പത്തു ദിവസത്തിനകം ഇന്ത്യ വിടണം ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എക്ക് വധഭീഷണി

കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി. പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നു കാട്ടി ഊമക്കത്ത് ലഭിക്കുകയായിരുന്നു. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. അദ്ദേഹത്തിനോട് വിരോധമുള്ള ജയിലിലുള്ള ക്രിമിനലുകളായിരിക്കും കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

തിരുവഞ്ചൂരിനോട് വിരോധമുള്ളത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലിലായ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ അവരായിരിക്കും കത്തയച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാരണം തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഒളിവിലായിരുന്ന ടി.പി. വധക്കേസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ”ടിപി കേസ് പ്രതികള്‍ക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളത്. ജയിലില്‍ കിടക്കുന്ന പ്രതികള്‍ തന്നെയാണ് കത്ത് അയച്ചതെന്ന് വ്യക്തമാണ്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഭയമുണ്ട്. ഇപ്പോഴും ജയിലില്‍ കിടക്കുന്ന സംഘമാണ് പുറത്തുള്ള ക്വട്ടേഷന്‍ സംഘത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ഭയപ്പെട്ടത്. ഗൗരവമായി കാണുന്നത്. ”- വി ഡി സതീശനും കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരേ വരെ കത്തയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.