ഇറ്റലിയിലെ നിയമവിരുദ്ധ താമസക്കാര്‍ക്ക് കര്‍ശന പരിശോധന
ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫുര്‍ട്ട്/റോം: ഐ എസ് ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഇറ്റലിയിലെ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരെയും പുറത്താക്കുന്നതിനുള്ള പരിശോധന ക്തമാക്കാന്‍ സര്‍ക്കാര്‍ പോലീസിനും, ഇമിഗ്രേഷനും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം കൂടിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി മത്തെയോ റെന്‍സി രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ അത് കൂടുതല്‍ വിഷമത്തിലാക്കുന്നത് ഇറ്റലിയിലുള്ള മലയാളികളെയാണ്. നാട്ടില്‍ നിന്നും ലഷങ്ങള്‍ കോഴ കൊടുത്ത് ജീവിത മാര്‍ഗ്ഗം തേടിയെത്തിയവര്‍ വെറും കൈയ്യോടെ. നാട്ടിലേയ്ക്ക് തിരിച്ച് പോകേണ്ടിവരുമോ എന്ന വിഷമത്തിലാണിപ്പോള്‍. എന്നാല്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരഷിക്കാന്‍ സര്‍ക്കാരിന് ഇങ്ങനൊരു തീരുമാനത്തിലെത്തുക എന്നത് നിര്‍ബന്ധമായതിനാല്‍ ഈ തീരുമാനത്തില്‍ മാറ്റം ഉണ്ടാവില്ലെന്ന സൂചനയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കുന്നത്.
നിയമപരമായി ഇറ്റലിയില്‍ താമസിക്കുന്ന ആര്‍ക്കും പ്രതിസന്ധികള്‍ നേരിടണ്ട ആവശ്യം ഇല്ലെന്നും, നിയമ വിരുദ്ധമായ ഏതെങ്കിലും രീതിയില്‍ പിടിക്കപ്പെട്ടാല്‍ നിയമ നടപടികള്‍ ഉടന്‍ എടുക്കുമെന്നും പ്രധാനമന്ത്രി മത്തെയോ റെന്‍സി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞു. ഇറ്റലിക്ക് അതിന്റേതായ ചട്ടങ്ങളുണ്ടെന്നും അതിനെ ദുരുപയോഗം ചെയ്യാന്‍ ഗവണ്‍മെന്റ് അനുവദിക്കുകയില്ലെന്നും രാജ്യത്തെ രക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഇറ്റാലിയന്‍ പൗരത്വം ഉള്ളവര്‍ക്ക് മാത്രം ബാധകമല്ല എന്നും ഇത് ഇവിടെ താമസിക്കുന്ന എല്ലാവരുടെയും സംരക്ഷയ്ക്ക് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായി ഇറ്റലിയില്‍ നില്‍ക്കുന്നവര്‍ക്ക് മറ്റ് മാര്‍ഗ്ഗം കണ്ടെത്താന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുവാന്‍ ആരേയും അനുവദിക്കില്ലന്നും മത്തെയോ റെന്‍സി പറഞ്ഞു.