃഖവെള്ളി ലളിതമായ ഉത്തരം നല്‍കുന്നില്ല. പകരം, അത് ആഴത്തിലുള്ള ഒരു ദര്‍ശനം നല്‍കുന്നു.

കുരിശ് ഒരിക്കലും വേദനയുടെ കഥ മാത്രം പറയുന്നില്ല; അത് ഒരു വിശുദ്ധ സംഗമത്തിന്റെ കഥയാണ് പറയുന്നത്. ദുഃഖവും പ്രത്യാശയും, മരണവും ജീവനും തമ്മില്‍ കൈകോര്‍ക്കുന്ന ഒരു നിമിഷത്തിന്റെ അടയാളമാണത്. കുരിശിന്റെ നിശ്ശബ്ദ സാന്നിധ്യത്തില്‍ നില്‍ക്കുമ്പോള്‍, മനുഷ്യഹൃദയം ധീരമായി തിരിച്ചറിയുന്നു, ഏറ്റവും ആഴത്തിലുള്ള ഇരുട്ടിന്റെ നടുവിലും ഒരു ദിവ്യമായ കൂടിക്കാഴ്ച, ഒരു സംഗമം നമ്മെ കാത്തുനില്‍ക്കുന്നുവെന്ന്.

കുരിശ് ഒരു അതിര്‍ത്തിയല്ല; ഭൂമിയും ആകാശവും, മനുഷ്യനും ദൈവവും, വേദനയും സ്‌നേഹവും ഒരേ നിമിഷം തമ്മില്‍ കൈകോര്‍ക്കുന്ന ഒരു ആത്മീയ സംഗമഭൂമിയാണ്. അവിടെ വേര്‍തിരിവുകള്‍ മൗനത്തില്‍ ലയിച്ച് പുതിയ അര്‍ത്ഥമായി ജനിക്കുന്നു; ദുഃഖം സ്‌നേഹത്തിന്റെ ഭാഷ പഠിക്കുകയും, വേദന കരുണയുടെ മുഖം കൈവരിക്കുകയും ചെയ്യുന്നു. കണ്ണുനീര്‍ നിരാശയില്ലാതെ, പ്രതീക്ഷയുടെ വിത്തുകളായി നിലത്തു വീഴുന്നു. സഹനം വിധിയായി മാറാതെ, അര്‍ത്ഥത്തിലേക്കുള്ള വഴി കണ്ടെത്തുന്നു. മുറിവുകള്‍ മറയ്ക്കപ്പെടുന്നില്ല; അവ വെളിച്ചത്തില്‍ നില്‍ക്കുന്ന സാക്ഷ്യങ്ങളാകുന്നു. ദുഃഖം ഹൃദയത്തെ കഠിനമാക്കുന്നില്ല; മറിച്ച് മറ്റുള്ളവര്‍ക്കായി തുറക്കുന്നു. കഷ്ടനഷ്ടങ്ങള്‍ പരിദേവനങ്ങളായി നിലനില്‍ക്കാതെ, ഉള്ളറയില്‍ നിശ്ശബ്ദ പ്രാര്‍ത്ഥനകളായി ജീവിക്കുന്നു. ഇരുട്ട് അവസാനവാക്കാകുന്നില്ല; അതിനുള്ളില്‍ തന്നെ വെളിച്ചം പിറക്കുന്നു. കുരിശ് വേര്‍തിരിക്കുന്ന ഒരു രേഖയല്ല, മറിച്ച് ദൂരം അകലങ്ങളായി നിലനിന്നതെല്ലാം മൗനത്തില്‍ ഒന്നിക്കുന്ന ഒരു സംഗമസ്ഥാനമാണ്. കുരിശ് ജന്മമെടുത്തത് ഒരു സംഗമത്തിനു വേണ്ടിയാണ് – ദൈവഹൃദയവും മനുഷ്യക്കണ്ണീരും, നിത്യതയും നിമിഷവും ആ രണ്ടു മരക്കഷ്ണങ്ങളുടെ കൂടിച്ചേരലില്‍ ഒന്നായി ലയിക്കുന്നു. അവിടെ എല്ലാറ്റിനും അര്‍ത്ഥം മാറുന്നു; വേദനയില്‍ ദിവ്യതയുടെ സ്പന്ദനം കേള്‍ക്കാം, നിശ്ശബ്ദതയില്‍ സ്‌നേഹം പാശ്ചാത്തലഗാനമാകുന്നു.

കുരിശില്‍ ഉയര്‍ത്തപ്പെട്ടത് ഒരാള്‍ മാത്രമല്ല; അവന്റെ ശരീരത്തില്‍ മുഴുവന്‍ മനുഷ്യചരിത്രത്തിന്റെ ചീന്തല്‍മുറികളുണ്ട്. ഓരോ മുറിവിലും ദ്രോഹത്തിന്റെ രക്തക്കുറിപ്പുണ്ട്. ഓരോ ശ്വാസത്തിലും ഉപേക്ഷിക്കപ്പെട്ടവരുടെ നിശ്ശബ്ദ നിലവിളി മുഴങ്ങുന്നു. അവന്റെ കണ്ണുകളില്‍ നീതിഹീനമായി അടിച്ചമര്‍ത്തപ്പെട്ട ജനതകളുടെ നെടുവീര്‍പ്പുകള്‍ പ്രതിഫലിക്കുന്നു, അവന്റെ വെയിലേറ്റ് പൊള്ളുന്ന അധരങ്ങളില്‍ പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം ലഭിക്കാത്തവരുടെ മങ്ങിയ കണ്ണുനീരുണ്ട്. അവന്‍ മൗനത്തില്‍ സഹിച്ചതെല്ലാം മനുഷ്യന്‍ വാക്കുകളില്‍ പറയാന്‍ കഴിയാതെ പോയ ദുഃഖങ്ങളുടെ ഭാഷയാണ്.

കുരിശ് ഒരു വിശുദ്ധ സംഗമത്തിന്റെ കഥയാണ് – മനുഷ്യന്റെ പരമവേദനയും ദൈവത്തിന്റെ അഗാധസ്‌നേഹവും ഒരുമിച്ച് ചേര്‍ന്നു ചുംബിക്കുന്ന രഹസ്യ നിമിഷത്തിന്റെ ചിഹ്നം. ഭൂമിയും ആകാശവും, ദൈവവും മനുഷ്യനും, ദുഃഖവും സ്‌നേഹവും ഒരുമിച്ചു സ്പര്‍ശിക്കുന്ന സ്ഥലമാണ് കുരിശ്. ഈ രണ്ട് മാനങ്ങളും തമ്മില്‍ ചേരുന്നിടത്ത് ഒരു ആഴമുള്ള മൗനം വിരിയുന്നു. ഈ മൗനം ശബ്ദങ്ങളുടെ അഭാവമല്ല; അതൊരു സാന്നിധ്യത്തിന്റെ നിറവാണ്. വാക്കുകള്‍ അര്‍ഥം നഷ്ടപ്പെടുന്ന, ചോദ്യങ്ങള്‍ തന്നെ ഉരുകിപ്പോകുന്ന, സ്‌നേഹം തന്നെ ഭാഷയായിത്തീരുന്ന നിമിഷം. കീഴടങ്ങല്‍ പരാജയമല്ല. അത് ഒരു ആഴമേറിയ സമ്മതമാണ്, ഇപ്പോള്‍ ഉള്ളതിനോട്, സംഭവിക്കുന്നതിനോട്, ജീവിതത്തിന്റെ മുഴുവന്‍ നിഗൂഢതയോടുമുള്ള തുറന്ന സമ്മതം. അവിടെ ഒരു വാക്കും ജനിക്കുന്നില്ല; ജനിക്കുന്നത് മൗനമാണ്. ആ മൗനം വെറും നിശ്ശബ്ദതയല്ല, അത് സമ്പൂര്‍ണ്ണ മൗനമാണ്, എല്ലാ വാക്കുകള്‍ക്കും മുന്‍പേ ഉണ്ടായിരുന്ന, എല്ലാ വാക്കുകള്‍ക്കും അതീതമായി നിലനില്‍ക്കുന്ന ആ ആദിമ നിശ്ശബ്ദത.

കുരിശിലെ സംഗമം കഴിഞ്ഞുപോയ ചരിത്രമല്ല; മനുഷ്യന്‍ തന്റെ വേദനയെ കൈവിടാതെ ചേര്‍ത്ത് പിടിക്കുന്ന ഓരോ നിമിഷവും, അത് പ്രാണന്റെ ആഴങ്ങളില്‍ വീണ്ടും ജനിക്കുന്നു. അവിടെയാണ് ദുഃഖം ചോദ്യം നിര്‍ത്തുന്നതും, മൗനം തന്നെ മറുപടിയായി മാറുന്നതും. ഓരോ സഹനവും ഒരു വിശുദ്ധ സംഗമമായി മാറും, ചരിത്രത്തിന്റെ പുറമ്പോക്കിലല്ല, മനുഷ്യന്റെ ഹൃദയത്തില്‍. അവിടെയാണ് ദുഃഖവെള്ളി പുനര്‍ജനിക്കുന്നത്; അവിടെയാണ് കുരിശ് വീണ്ടും ഉയരുന്നത്; അവിടെയാണ് ദുഃഖം സ്‌നേഹമായി പരിഭാഷപ്പെടുത്തപ്പെടുന്നത്; അവിടെയാണ് നിശ്ശബ്ദത തന്നെ ഒരു ദൈവിക മറുപടിയായി മാറുന്നത്.

ഓടിപ്പോകാതിരിക്കുക. ഒഴിവാക്കാതിരിക്കുക. എല്ലാറ്റിനേയും ന്യായവിധിയില്ലാതെ സ്വീകരിക്കുക. ഇപ്പോള്‍, ഇവിടെ, ഇതിനോടൊപ്പം നില്‍ക്കുക. ഭാരത്തെ ഏറ്റുവാങ്ങുക, നെഞ്ചോട് ചേര്‍ക്കുക. കുരിശ് ഒരു പാഠമല്ല, ചിഹ്നമല്ല, അതൊരു സാന്നിധ്യമാണ്. അപ്പോള്‍ അവിടെ, പ്രാണന്റെ ആഴത്തില്‍ ഒരു വിശുദ്ധ സംഗമം നടക്കും. കുരിശില്‍, വേദനയും സ്‌നേഹവും, നിശ്ശബ്ദതയും വചനവും, മരണവും ജീവനും – ഒന്നായി കൈകോര്‍ക്കുന്നു; അതുകൊണ്ടാണ് ഇന്നും, ഹൃദയഭാരവുമായി കുരിശിനരികില്‍ നില്‍ക്കുന്ന ഓരോ മനുഷ്യനും അറിയാതെ അനുഭവിക്കുന്നത് – കുരിശ് ഒരു അതിര്‍ത്തിയല്ല, അത് ദൈവം മനുഷ്യനുവേണ്ടി തുറന്നുവെച്ച ഒരു സംഗമഭൂമിയാണ്.

ആന്റണി പുത്തന്‍പുരയ്ക്കല്‍