ലോക മാനസികാരോഗ്യ ദിനത്തില്‍ നല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ അറിയാം
ആന്റണി പുത്തന്‍പുരയ്ക്കല്‍
എന്താണ് നല്ല മാനസികാരോഗ്യം? നല്ല മാനസികാരോഗ്യം എന്നത് ഒരു വ്യക്തിക്ക് സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ബന്ധങ്ങള്‍ നിറവേറ്റുന്നതില്‍ ഏര്‍പ്പെടാനും അവരുടെ സമൂഹത്തിന് സംഭാവന നല്‍കാനും കഴിയുന്ന ക്ഷേമത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു. മാനസിക രോഗങ്ങളുടെ അഭാവം മാത്രമല്ല, ജീവിത വെല്ലുവിളികളെ സമചിത്തതയോടെ നേരിടാനും സന്തുലിതാവസ്ഥ നിലനിര്‍ത്താനും വൈകാരികവും മാനസികവുമായ സ്ഥിരത അനുഭവിക്കാനും ഒരു വ്യക്തിയെ അനുവദിക്കുന്ന ഭാവാത്മക സ്വഭാവങ്ങളുടെ സാന്നിധ്യം ഇതില്‍ ഉള്‍പ്പെടുന്നു.
നല്ല മാനസികാരോഗ്യം എന്നാല്‍ മാനസിക രോഗങ്ങളുടെ അഭാവമാണെന്ന് കരുതുന്നതില്‍ തെറ്റില്ല. മാനസികാരോഗ്യത്തെപ്പററി ലോകാരോഗ്യ സംഘടനയുടെ (WHO) നിര്‍വചനം ഇപ്രകാരമാണ്: ”വ്യക്തി തന്റെ കഴിവുകള്‍ തിരിച്ചറിയുകയും, ജീവിതത്തിലെ സാധാരണ സമ്മര്‍ദങ്ങളെ നേരിടുകയും, ഉല്‍പ്പാദനപരമായും ഫലപ്രദമായും പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരാവുകയും താന്‍ ജീവിക്കുന്ന സമൂഹത്തിന് എന്തെങ്കിലും സംഭാവന നല്‍കുവാന്‍ ശേഷിയുള്ളവരാകയും ചെയ്യുന്ന ഒരു ക്ഷേമാവസ്ഥയാണ്.’
മേല്‍പ്പറഞ്ഞ നിര്‍വചനത്തില്‍, ഒരു വ്യക്തിക്ക് ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ കഴിയണമെന്ന് WHO പ്രസ്താവിക്കുന്നു. ഇത് വളരെ നിര്‍ണായകമാണ്, കാരണം ജീവിതം പ്രവചനാതീതമാണ്, മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ മാനസികാവസ്ഥയും മാറും. അവിച്ഛന്നിത മാനസികാരോഗ്യ (Mental Health Continuum) മാതൃക അനുസരിച്ച്, മാനസികാരോഗ്യവും മാനസിക രോഗങ്ങളും ഒരു രേഖീയ ശ്രേണിയുടെ രണ്ട് ധ്രുവങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. നമ്മുടെ മാനസിക കഴിവുകള്‍, ശാരീരിക കഴിവുകള്‍, ബാഹ്യ ചുറ്റുപാടുകള്‍ എന്നിവയെ ആശ്രയിച്ച് നമ്മുടെ മാനസികാരോഗ്യത്തിന്റെ ചലനം മുകളിലേക്കും താഴേക്കും നീങ്ങിക്കൊണ്ടിരിക്കും.
മൂന്ന് വ്യത്യസ്തമായ തലങ്ങളിലാണ് മാനസികാരോഗ്യ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്.
ആരോഗ്യകരമായ സ്ഥാനം: ഈ ഘട്ടത്തിലുള്ള വ്യക്തികള്‍ സാധാരണയായി അവരുടെ ജീവിതത്തില്‍ സംതൃപ്തരാണ്. അവര്‍ വൈകാരികമായി സന്തുലിതരും ചിന്തകളിലും പ്രവര്‍ത്തികളിലും സ്ഥിരതയുള്ളവരും എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുമുണ്ട് അവരുടെ മുന്‍പില്‍.
പ്രശ്‌ന സ്ഥാനം: ഇവരുടെ സ്ഥാനം രണ്ടു തീവ്രതകളുടെ മധ്യത്തിലാണ്. ഈ ഘട്ടത്തിലുള്ള വ്യക്തികളുടെ ജീവിതം വേദനാജനകമാണ്. അവര്‍ക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ കഴിയില്ല. എന്നിരുന്നാലും, ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ ഇവര്‍ പ്രാപ്തരാണ്.
ദൗര്‍മനസ്യ സ്ഥാനം: മാനസികാരോഗ്യത്തെ അളക്കുന്ന അളവുകോലിന്റെ അവസാനത്തെ അറ്റത്താണ് ഇവരുടെ സ്ഥാനം, പേര് സൂചിപ്പിക്കുന്നത് പോലെ, ക്രമത്തിന്റെ ഈ വശത്ത് ജീവിക്കുന്ന വ്യക്തികള്‍ക്ക് സമ്മര്‍ദ്ദത്തെ നേരിടാനും അവരുടെ ചിന്തയിലും പ്രവര്‍ത്തനത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങള്‍ കാണിക്കുവാനും കഴിയില്ല.
മാനസികാരോഗ്യ തുടര്‍ച്ചയുടെ ആരോഗ്യകരമായ ഏത് സ്ഥാനത്താണ് നിങ്ങള്‍ നില്‍ക്കുന്നതെന്ന് അറിയുവാന്‍ നല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
1. മാനസികാരോഗ്യത്തിലെ മാറ്റങ്ങള്‍ സ്വാഭാവികമാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നുവരാണോ? ജീവിതം എന്നും ഒരു നേര്‍വഴിയിലല്ല നീങ്ങുന്നതെന്നും നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടാകുമെന്നും അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? നിങ്ങളുടെ ജീവിതത്തിന്റെ ഗതിയില്‍ നിങ്ങള്‍ക്ക് ദുഃഖം, ഉത്കണ്ഠ, സന്തോഷം, സംതൃപ്തി മുതലായവയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകുമെന്ന യാഥാര്‍ത്ഥ്യബോധം നിങ്ങള്‍ക്കുണ്ടോ?
2. നിങ്ങളുടെ മൂല്യങ്ങള്‍ക്കനുസൃതമായി ജീവിതം നയിക്കുകയും അതിനെക്കുറിച്ച് നല്ല അനുഭവം നേടുകയും ചെയ്യുന്നവരാണോ നിങ്ങള്‍ ? ജീവിതത്തില്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങളും മുന്‍ഗണനകളും നിങ്ങള്‍ക്കറിയാമോ? അതിനെക്കുറിച്ച് എളുപ്പത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? നിങ്ങളെക്കുറിച്ചും നിങ്ങള്‍ ജീവിക്കുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ചും ഭവാത്മകമായ വീക്ഷണം നിങ്ങള്‍ക്കുണ്ടോ?
3. സ്വന്തമായ ഒരു അവബോധം നിങ്ങള്‍ക്ക് ഉണ്ടോ? ഈ ലോകത്ത് നിങ്ങള്‍ക്കു ഒരു സ്ഥാനം ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നുവോ? നിങ്ങള്‍ക്ക് ഈ ജീവിതത്തില്‍ നിങ്ങളുടെ മൂല്യം ഉറപ്പുനല്‍കുന്ന ശക്തമായ സാമൂഹ്യബോധവും, ആത്മീയ ശക്തിയുമുണ്ടെന്ന് കരുതുന്നവരാണോ നിങ്ങള്‍?
4. നിങ്ങള്‍ നേരിടുന്ന ദൈനംദിന അനുഭവങ്ങളില്‍ നിന്ന് എളുപ്പത്തില്‍ പഠിക്കുവാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ? നിങ്ങള്‍ ജീവിതത്തിന്റെ ഉയര്‍ച്ച, താഴ്ചകള്‍ അംഗീകരിക്കുവാനും ഈ അനുഭവങ്ങളില്‍ അവ നല്കുന്ന സന്ദേശങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുറുണ്ടോ? ഒരേ അനുഭവങ്ങള്‍ തന്നെ വീണ്ടും സംഭവിക്കുമ്പോള്‍ അവയെ ഉള്‍ക്കൊള്ളുവാന്‍ നിങ്ങള്‍ കൂടുതല്‍ മാനസികമായി വളര്‍ന്നവരും തയ്യാറുളളവരാണോ?.
5. എപ്പോള്‍ ‘ഇല്ല’ എന്ന് പറയണമെന്ന് നിങ്ങള്‍ക്കറിയാം? നിങ്ങള്‍ ഏറ്റുമുട്ടല്‍ ഇഷ്ടപ്പെടുകയോ, ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നവരായിരിക്കാം. എന്നാല്‍ നിങ്ങളുടെ വ്യക്തിജീവിതത്തിലോ, ഔദ്യോഗിക ജീവിതത്തിലോ ആരെങ്കിലും അതിരു കടന്നാല്‍ ‘ഇല്ല’ എന്ന് പറയേണ്ടത് എപ്പോള്‍ എന്ന് നിങ്ങള്‍ക്കറിയാമോ?
6. നിങ്ങള്‍ക്ക് ആരോഗ്യകരമായ ബന്ധങ്ങളുണ്ടോ? നിങ്ങള്‍ സ്വയം വിലമതിക്കുന്നതിനാല്‍, നിങ്ങളുടെ അടുത്തുള്ള ആളുകളുടെ സ്‌നേഹം, സമയം, പരിശ്രമം എന്നിവ എങ്ങനെ വിലമതിക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങളുടെ സഹപ്രവര്‍ത്തകരുമായും ശക്തവും സത്യസന്ധവുമായ ബന്ധം സ്ഥാപിക്കുവാനും നിലനിര്‍ത്താനും കഴിവുള്ളവരാണോ നിങ്ങള്‍?
7. നിങ്ങള്‍ നല്ല ആത്മവിശ്വാസമുള്ളവരാണോ? മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്നതിനെയോ, ജീവിതത്തില്‍ നിങ്ങള്‍ എത്രത്തോളം വിജയം നേടുന്നു എന്നതിനെയോ ആശ്രയിച്ചല്ല, നിങ്ങളുടെ ആത്മാഭിമാനം എന്ന് ബോധ്യമുള്ളവരാണോ നിങ്ങള്‍? നിങ്ങളുടെ സ്വന്തം മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരും നിങ്ങളുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി ആളുകളോ വസ്തുക്കളോ ചൂഷണം ചെയ്യാത്തവരാണോ നിങ്ങള്‍?
8. നിങ്ങള്‍ സ്വയം സ്വീകാര്യതയും സ്വയം മെച്ചപ്പെടുത്തലും തമ്മില്‍ നല്ല സന്തുലിതാവസ്ഥ കൈവരിച്ചവരാണോ? അയഥാര്‍ത്ഥമായ പ്രതീക്ഷകളുടെ നിരാശ ഒഴിവാക്കാന്‍ സഹായിക്കുന്ന നിങ്ങളുടെ പരിമിതികള്‍ നിങ്ങള്‍ക്കറിയാമോ? അതേ സമയം, നിങ്ങള്‍ നിങ്ങളുടെ ശക്തിയില്‍ പ്രവര്‍ത്തിക്കുവാന്‍ ശക്തി കണ്ടെത്തുന്നവരും അതില്‍ മുന്നോട്ട് പോകാനാകുന്നവരുമാണോ?
9. നിങ്ങള്‍ എല്ലാറ്റിനോടും എല്ലാവരോടും സദാ നന്ദിയുള്ളവരാണോ? നിങ്ങള്‍ എല്ലാ ദിവസവും നിങ്ങളുടെ അനുഗ്രഹങ്ങള്‍ എണ്ണുകയും ജീവിതത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നവരാണോ?
10. ജീവിതത്തില്‍ നിങ്ങള്‍ക്ക് ലഭിച്ച അവസരങ്ങളും ജീവിതാനുഭവങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങളുമായി മുന്നോട്ട് പോകാനുമുള്ള അവസരങ്ങളായാണോ നിങ്ങള്‍ നിങ്ങളുടെ പ്രയാസങ്ങളായി കാണുന്നത്?
11. നിങ്ങള്‍ മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുന്നവരും അത് ആഘോഷമാക്കുവാന്‍ കഴിയുന്നവരുമാണോ? ഒരാള്‍ വിജയം നേടുമ്പോള്‍ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി സന്തോഷം തോന്നാറുണ്ടോ?
12. സമ്മര്‍ദ്ദം, പ്രതികൂല സാഹചര്യങ്ങള്‍, അല്ലെങ്കില്‍ തിരിച്ചടികള്‍ എന്നിവയില്‍ നിന്ന് തളരാതെ തിരിച്ചുവരാനുള്ള പ്രതിരോധശേഷിയുളളവരാണോ നിങ്ങള്‍?
13. എത്രമാത്രം സ്വയം സ്വീകാര്യതയുളളവരാണ് നിങ്ങള്‍? അമിതമായ ആത്മവിമര്‍ശനമില്ലാതെ, നിങ്ങളിലെ ശക്തിയും ബലഹീനതയും ഉള്‍പ്പെടെ, സ്വയം യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
14. ശുഭാപ്തിവിശ്വാസവും ഭാവാത്മകതയും നിറഞ്ഞവരാണോ നിങ്ങള്‍? ജീവിതത്തെയും ഭാവിയെയും കുറിച്ച് അനുദിനം ഭാവാത്മക വീക്ഷണവും പ്രയാസകരമായ സാഹചര്യങ്ങളില്‍ പോലും അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്താനുള്ള കഴിവും നിങ്ങള്‍ക്കുണ്ടോ?
15. വ്യക്തമായ ചിന്തയും ശ്രദ്ധയും നിങ്ങള്‍ക്കുണ്ടോ? നിഷേധാത്മകമായ വികാരങ്ങളാല്‍ തളര്‍ന്നുപോകാതെ, മങ്ങിയ ചിന്തകളില്‍ സംഭ്രമിക്കാതെ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യക്തമായി ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവുളളവരാണോ നിങ്ങള്‍?
നല്ല മാനസികാരോഗ്യം കൈവരിക്കുവാനും നിലനിര്‍ത്തുവാനും നിരവധി മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പിന്തുടരാന്‍ എളുപ്പമുള്ള ചില മാനസികാരോഗ്യ നുറുങ്ങുകള്‍ ഇതാ.
വികാരങ്ങളെക്കുറിച്ചുള്ള അവബോധം നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് തികഞ്ഞ അവബോധം നിലനിര്‍ത്താനും ആശയവിനിമയം നടത്തുവാനും ശീലിക്കുക. നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു എന്നതിനെക്കുറിച്ച് നിങ്ങളോട് തന്നെയും നിങ്ങളുടെ സുഹൃത്തുക്കളോടും സംസാരിക്കുന്നത് നല്ലതാണ്. വാസ്തവത്തില്‍, ഇത് നമ്മുടെ തൊഴില്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
മാനസികാരോഗ്യത്തിനുള്ള വ്യായാമം നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍, നിങ്ങളുടെ ശരീരം എന്‍ഡോര്‍ഫിന്‍സ് എന്ന രാസവസ്തുക്കള്‍ പുറത്തുവിടുന്നുണ്ടെന്ന വസ്തുത നിങ്ങള്‍ക്കറിയാമല്ലോ. അത് ശരീരത്തില്‍ നല്ല വികാരം ഉണ്ടാക്കുന്നു. പതിവ് വ്യായാമം നിങ്ങളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നന്നായി ഉറങ്ങാനും നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
നിത്യേനയുള്ള ധ്യാനം മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് നിത്യേനയുള്ള അവധാന പൂര്‍വ്വ ധ്യാനം നിങ്ങളെ സഹായിക്കും. രാവിലെയും വൈകിട്ടും ധ്യാന പരിശീലനം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കും.
നല്ല ഭക്ഷണക്രമം പിന്തുടരുക നിങ്ങളുടെ മസ്തിഷ്‌കം നന്നായി പ്രവര്‍ത്തിക്കാന്‍ നല്ല പോഷകങ്ങള്‍ ആവശ്യമാണ്. പുതിയ പഴങ്ങളും പച്ചക്കറികളും, മെലിഞ്ഞ പ്രോട്ടീന്‍, പരിപ്പ്, വിത്തുകള്‍ എന്നിവ തിരഞ്ഞെടുക്കുക. കൃത്രിമമായി സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
ഒരു ഇടവേളകള്‍ എടുക്കുക നമ്മുടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജം വീണ്ടെടുക്കുവാന്‍ ദിവസത്തില്‍ പല പ്രാവശ്യം ഇടവേളകള്‍ എടുക്കുന്നത് വളരെ ഉപകാരപ്രദമാണ്. ഇടയ്ക്കിടയ്ക്ക് ഒന്നും ചെയ്യാതിരിക്കാന്‍ പരിശീലിക്കുക. ഇതിനായി ഒരു പുസ്തകം വായിക്കുക, സംഗീതം കേള്‍ക്കുക, പ്രകൃതിയില്‍ കൂടുതല്‍ സമയം ചിലവഴിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട വിഭവം പാചകം ചെയ്യുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധയോടും സന്തോഷത്തോടും കൂടെ ചെയ്യുവാന്‍ അവധാനപൂര്‍വ്വം ശീലിക്കുക.
ഒരു നാള്‍വഴി സൂക്ഷിക്കുക നിങ്ങളുടെ ചിന്തകള്‍, സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍, അഭിലാഷങ്ങള്‍, ഏറ്റവും പ്രധാനമായി നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ എന്നിവയെയെല്ലാം എഴുതുന്നത് ശീലമാക്കുക. നിങ്ങളുടെ ജീവിതത്തില്‍ നല്ല നിയന്ത്രണം നേടാനും നിങ്ങളെ സ്ഥിരതയുള്ളവരാക്കാവാനും ഇതു സഹായിക്കും.
നല്ല മാനസികാരോഗ്യം മാനസിക രോഗങ്ങളുടെ അഭാവം മാത്രമല്ല, ആന്തരിക ശക്തിയുടെയും മൂല്യങ്ങളുടെയും സാന്നിധ്യം കൂടിയാണ്, അത് നിങ്ങളെ ആത്മവിശ്വാസവും ജീവിതത്തില്‍ സംതൃപ്തവുമാക്കും.
എല്ലാവര്‍ക്കും നല്ല മാനസികാരോഗ്യം നിറഞ്ഞ ശുഭദിനം!