ഹ്രസ്വചിത്രത്തില്‍ നായകനായി വീഗാലാന്‍ഡ് അപകടത്തിലെ നായകന്‍ വിജേഷ് വിജയന്‍, ജീവിതസന്ദേശമായി ‘ലിവ് എ ലൈഫ്’


ഈ മുഖം പരിചിതമാണ്. അതിനാല്‍ തന്നെ ഒരു പരിചയപ്പെടുത്തല്‍ ആവശ്യവുമില്ല. രണ്ട് മാസങ്ങള്‍ക്കപ്പുറം വാര്‍ത്തകളില്‍ വിവാദം കൊടുമ്പിരികൊണ്ടപ്പോള്‍ അപ്രതീക്ഷിതമായി അതിലൊരു കഥാപാത്രമായ യുവാവ്. ഇത് തൃശൂര്‍ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന്‍. വിധി തീര്‍ത്ത ക്രൂരതയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കാത്ത വ്യക്തിത്വം. ‘വീഴ്ച തകര്‍ച്ചയല്ല’ എന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്ന പോസിറ്റീവ് തിങ്കിങ്ങിന്റെ ഒരു കൊച്ചു ചിത്രവുമായാണ് വിജേഷ് ഇന്ന് വാര്‍ത്താമാധ്യമങ്ങളില്‍ നിറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി വീഗാലാന്റിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നതോടെ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയായിരുന്നു വിജേഷിന്റെ ലോകം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു പാരിതോഷികത്തിന്റെ പേരില്‍ തിരുവനന്തപുരത്തെ വീട്ടമ്മയ്ക്കും വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കുമൊപ്പം വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെയാണ് വിജേഷിനെ തേടിയെത്തിയ ദുരന്തം വര്‍ഷങ്ങള്‍ക്കിപ്പുറം ലോകം തിരിച്ചറിഞ്ഞത്. എന്നാല്‍ ഇന്ന് ഈ വിവാദങ്ങളുടെ പേരിലല്ല വിജേഷ് എന്ന യുവാവ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.ഈ ചെറുപ്പക്കാരന്‍ വിവാദങ്ങളെ അകറ്റിനിര്‍ത്തിയപ്പോള്‍ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത് ഹൃദയസ്പര്‍ശിയായ ജീവിതകഥയാണ്.. വിജേഷ് നായകനായ ‘ലിവ് എ ലൈഫ്’ എന്ന ഹ്രസ്വചിത്രം ജനശ്രദ്ധ നേടുമ്പോള്‍ ഈ യുവാവ് ഒരിക്കല്‍കൂടി ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.മനോജ് മുരളിയാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. എട്ട് മിനിറ്റാണ് ‘ലിവ് എ ലൈഫിന്റെ ദൈര്‍ഘ്യം.

അഭിനയിക്കുകയല്ല, മറിച്ച് ഹ്രസ്വചിത്രത്തിലെ കഥാപാത്രത്തിലൂടെ തന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടുകയാണ് വിജേഷ് വിജയന്‍. ഭാവമാറ്റങ്ങള്‍ ഒന്നുമില്ലാതെ വിജേഷ് ക്യാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ വിധിയോട് പൊരുതുന്ന കുറേ മനുഷ്യജന്മങ്ങള്‍ക്ക് പകര്‍ന്നുനല്‍കുന്നതും പ്രതീക്ഷയുടെ നറുവെട്ടമാണ്. മനസ്സുണ്ടെങ്കില്‍ എന്തിനേയും ഏതിനേയും ആര്‍ക്കും കീഴടക്കാം എന്ന് ഇവിടെ വരച്ചുകാട്ടുകയാണ്. ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്ന സമൂഹത്തിലെ ചിലരുടെ മനസിനെയാണ് വൈകല്യം ബാധിച്ചിരിക്കുന്നതെന്നും ‘ലിവ് എ ലൈഫ്’ തുറന്നുകാട്ടുന്നു. വിജേഷിന്റെ സഹോദരന്‍ രജീഷാണ് ഹ്രസ്വചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.

ഡിസംബര്‍ ആദ്യവാരം ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണവും മറ്റു ജോലികളും അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് വിജേഷിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉടലെടുത്തത്. വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നുവെന്ന് വിജേഷ് മലയാളി വിഷനോട് പറഞ്ഞു. ആരുടെയെങ്കിലും സഹതാപം പിടിച്ചുപറ്റാനല്ല ‘ലിവ് എ ലൈഫ്’ അണിയിച്ചൊരുക്കിയതെന്നും വിജേഷ് വ്യക്തമാക്കുന്നു.

ജീവിതത്തില്‍ പ്രതീക്ഷിക്കാന്‍ ഒരുപാടുണ്ടെന്ന വിജേഷിന്റെ ജീവിതത്തിന്റെ സന്ദേശം തന്നെയാണ് ചിത്രം ബാക്കിവയ്ക്കുന്നതും. ‘ലിവ് എ ലൈഫ്’ കണ്ട നിരവധി പ്രേക്ഷകര്‍ അണിയറ പ്രവര്‍ത്തകരെ അറിയിച്ചതും മികച്ച പ്രതികരണമാണ്. ഫെബ്രുവരി 22ന് അപ്ലോഡ് ചെയ്ത ഹ്രസ്വചിത്രം ഇതിനകം നാലായിരത്തിലധികം ആളുകള്‍ കണ്ടുകഴിയുകയും ചെയ്തു.