കൊച്ചിയ്ക്ക് കൊക്കെയ്ന്‍ ഹരമാണ്; ഇത് ഒരു ന്യൂ ജെന്‍ ലഹരി കഥ
കൊച്ചിയിലെ ഡ്രീം ഹോട്ടലും, അഷിഖ് അബുവിന്റെ കഫെ പപ്പായ തുടങ്ങി ഫോര്‍ട്ട് കൊച്ചിയിലെ ഇരുപതോളം സ്ഥലങ്ങളില്‍ വാലന്റ്റൈന്‍സ് ദിനത്തോടുനബന്ധിച്ച് പോലിസ് നീരിക്ഷിച്ചു. ചിലയിടങ്ങില്‍ റെയിഡും നടത്തി. ഒന്നും തന്നെ കിട്ടിയില്ല എന്നതാണ് ഭാഷ്യം. എന്നാല്‍ കൊച്ചി പോലുള്ള നഗരങ്ങള്‍ കേന്ദ്രികരിച്ച് ലഹരി നുണയാന്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ യുവജനങ്ങള്‍ ഉണ്ടെന്നത് ഒരു പക്ഷെ ഞെട്ടലോടെയാണ് നാം മനസിലാക്കുന്നത്. അതിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന വസ്തുതകള്‍ ഈ ദിവസങ്ങളില്‍ ജനം മനസിലാക്കി.
മലയാള സിനിമയില്‍ കുറച്ചു കാലം മുന്‍പ് പിറവിയെടുത്ത ഒരു വിഭാഗമാണ് ന്യൂ ജനറേഷന്‍ സിനിമാക്കാര്‍. പരസ്യമായി മിക്ക സിനിമാ പ്രവര്‍ത്തകരും ഇത്തരത്തില്‍ ഒരു പ്രതിഭാസം മലയാള സിനിമയില്‍ ഇല്ല എന്ന് പറയുന്നുണ്ടെങ്കിലും സിനിമാക്കാര്‍ അല്ലാത്തവര്‍ക്ക് പോലും അറിയാവുന്ന ഒരു കാര്യമാണ് ഈ ന്യൂ ജനറേഷന്‍. ന്യൂ ജനറേഷന്‍ സിനിമകളുടെ മുഖ്യ തറവാട് എന്ന് പറയാവുന്നത് കൊച്ചി തന്നെയാണ്. കയ്യില്‍ നല്ല ഒരു ക്യാമറ ഉള്ള എല്ലാവരും ന്യൂ ജനറേഷന്‍ തരംഗത്തില്‍ സംവിധായകനും നടനും നടിയുമൊക്കെ ആയി മാറി. ചിലരൊക്കെ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നു. ഈ തരംഗത്തില്‍ ധാരാളം യുവാക്കള്‍ മലയാള സിനിമയില്‍ അരങ്ങേറി എങ്കിലും സിനിമാ മേഖലയ്ക്ക് വസ്തുനിഷ്ഠമായി വലിയ ഗുണങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല എന്നതാണ് സത്യം.
എന്നാല്‍ ഇപ്പോള്‍ ഗുണത്തേക്കാളേറെ ദോഷങ്ങളാണ് പറഞ്ഞു കേള്‍ക്കുന്നത്. ന്യൂ ജെന്‍ സിനിമാക്കാരുടെ ഇടയിലെ ലഹരി ഉപയോഗം പരസ്യമായ ഒരു രഹസ്യമായിരുന്നു. കള്ള് , കഞ്ചാവ്, അശ്ലീല പ്രയോഗം എന്നിവയാണ് ഇത്തരം ന്യൂ ജെന്‍ സിനിമകളുടെ മുഖമുദ്രയായി വാഴ്ത്തിയത്. ഇത്തരം സിനിമകളുടെ വരവോടെയാണ് മലയാളി യുവാക്കളില്‍ മുമ്പൊന്നും ഇല്ലാത്തവിധം ലഹരി ഉപയോഗം വര്‍ദ്ധിക്കുവാന്‍ കാരണമെന്നും പറയാം. സ്‌കൂള്‍ തലം മുതല്‍ ഇപ്പോള്‍ കുട്ടികളില്‍ ലഹരി ഉപയോഗം സാധാരണമായിക്കഴിഞ്ഞു. കുട്ടികളെ ലഹരിയുടെ അടിമകളാക്കുവാന്‍ വന്‍ ലോബിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ലഹരി ഉപയോഗിക്കുന്നത് വഴി സ്വര്‍ഗീയമായ അനുഭൂതി വാഗ്ദാനം ചെയ്യുന്നവര്‍ വന്‍ വിപണി മുന്നില്‍ കണ്ടാണ് സിനിമയിലൂടെ പോലും ലഹരി ഉപയോഗത്തെ നിസ്സരവല്‍ക്കരിക്കുന്നത്. ലഹരി ഉപയോഗിക്കുന്ന കാര്യത്തില്‍ അല്ലെങ്കില്‍ അശ്ലീലം സാധാരണ ജീവിതത്തില്‍ ഉളുപ്പില്ലാതെ പറയാന്‍ കുട്ടികളെയും, യുവാക്കളെയും പ്രേരിപ്പച്ചതില്‍ ന്യൂ ജെന്‍ സിനിമാര്‍ക്ക് നല്ലൊരു പങ്കു ഉണ്ട്.
ന്യൂ ജെന്‍ സിനിമാക്കാരുടെ ലഹരി ഉപയോഗം മറനീക്കി പുറത്തു വന്ന കാഴ്ചയാണ് കൊച്ചിയില്‍ ഈ കഴിഞ്ഞ കുറെ ദിസങ്ങളായി അരങ്ങേറിയത്. പോലിസ് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോ എന്ന യുവ നടനെയും അയാളുടെ സുഹൃത്തുക്കളായ മൂന്നു യുവതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ ഷൈന്‍ അടുത്ത കാലത്ത് റിലീസ് ആയ ഇതിഹാസ എന്ന ചിത്രത്തിലൂടെ നായകനിരയില്‍ എത്തിപ്പെട്ടിരുന്നു. സാധാരണക്കാരായ യുവാക്കളുടെ ഇടയില്‍ കഞ്ചാവ് ആണ് താരം. എന്നാല്‍ അതിലും കൂടിയ ലഹരി പദാര്‍ത്ഥമായ കൊക്കെയ്ന്‍ ആണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ ആദ്യം വളരെ വേഗം അന്വേഷണം നടത്തിവന്ന പോലിസ് ഇപ്പോള്‍ ആകെ ഇഴഞ്ഞ മട്ടാണ്. കേസില്‍ അന്വേഷണം വ്യാപിച്ചപ്പോള്‍ ഉന്നതരും ഉള്‍പ്പെട്ടത് മനസിലാക്കിയട്ടാവണം പോലീസിനു മെല്ലെ പോകാതെ തരമില്ലെന്നായി. അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലും പിന്നിട് ഇല്ലാതെയായി. പട്ടി ചന്തയ്ക്കു പോയതുപോലെ പോലിസ് ഗോവയില്‍ നിന്നും തിരിച്ചെത്തി.
ഗോവയില്‍ നിന്നാണ് തങ്ങള്‍ക്ക് കൊക്കെയ്ന്‍ എത്തിയത് എന്ന് പിടിയിലായവര്‍ സമ്മതിച്ചു എങ്കിലും കേസില്‍ പല ഉന്നതന്മാരും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വിവരം ലഭിച്ച പോലിസ് കേസ് എങ്ങനെയും ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമം തുടരുന്നതയാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. കേസില്‍ നടന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ആഷിക് അബു എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നുവരെ ഒരു ദിനപത്രം വാര്‍ത്ത നല്‍കി. എന്നാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും, കേസ് നടത്തി കിട്ടുന്ന നഷ്ടപരിഹാര തുക മുഴുവന്‍ ചാരക്കേസില്‍ അകപെട്ട് ജീവിതം നഷ്ടമായ നമ്പി നാരായണന് നല്‍കുമെന്നും ആഷിക് അറിയിച്ചു. പോലിസിനെ കൂടാതെ പ്രമുഖ പത്രമാധ്യമങ്ങളും ഈ കേസിന് വലിയ പ്രാധ്യാനം നല്‍കുന്നത് കുറച്ചു എന്നാണ് അവ ശ്രദ്ധിച്ചാല്‍ മനസിലാകുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സംഭവത്തിന്റെ അലകള്‍ ഒടുങ്ങിയിട്ടില്ല. കേസില്‍ പിടിക്കപ്പെട്ട പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴി നാടെങ്ങും പരന്നു. അത് മറ്റൊരു തരത്തിലെ ലഹരിയായി പൊതുജനം ആസ്വദിച്ചു.
കേസ് ഇത്തരത്തില്‍ മുന്‍പോട്ടു പോകുന്ന സമയത്തും ഇതുവരെ മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍ ആരും തന്നെ ഇതില്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമായി. എന്തൊക്കെ മറച്ചു വച്ചാലും പോലിസ് കേസിന്റെ ദിശ മാറ്റി വിട്ടാലും ലഹരിയുടെ ഉപയോഗം തുടര്‍ന്നാല്‍ അത് പുറത്ത് വരും. യുവ തലമുറയുടെ ലഹരി ഉപയോഗം സമൂഹത്തിന്റെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കും. വരും തലമുറയെ അതില്‍ നിന്നും രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. സിനിമ തുടങ്ങുന്ന സമയം പുകവലി മദ്യപാനം തുടങ്ങിയവ ദോഷകരമാണ് എന്ന് എഴുതി കാണിച്ചതുകൊണ്ടോ അതൊക്കെ പരസ്യമായി നിരോധിച്ചതുകൊണ്ടോ മാത്രം കാര്യമില്ല. ലഹരി എത്തുന്ന പുതിയ വഴികളെ തടയാന്‍ സര്‍ക്കാരും പോലീസും കര്‍മ്മ പദ്ധതികള്‍ ആവിഴ്ക്കരിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ യുവത വലിയ വില കൊടുക്കേണ്ടിവരും.