വീഗാലാന്റിനും വിധിക്കും തോല്‍പ്പിക്കാനായില്ല: ചെമ്പൈ സംഗീതോത്സവത്തില്‍ പാടിതകര്‍ത്ത് വിജേഷ് വിജയന്‍


ഗുരുവായൂര്‍: ഓര്‍ക്കുന്നില്ലേ വിജേഷ് വിജയനെ? വര്‍ഷങ്ങള്‍ക്ക് മുമ്പ് വീഗാലാന്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന തൃശൂര്‍ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന്‍ എന്ന കലാക്കാരനായ ചെറുപ്പക്കാരന്റെ സംഗീത കച്ചേരി ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവത്തില്‍ നടന്നു. അമൃതവാഹിനി രാഗത്തില്‍ ശ്രിരാമപാദ എന്ന് തുടങ്ങുന്ന കീര്‍ത്തനമാണ് വിജേഷ് ആലപിച്ചത്. നാളുകളായുള്ള ഒരു കാത്തിരിപ്പാണ് സഫലമായതെന്നും ഇങ്ങനെയൊരു കീര്‍ത്തനം ആലപിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ സര്‍വ്വേശ്വരനോട് നന്ദി പറയുന്നതായും വിജേഷ് മലയാളി വിഷനോട് പറഞ്ഞു.

മനസ്സുണ്ടെങ്കില്‍ ജീവിതത്തില്‍ എന്തും സാധ്യമാണെന്ന് ഇതിനു മുമ്പും വിജേഷ് ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്നെ നായകനായ ഹ്രസ്വചിത്രം ‘ലിവ് എ ലൈഫ്’ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സിനിമാലോകത്തെ പ്രമൂഖരുടെവരെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു അത്. മനസ് വച്ചാല്‍ വൈകല്യങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കുമെന്ന ശക്തമായ സന്ദേശമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിച്ചത്.

ഏകദേശം 12 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ മേല്‍നോട്ടത്തിലുള്ള വീഗാലാന്റില്‍ നിന്നും അപകടം സംഭവിച്ച് വിജേഷ് വിജയന്‍ അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നു ദീഘകാലം ചികില്‍സയിലായിരുന്നു. ഇപ്പോഴും തുടരുന്ന ചികിത്സകല്‍ക്കിടയിലാണ് ഇച്ഛാശക്തിയും പരിശ്രമവും വ്രതമാക്കി വിജേഷ് ജനമന്‍സ്സുകള്‍ക്ക് ആവേശമായി തീരുന്നത്.