മന്ത്രി തിരുവഞ്ചൂരിന്റെ പൈലറ്റ് വാഹനം തട്ടിയ യുവതിയ്ക്ക് മനുഷ്യാവകാശ കമ്മിഷന്റെ തുണ; കേസ് വഴിതിരിച്ചു വിടാന്‍ പോലിസ്…
ആലപ്പുഴ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൈലറ്റ് വാഹനം തട്ടി ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് അവസാന പ്രതീക്ഷയായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. മന്ത്രിയ്ക്ക് അകമ്പടിപോയ വാഹനത്തിന്റെ െ്രെഡവറെ രക്ഷിക്കാനും മന്ത്രിക്കെതിരേ ഉയര്‍ന്നേക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കാനുമായി കേസ് തേച്ചുമാച്ചുകളയാന്‍ പോലീസ് നടത്തിയ ശ്രമവും മനുഷ്യാവകാശ കമ്മിഷന്‍ അംഗം ജസ്റ്റീസ് ആര്‍. നടരാജന്റെ ഉത്തരവിലൂടെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്.
മന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചാണ് അപകടമുണ്ടായതെയെങ്കിലും മന്ത്രിയുടെ വാഹനത്തിന്റെ ശബ്ദം കേട്ട് പരിഭ്രമിച്ച് സ്വയം അപകടത്തില്‍പ്പെടുകയായിരുന്നു എന്ന തരത്തിലാണ് കേസ് പോലിസ് വഴിതിരിച്ചുവിട്ടത്. എന്നാല്‍ യുവതിയുടെ പരാതിയില്‍ കേസില്‍ പുനഃരന്വേഷണത്തിന് തിരുവല്ല ഡി.വൈ.എസ്.പിക്ക് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും തുടരന്വേഷണത്തിലും കേസ് അട്ടിമറിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ പരിക്കേറ്റ യുവതിക്ക് നീതി ലഭിക്കാന്‍ ശ്രമിക്കുന്നതിനു പകരം കേസ് തേച്ചുമാച്ചുകളയാന്‍ ശ്രമിച്ചതില്‍ മന്ത്രിക്ക് പങ്കുണ്ടോ എന്നതും സംശയമായി നിലനില്‍ക്കുകയാണ്. അതേസമയം എല്ലാക്കാര്യത്തിലും വിശദമായ മറുപടി പറയുന്ന മന്ത്രി തിരുവഞ്ചൂരാകട്ടെ ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള പ്രതികരണവുമില്ലാതെ മൗനം തുടരുകയും ചെയ്യുന്നു.
ആലപ്പുഴ ജില്ലയിലെ മാന്നാര്‍ കുരട്ടിശ്ശേരി മണലേല്‍ പുത്തന്‍വീട്ടില്‍ പ്രീയ ജെജി എന്ന പെണ്‍കുട്ടിയാണ് മന്ത്രിവാഹനം ഉണ്ടാക്കിയ അപകടത്തിന്റെ പേരില്‍ നീതിക്കായി കേഴുന്നത്. 2013 ഓഗസ്റ്റ് രണ്ടിനാണ് പ്രീയയ്ക്കു നിത്യവേദനയായി മാറിയ അപകടം. അധികാരവര്‍ഗത്തിന്റെ താത്പര്യത്തിനുവേണ്ടി വസ്തുതകള്‍ വളച്ചൊടിക്കപ്പെട്ടപ്പോള്‍ ഇരയുടെ നിസഹായതയോടെ ഈ പെണ്‍കുട്ടി ശിഷ്ടജീവിതം തള്ളിനീക്കുകയാണ്.
അന്നത്തെ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ വനം മന്ത്രിയുമായ തിരുവഞ്ചുര്‍ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ അകമ്പടി വാഹനങ്ങളും തിരുവല്ല ദീപ ജംഗ്ഷനു സമീപം എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്‍വശത്തുകൂടി അതിവേഗം മുന്നോട്ടുനീങ്ങുമ്പോഴായിരുന്നു അപകടം. തന്റെ കെഎല്‍ 03 ബി 749 നമ്പര്‍ സ്‌ക്കൂട്ടറില്‍ ചങ്ങനാശേരിചെങ്ങന്നൂര്‍ എംസി റോഡ് വഴി ചങ്ങനാശേരിയിലേക്കുള്ള യാത്രയിലായിരുന്നു പ്രിയ. ഇതിനിടെമന്ത്രിയുടെ അകമ്പടിവാഹനം പ്രിയയുടെ സ്‌കൂട്ടറിനെ തട്ടിമറിച്ച് മുന്നോട്ടുപോവുകയായിരുന്നു.
നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രീയയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ഇടതുകാലിന്റെ കുഴയുടെ ഭാഗത്ത് പൊട്ടലും മുറിവും ചതവുമായി തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രീയയെ മന്ത്രി സന്ദര്‍ശിക്കുകയും അടിയന്തരചികിത്സാസഹായം നല്‍കാന്‍ വാഗ്ടാനവം ചെയ്തു. തുടര്‍ന്ന് എല്ലാ തരത്തിലുള്ള സഹായവും പതിവ് തിരുവഞ്ചൂര്‍ ശൈലിയില്‍ വാഗ്ദാനം ചെയ്യപ്പെട്ടു. മന്ത്രിയുടെ തന്നെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസ് െ്രെകം 1437/2013 നമ്പര്‍ ആയി ജീപ്പ് െ്രെഡവറെ പ്രതിയാക്കി കേസും എടുത്തു.
ഇതിനിടെ പ്രീയ ആശുപത്രി വിട്ടു. കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും മതിയായ നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോടതി നടപടികള്‍ക്കായി പ്രീയ കാത്തിരുന്നു. ഇതിനിടെ രണ്ടുവര്‍ഷം പിന്നിട്ടിട്ടും കേസില്‍ ഒരു മഹസര്‍ പോലും തയാറാക്കാന്‍ പോലീസ് മിനക്കെട്ടില്ല. തിരുവല്ല ഡിവൈഎസ്പിയാകട്ടെ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേസ് സമ്പൂര്‍ണമായി അട്ടിമറിക്കുകയും ചെയ്തു.
വാഹനാപകടത്തില്‍ പരിക്കേറ്റ് പ്രീയ ആശുപത്രിയില്‍ കഴിയുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊഴി വാങ്ങി തിരുവല്ല പോലീസില്‍ (ഫയല്‍ നമ്പര്‍ 1437/2013 യു/എസ് 279,337,338) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെന്നു പറഞ്ഞ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലെ ഏറ്റവും കൗതുകകരമായ വസ്തുത മന്ത്രിവാഹനം പ്രീയയെ ഇടിച്ചില്ല എന്നതാണ്. പ്രീയ റോഡിന്റെ പടിഞ്ഞാറുവശം ചേര്‍ന്ന് സ്‌കൂട്ടര്‍ ഓടിച്ചുപോകവേ ആഭ്യന്തരമന്ത്രിയുടെ പൈലറ്റ് വാഹനത്തിന്റെയും മന്ത്രിയുടെ വാഹനത്തിന്റെയും ഹോണ്‍കേട്ട് വെപ്രാളപ്പെട്ടുവെന്നാണ് തിരുവല്ല ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് തെന്നിവീണ് പ്രീയസഞ്ചരിച്ച സ്‌കൂട്ടര്‍ ഇടതുവശത്തേക്ക് ചെരഞ്ഞു. അങ്ങനെ പരാതിക്കാരിയുടെ ഇടതുകാലിന് പരിക്ക് പറ്റിയെന്നും അന്വേഷണത്തില്‍ ബോധ്യമായെന്നാണ് ഡിവൈഎസ്പിയുടെ കണ്ടെത്തല്‍.
എന്നാല്‍ പോലീസ് സ്‌റ്റേഷന്‍ െ്രെകം 1437/2013 ന്റെ വിശദാംശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ചങ്ങനാശേരി ഭാഗത്തേക്ക് പോകവേ റോഡില്‍ വച്ച് പിന്നാലെ വന്ന ജീപ്പ് ഇടിച്ച് പ്രീയക്ക് പരിക്കേറ്റു എന്നാണ്. പ്രീയയുടെ മൊഴി ഇത്തരത്തിലാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജീപ്പ് തന്റെ വലതുഭാഗത്താണ് ഇടിച്ചതെന്നും വീഴ്ചയില്‍ കൈക്കും കാലിനും പരിക്കേറ്റുവെന്നും പറയുന്നു. പ്രീയയുടെ സ്‌കൂട്ടര്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചു. സ്‌കൂട്ടറിന്റെ പുറകുവശത്തും മറ്റും കേടുപാടുകള്‍ ഉണ്ടായതായി വ്യക്തമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ പോലീസ് ജീപ്പ് കസ്റ്റഡിയിലെടുത്ത് എഎംവിഐ റിപ്പോര്‍ട്ട് തയാറാക്കിയതായി രേഖകളിലൊന്നും കാണുന്നുമില്ല. ഇതുപരിശോധിക്കാനുള്ള രേഖകള്‍ ഇപ്പോള്‍ ലഭ്യവുമല്ല എന്ന അവസ്ഥയാണ്.
കേസ് ഡയറി പരിശോധിച്ച സംസ്ഥാനമനുഷ്യാവകാശ കമ്മിഷന്‍ എത്തുന്ന നിഗമനങ്ങള്‍ കേസ് അട്ടിമറിച്ചുവെന്നതിന്റെ വ്യക്തമായ തെളിവുകളാണ് നല്‍കുന്നത്. പോലീസിന്റെയും പൈലറ്റ് വാഹനത്തിന്റെയും ശബ്ദം കേട്ട് പരാതിക്കാരുടെ വാഹനത്തിന്റെ നിയന്ത്രണം വിട്ടുവെന്ന പോലീസിന്റെ വാദം അവശ്വസനീയമാണെന്നും കമ്മിഷന്‍ പറയുന്നു. പോലീസ് ജീപ്പിന്റെ ശബ്ദം കേട്ട് നിയന്ത്രണം വിട്ടുവെന്ന പോലീസിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് തന്നെ ജീപ്പിന്റെ അമിതവേഗത വ്യക്തമാണെന്നും അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങി തിരുവല്ല പോലീസ് സ്‌റ്റേഷന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പത്തനംതിട്ട പോലീസ് മേധാവിയ്ക്ക് ജസ്റ്റീസ് ആര്‍.നടരാജന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
കൊടിവച്ച കാറില്‍ ജനക്ഷേമത്തിനായി അതിവേഗം പായുന്ന മന്ത്രിമാര്‍ തങ്ങളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുന്ന പുല്‍ക്കൊടികളുടെ വേദന അറിയുന്നില്ല എന്നതാണ് പ്രീയയുടെ സംഭവം തെളിയിക്കുന്നത്. ഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്താനോ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനോ പോലും മന്ത്രിയോ അദ്ദേഹത്തിന് കുട പിടിക്കുന്ന ഭരണവര്‍ഗമോ തയാറാകുന്നില്ല എന്നത് സംഭവങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.