എഡിന്‍ബര്‍ഗ്ഗില്‍ അന്തരിച്ച മലയാളത്തിന്റെ സ്വന്തം ആഷര്‍: ആന്റണി പുത്തന്‍പുരയ്ക്കല്‍ എഴുതുന്നു

ഭാരതീയവും കേരളീയവുമായ കലാസാഹിത്യഭാഷാ വിഷയങ്ങള്‍ പഠിച്ചു ഗ്രന്ഥങ്ങള്‍ രചിച്ച അനേകം പാശ്ചാത്യപണ്ഡിതന്മാരെ നമുക്കറിയാം. മാക്‌സ് മൂളളര്‍, ഹൈന്റിക് റോത് എന്നിവര്‍ ദേശദീേയതലത്തിലും, അര്‍ണോസ്പാതിരി, ഡോ.ഹെമര്‍മന്‍ ഹുണ്ടര്‍ട്ട് എന്നിവര്‍ കേരളത്തിലും വളരെ അറിയപ്പെടുന്നവരാണ്. ഇവരുടെ സേവനം ചരിത്രത്താളുകളില്‍ ഇടം പിടിച്ചിട്ടുമുണ്ട്. ദേശത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം മലയാള ഭാഷയെ മനസോടു ചേര്‍ത്ത ഈ മഹാന്മാരുടെ നിരയില്‍ പ്രതിഷ്ഠിക്കപ്പെടാവുന്ന തരത്തില്‍ മലയാളഭാഷാസാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്കി, മലയാളികളുടെ ആദരം നേടിയ ആഷര്‍ എന്നും മലയാളത്തിന്റെ സ്വന്തമായിരിക്കും.

1926 ജൂലൈയില്‍ നോട്ടിങാംഷയെറിലെ ഗ്രിങ്‌ലെ -ഓണ്‍-ദ് ഹില്ലില്‍ റോനാള്‍ഡ് ഇ. ആഷര്‍ ജനിച്ചു. നോട്ടിങാം ഷയറിലെ റ്റെറ്‌ഫോര്‍ഡിലെ കിങ് എഡ്വര്‍ഡ് VI ഗ്രാമര്‍ സ്‌കൂളില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനത്തിലെ മികവുകൊണ്ട് സ്‌കോളര്‍ഷിപ്പ് നേടിയ ആഷര്‍ 1950-ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫ്രഞ്ചിലും ജര്‍മ്മനിലും ബി.എ ഓണേഴ്സ് ബിരുദം കരസ്ഥമാക്കി. 1951-ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫ്രഞ്ച് ധ്വനിവിജ്ഞാനത്തില്‍ സര്‍ട്ടിഫിക്കറ്റും, 1955-ല്‍ പുനരുത്ഥാനകാലപ്രഞ്ച് എന്ന വിഷയത്തില്‍ പി.എച്ച്.ഡിയും പ്രശസ്തമായ നിലയില്‍ നേടി.

അരനൂറ്റാണ്ട് മുമ്പ് ലണ്ടന്‍ യൂണിവേഴ്സിറ്റി ഹാളില്‍ കേരളത്തിന്റെ അഭിമാനമായ വി.കെ കൃഷ്ണമേനോന്‍ ഉജ്വലമായ ഒരു പ്രഭാഷണം നടത്തി. അന്നു സദസ്യരുടെ കൂട്ടത്തില്‍ അതേ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ ഭാഷാശാസ്ത്രത്തില്‍ താരതമ്യപഠനം നടത്തുന്ന വിദ്യാര്‍ത്ഥിയായി ആഷറും ഉണ്ടായിരുന്നു. കൃഷ്ണമേനോന്റെ പ്രഭാണം തികച്ചും ആകസ്മികമായ ഒരു സംഭവമാണെങ്കിലും ആഷറില്‍ കേരളത്തോടും മലയാളത്തോടുമുള്ള ഒരു ആത്മബന്ധത്തിന്റെ തുടക്കം കുറിച്ച അവിസ്മരണീയമായ നിമിഷമായിരുന്നു അത്.

ആഷര്‍ ആദ്യം പഠിച്ച ദ്രാവിഡഭാഷ തമിഴായിരുന്നു. 1955-ല്‍ തമിഴ് സംസാരഭാഷ പഠിക്കാന്‍ അദ്ദേഹം തമിഴ്നാട്ടില്‍ വന്നപ്പോള്‍ മലയാളത്തോടും പ്രത്യേക അഭിനിവേശം തോന്നിയെങ്കിലും കേരളം സന്ദര്‍ശിക്കാന്‍ പോലും കഴിയാതെ ഇംഗ്ലണ്ടിലേക്കു തിരികെപോയി. 1963-ല്‍ തമിഴ്ഭാഷാ പഠനത്തിന് ആഷര്‍ വീണ്ടും തമിഴ്നാട്ടില്‍ വന്നു. ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലേക്കു തിരിക്കും മുമ്പ് നാലു ദ്രാവിഡഭാഷകളും പഠിക്കുകയും, ഓരോ ഭാഷയിലും നല്ല അറിവും പരിചയവും നേടുകയും ചെയ്തിരുന്നു. മലയാളഭാഷയില്‍ അവഗാഢമായ പ്രാഗലഭ്യം നേടാന്‍ കൊതിച്ച ആഷറെ മലയാളഭാഷാശാസ്ത്രജ്ഞനായ കെ.എം പ്രഭാകരവാര്യരും സുഹൃത്തുക്കളും വളരെയധികം സഹായിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ആഷര്‍ സംസാരഭാഷയിലും എഴുത്തുഭാഷയിലും പ്രാവീണ്യം നേടി.

ലോകത്തിലെ ഭാഷാസാസ്ത്രജ്ഞന്മാരില്‍ അഗ്രഗണ്യനായ ആഷര്‍ മലയാളം പഠിച്ചതോടെ നമ്മുടെ നോവലിലും കഥകളിലും പ്രത്യേകം താല്പര്യം തോന്നി. തകഴിയുടെയും ബഷീറിന്റെയും നോവലുകള്‍ ഇദ്ദേഹത്തെ വളരെയധികം ആകര്‍ഷിച്ചു. ‘മലയാളകഥകള്‍ക്ക് ഒരു പ്രത്യേക കരുത്തുണ്ട്’ ആഷര്‍ ഒരിക്കല്‍ തകഴിയോട് പറഞ്ഞു. ബഷീറിന്റെ പാത്തുമ്മയുടെ ആടായിരുന്നു ആഷര്‍ മലയാളത്തില്‍ ആദ്യം വായിച്ച നോവല്‍. തുടര്‍ന്ന് അദ്ദേഹം തകഴിയുടെ ‘തോട്ടിയുടെ മകന്‍’ എന്ന നോവല്‍ വായിച്ചു. തകഴിയുടെയും ബഷീറിന്റെയും എല്ലാ കഥകളും വായിച്ചുകഴിഞ്ഞപ്പോള്‍, വായിച്ച കഥകള്‍ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യണമെന്നായി ആഷറിന്റെ മോഹം.

1975-ല്‍ ആഷര്‍ തകഴിയുടെ ‘തോട്ടിയുടെ മകന്‍’ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. കഠിനമായ ഭാഷാശൈലി കാരണം ബഷീറിന്റെ ‘ന്റുപാപ്പാക്കൊരാണ്ടാര്‍ന്നു’ എന്ന കൃതിയുടെ തര്‍ജ്ജിമ തുടങ്ങിയെങ്കിലും ആഷര്‍ക്ക് ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടിയും വന്നു. പിന്നീടു ‘ബാല്യകാലസഖി’, ‘പത്തുമ്മയുടെ ആട്’ എന്നിവ വിവര്‍ത്തനം ചെയ്തു. ആദ്യ കാലത്തു ബഷീറിന്റെ ഭാഷ ആഷറിന് വഴങ്ങിയില്ലെങ്കിലും ബഷീറിന്റെ മനസ്സിനെ തൊട്ടറിഞ്ഞ് ആ വലിയ കഥാകാരന്റെ ആത്മനൊമ്പരങ്ങളും കഥാപാത്രങ്ങളുടെ ഹൃദയത്തുടിപ്പുകളും സ്വന്തമെന്നപോലെ അനുഭവിച്ചറിഞ്ഞു. ഇതിന് ഉദാഹരണമാണ് മൂലകഥയിലെ ‘കുഴിയാനയുടെ’ വിവര്‍ത്തനം. കുഴിയാനയുടെ ഇംഗ്ലീഷ് പദം ant-lion എന്നാണ്. ഈ വാക്കില്‍ ആനയ്ക്കുള്ള ഇംഗ്ലീഷ്പദമായ ‘elephant’ ഇല്ല. ഈ ആന ഇല്ലെങ്കില്‍ ആ പ്രതീകത്തിന് കിട്ടുന്ന ഹാസ്യം അടക്കമുള്ള എല്ലാ പ്രയോജനങ്ങളും ലഭിക്കാതെ വരുമെന്ന് മനസ്സിലാക്കിയ ആഷര്‍ കുഴിയാനയ്ക്ക് ഇംഗ്ലീഷില്‍ പുതിയ പദം സൃഷ്ടിച്ചു. ആ പദം elephant ant എന്നാണ്.

മലയാളം പഠിച്ച്, ഒരു വിദേശി, മലയാളത്തില്‍ നിന്നും വിവര്‍ത്തനം ചെയ്ത് വിദേശത്ത് ആദ്യമായി പ്രസിദ്ധീകരിച്ച മലയാളക്യതി ‘ My Grand dad had An Elephant’ ആണ്. ഇക്കാരണത്താല്‍ ആഷര്‍ മലയാളികളുടെ സ്‌നേഹാദരങ്ങള്‍ ഏററവും അര്‍ഹിക്കുന്നു. എഡിന്‍ബറോ യൂണിവേഴ്സിറ്റി പ്രസ്സ് 1980- ല്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം കൊണ്ടുമാത്രമാണ് ബഷീറിന്റെ പേര്‍ നോബല്‍ സമ്മാനത്തിന് പില്ക്കാലത്ത് നിര്‍ദ്ദേശിക്കപ്പെട്ടത്. മലയാളത്തിലെ പ്രഗത്ഭരായ പല എഴുത്തുകാരുടെയും കൃതികള്‍ ആഷര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ആഷറിന്റെ നിസ്തൂലമായ സേവനം മലയാളത്തിനു ലഭിച്ചത് മലയാളമഹാനിഘണ്ടുവിന്റെ നിര്‍മാണത്തിലാണ്. ശൂരനാട്ടു കുഞ്ഞന്‍പിളളയുടെ നേതൃത്വത്തില്‍ 1953- ല്‍ ആരംഭിച്ച നിഘണ്ടു നിര്‍മ്മാണത്തിന് പ്രാരംഭമായി രൂപമാതൃക നിഷ്‌കൃഷ്ടമായി നിര്‍ദ്ദേശിച്ച വ്യക്തി ആഷറായിരുന്നു. പില്ക്കാലത്ത് ഈ മാതൃക ഭാരതത്തിലെ മറ്റുപല പ്രാദേശിക ഭാഷകളും നിഘണ്ടു നിര്‍മ്മാണത്തിനുള്ള അടിസ്ഥാനരുപരേഖയായി സ്വീകരിച്ചു.

നിഘണ്ടു മുദ്രണത്തിന് കൊടുക്കുന്നതിന് മുന്‍പ് ആഷര്‍ കേരളത്തില്‍ നേരിട്ടുവന്ന് അസല്‍ പരിശോധിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘ഞാന്‍ ഒട്ടേറെ സ്ഥാപനങ്ങളില്‍ പോയി, പല മാതൃകകളും പരിശോധിച്ചു. ഇതാണ് മെച്ചപ്പെട്ടത് എന്നാണ് എന്റെ അഭിപ്രായം’. ആഷറിന്റെ ഈ അഭിപ്രായം അറിഞ്ഞതു മുതല്‍ ഈ നിഘണ്ടുവിനെതിരെ ഉയര്‍ന്നിരുന്ന എല്ലാ ആക്ഷേപങ്ങളും അപഹാസ്യപരമായ പ്രസ്താവനകളും കെട്ടടങ്ങി.

മലയാള മഹാനിഘണ്ടുവിനെപ്പറ്റിയും ആഷറിന്റെ സേവനത്തെപ്പറ്റിയും മഹാകവി എം.പി. അപ്പന്‍ രചിച്ച മനോഹരകവിതയില്‍ ആഷറിനെപ്പറ്റി സ്മരിക്കുന്നത് ഇപ്രകാരമാണ്.
‘ ഖ്യാതിപ്പെട്ടൊരു റഷ്യയും മഹിതമാ മിംഗ്ലണ്ട-മേരിക്കയും
ജ്യോതിസ്സേ! തവ കീര്‍ത്തികന്ദളിനിരക്കേകുന്നിതേ സ്വാഗതം.
നീതികേടറിയാതൊരാഷര്‍ അവിടേക്കര്‍പ്പിച്ചതാം ശ്ശാഘയോ
ഭൃതിക്കാസ്പദമാണു നമ്മുടെ മഹാഭാഷക്കു ഭൂഷോപമം.’
തകഴിയുടെയും ബഷീറിന്റെയും കേശവദേവിന്റെയും കൃതികള്‍ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടു മാത്രമല്ല ആഷര്‍ കേരളത്തില്‍ പ്രസിദ്ധനായത്. മലയാളത്തില്‍ അദ്ദേഹം നിരവധി പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം1989 ആഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച ‘മലയാളഭാഷ സാഹിത്യപഠനങ്ങള്‍’ എന്ന ഗ്രന്ഥമാണ്. മലയാളഭാഷയെയും സാഹിത്യത്തെയും കുറിച്ചുള്ള പതിമൂന്നു പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. 1999-ല്‍ ‘മലയാളത്തിന്റെ സര്‍ഗ്ഗവിസ്മയം’ എന്ന പേരില്‍ ബഷീറിന്റെ നോവലുകളെക്കുറിച്ചുളള മറ്റൊരു ഗ്രന്ഥം കൂടി പ്രസിദ്ധീകരിച്ചു.

മലയാളഭാഷയുടെയും മലയാളത്തിലെ എഴുത്തുകാരുടെയും യശസ്സ് ലോകമെമ്പാടും എത്തിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ച വ്യക്തി ആഷറാണ്. 1967-ല്‍ ‘Encyclopaedia of Britanica’യില്‍ മലയാളസാഹിത്യത്തെക്കുറിച്ചുളള അദ്ധ്യായം എഴുതിയത് ആഷറായിരുന്നു. 1968-ല്‍ ഹോളണ്ടില്‍ നിന്നും പ്രസദ്ധീകരിച്ച ഭാഷാപഠനബുക്‌സ് പ്രകാശനം ചെയ്ത ‘The Penguin Companion to Literature’ എന്ന പുസ്തകത്തിലും മലയാളഭാഷയെപ്പറ്റി എഴുതിയത് ഇദ്ദേഹമാണ്. ഈ ഗ്രന്ഥത്തില്‍ നമ്മുടെ ഭാഷയിലെ പ്രസിദ്ധ എഴുത്തുകാരായ എഴുത്തച്ഛന്‍, ഒ. ചന്തുമേനോന്‍, വളളത്തോള്‍, കെ.എം.പണിക്കര്‍, തകഴി എന്നിവരെക്കുറിച്ചുളള വിശദമായ പഠനങ്ങള്‍ ഉണ്ട്. 1970-ല്‍ പ്രസിദ്ധീകരിച്ച ‘The novel in India:It’s birth and development’ എന്ന കൃതിയില്‍ മലയാളസാഹിത്യത്തിലെ എല്ലാ പ്രശസ്ത കൃതികളെപ്പററിയും ഇദ്ദേഹം വിശദമായ പഠനം നടത്തിയിട്ടുണ്ട്. 1970-ന് ശേഷം പാശ്ചാത്യരാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രമുഖ വിശ്വവിജ്ഞാകോശങ്ങളില്‍ മലയാളഭാഷയെയും സാഹിത്യകാരന്മാരെയും കുറിച്ചുളള പഠനങ്ങള്‍ ഇദ്ദേഹത്തിന്റെതാണ്

ആഷറിന്റെ പ്രമുഖ കര്‍മ്മവേദി എഡിന്‍ബറോ യൂണിവേഴ്സിറ്റിയായിരുന്നു. 1965- ല്‍ അവിടെ ഭാഷാശാസ്ത്ര താരതമ്യപഠനവിഭാഗത്തില്‍ അദ്ധ്യാപകജീവിതം ആരംഭിച്ച ഇദ്ദേഹം അവിടെ വകുപ്പുമേധാവി, ഡീന്‍, പ്രോ-വൈസ് ചാന്‍സലര്‍, ആര്‍ട്‌സ് ഫാക്കല്‍ററി ഓണററി ഫെലോ, എമിരിററസ് പ്രഫസര്‍ എന്നീ നിലകളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ തമിഴ് വിസിറ്റിങ് പ്രഫസര്‍, മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ മലയാളം, തമിഴ് വിസിറ്റിങ് പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവടങ്ങളിലെ നാല്പതിലേറെ യൂണിവേഴ്സിറ്റികളില്‍ വിസിറ്റിങ് പ്രഫസറായും ഗസ്റ്റ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും സേവനം നടത്തിയിട്ടുളള ഇദ്ദേഹം 1995-96-ല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ ബഷീര്‍ ചെയര്‍ മേധാവിയായിരുന്നു. 1997- ല്‍ ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിച്ച ‘Malayalam’ എന്ന പുസ്തകം മലയാളത്തിലെ ഈടുറ്റ ഒരു വ്യാകരണഗ്രന്ഥമാണ്. ഭാഷാസാഹിത്യ വ്യാകരണവിഷയങ്ങളടങ്ങിയ പത്തിലേറെ ഗ്രന്ഥങ്ങള്‍ ആഷര്‍ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഒരു ഡസനിലധികം പുസ്തകങ്ങള്‍ ഇദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട്. ഒന്‍പതിലേറെ വിശ്വവിജ്ഞാകോശങ്ങളുടെ എഡിറ്ററായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ നാല്പത്തിയഞ്ച് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു. ഇതിനെല്ലാമുപരി അനേകം ലേഖനങ്ങള്‍ ഇദ്ദേഹം വിവിധഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്രയും മഹത്തായ നിലയില്‍ ഭാഷാസേവനം ചെയ്ത ആഷര്‍ ഒരിക്കല്‍ തകഴി ശിവശങ്കരപ്പിളളയ്ക്ക് ഇങ്ങനെ എഴുതി: ‘എന്തെങ്കിലും നിലനില്‍ക്കത്തക്കവിധം ശാശ്വതമായി ഒന്ന് ചെയ്തുവയ്ക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അത്’ ‘കയര്‍’ തര്‍ജ്ജമ ചെയ്യുക എന്നതാണ് എന്ന് എന്റെ ആത്മാവ് സമ്മര്‍ദ്ദം ചെലുത്തുന്നു. യൂണിവേഴ്സിറ്റിയിലെ ഒരു വിഭാഗത്തിന്റെ തലവനെന്ന നിലയിലുളള തിരക്കേറിയ ജോലിക്കിടയിലും ആ വലിയ ജോലിയില്‍ മുഴുകാന്‍ എനിക്കുകഴിയുന്നു.’

മലയാളഭാഷസ്‌നേഹവും സാഹിത്യപഠനവും വെറും ബൗദ്ധിക തലത്തില്‍ മാത്രം ഒതുങ്ങിയ ഒരു പ്രക്രിയയായിരുന്നില്ല ആഷറിന്. അദ്ദേഹം മലയാളത്തെ മാതൃഭാഷയെപ്പോലെ സ്‌നേഹിക്കുകയും കേരളത്തെ സ്വന്തം തറവാടായി കണക്കാക്കുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ എഴുതുന്നു: ‘മലയാളഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ചുളള എന്റെ ലേഖനങ്ങളിലും പാശ്ചാത്യരാജ്യങ്ങളില്‍ ചെയ്ത പ്രഭാഷണങ്ങളിലും കേരളത്തെ സംബന്ധിച്ചു വിശേഷങ്ങളുടെ ഉത്തമാവസ്ഥയിലല്ലാതെ സംസാരിക്കാന്‍ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല…. കേരളത്തോട് അനിഷ്ടം തോന്നാത്ത ഒരാള്‍ തീര്‍ച്ചയായും അതിനെ സ്‌നേഹിക്കും. എന്നെ സംബന്ധിച്ചിടത്തോളം ആരെങ്കിലും കേരളത്തെ ഇഷ്ടപ്പെടുന്നില്ലെന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ അമ്പരക്കുകയാണ്. കാരണം ഇന്ത്യയുടെ മററു ഭാഗങ്ങളെ അപേക്ഷിച്ച് എന്തിന്, ലോകത്തിന്റെ മററു ഭാഗങ്ങളെ അപേക്ഷിച്ചു തന്നെ- ഒരു വിദേശിയന് കൂടുതല്‍ അനുഭൂതികള്‍ നല്കാനുളള അനന്തമായ സാധ്യതകള്‍ കേരളത്തിനുണ്ട്.’

ബഷീറിന്റെ ‘ബാല്യകാലസഖി’ നോര്‍വീജിയന്‍ കഥാകാരനായ ക്‌ന്യൂട്ട് ഹാംഡൂണിന്റെ ‘വിക്ടോറിയ’ യുടെ അനുകരണമാണെന്നു പറഞ്ഞ് ബഷിറിനെ അപമാനിക്കാന്‍ പലരും ശ്രമിക്കയുണ്ടായി. എം കൃഷ്ണന്‍നായര്‍ പോലും ഇതിനു മുതിര്‍ന്നു. ഇവരുടെയെല്ലാം ആരോപണണങ്ങളെ തകര്‍ക്കാന്‍ അദ്ദേഹം ഈ രണ്ടുകൃതികളെപ്പററി ഒരു താരതമ്യപഠനം നടത്തി. ‘ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഫ്രാന്‍സിലുണ്ടായിരുന്ന പ്രസിദ്ധരായ നോവല്‍ രചയിതാക്കളുടെ പന്തിയിലാണ് ബഷര്‍ ‘ബഷീറിന്റെ ഭാവനാശക്തിയും ശൈലീവല്ലഭത്വവും യൂറോപ്പിലെ മികച്ച ക്ലാസിക് കൃതികളുടേതിന് തുല്യമാണെന്ന് ഇദ്ദേഹം നിസംശയം പ്രസ്താവിച്ചു. ആഷര്‍ തുടര്‍ന്നും ഇങ്ങനെയെഴുതി: ‘ബഷീറിന്റെ കൃതികളില്‍ യാതൊരു പാശ്ചാത്യസ്വാധീനം കണ്ടെത്താനുളള ശ്രമം വ്യര്‍ത്ഥമാണ്.

ഇംഗ്ലീഷ്ഭാഷയിലെ സുപ്രധാന നിഘണ്ടുക്കളില്‍ ഒട്ടനവധി മലയാളപദങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് മലയാള നോവലുകള്‍ ആഷര്‍ വിവര്‍ത്തനം ചെയ്യുപ്പെട്ടതിന് ശേഷമാണ്. ഈ വാക്കുകളില്‍ ഏറിയ പങ്കും ബഷീറിന്റെ നോവലുകളിലെ പദങ്ങളാണ്. ഉദാഹരണത്തിന്, അവിയാല്‍, ഇബലീസ്, ദോത്തി, മുണ്ട്, കഞ്ഞി, ബീഗം, ബീഡി, ജ്ജൂബാ, കാലന്‍, പന്തല്‍, ആശാന്‍, പത്തിരി, സത്യാഗ്രഹം, താലി, ചക്രം, ഉമ്മ, ഉപ്പാപ്പ എന്നിങ്ങനെ പോകുന്നു ഈ പട്ടിക.

ആഷറിന്റെ നിസ്തുലവും നിസ്തന്ദ്രവുമായ ഭാഷാസേവനത്തിന് ആഗോളതലത്തില്‍ അനേകം അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1964-ല്‍ അദ്ദേഹത്തിന് ഫെലോ ഓഫ് ദി റോയല്‍ ഏഷ്യാററിക്ക് സൊസൈറ്റി ലഭിച്ചു. 1983-ല്‍ കേരളസാഹിത്യ അക്കാദമി അദ്ദേഹത്തെ ഫെലോ ആയി ആദരിച്ചു. ഇന്ത്യയിലെ ഒരു അക്കാദമി ഫെലോഷിപ്പ് നല്കി ബഹുമാനിച്ച ആദ്യത്തെ വിദേശി ആഷറാണ്.

ആന്റണി പുത്തന്‍പുരയ്ക്കല്‍ തയ്യാറാക്കി വിയന്നയില്‍ പബ്ലിഷ് ചെയ്ത A Comprehensive Multilingual Visual Dictionary എന്ന സപ്തഭാഷാ സചിത്ര നിഘണ്ടുവിന്റെ ചീഫ് എഡിറ്ററും അവതാരികക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭാഷ ശാസ്ത്രജ്ഞനും ദ്രവീഡിയന്‍ ഭാഷാധ്യാപകനുമായ പ്രൊഫ. ആര്‍.ഇ. ആഷര്‍ (96) 2023 ജനുവരി 11ന് സ്‌കോട്ലാന്റിലെ എഡിന്‍ബര്‍ഗില്‍ ആന്തരിച്ചതായി അദ്ദേഹത്തിന്റെ മകന്‍ ഡോ. ഡേവിഡ് ആഷര്‍ തന്റെ പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചു.

‘അമ്മ മലയാളത്തെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് നിറുത്തിയ പ്രിയപ്പെട്ട ആഷര്‍ക്ക് ആദരാഞ്ജലി!