ദൈവപ്രീതിക്കായി 68 ദിവസം ആഹാരം കഴിക്കാതെ ഉപവാസ വ്രതമനുഷ്ഠിച്ച 13 വയസുള്ള പെണ്‍കുട്ടി മരിച്ചു

jain-girl-hyderab ഹൈദരാബാദ് : ദൈവപ്രീതിക്കായി 68 ദിവസം ഉപവാസ വ്രതമനുഷ്ഠിച്ച 13 വയസുള്ള പെണ്‍കുട്ടി മരിച്ചു. ഹൈദരാബാദ് സ്വദേശിനിയും എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയുമായ ആരാധനയാണ് നാല് മാസം നീണ്ട ചൗമാസ എന്ന ഉപവാസം നടത്തിയ ശേഷം മരിച്ചത്. ജൈൻ മതവിശ്വാസികളുടെ പുണ്യമാസമായ ‘ചൗമാസ’യിലാണ് എട്ടാം ക്ളാസുകാരിയായ ആരാധ്യ വ്രതമെടുത്തിരുന്നത്. ഉപവാസം അവസാനിപ്പിച്ച് രണ്ട് ദിവസങ്ങൾക്കകം ആരാധ്യയെ ആശുപത്രിയിലാക്കുകയും ഹൃദയസ്തംഭനം മൂലം മരിക്കുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ആരാധ്യ ഇതിന് മുൻപ് 41 ദിവസം ഉപവാസമനുഷ്ഠിച്ചിട്ടുണ്ട്. ജൈൻ മതവിശ്വാസികൾക്കിടയിൽ ഇത്തരത്തിൽ നിരാഹാര വ്രതമനുഷ്ഠിക്കുന്നത് പുണ്യപ്രവൃത്തിയായാണ് കണക്കാക്കപ്പെടുന്നത്. സെക്കന്തരാബാദിൽ ആഭരണ വ്യാപാരികളായ കുടുംബം ആരാധ്യയെ സ്കൂളിൽ പോകുന്നത് പോലും ഉപേക്ഷിച്ച് ഉപവാസമനുഷ്ടിക്കാൻ അനുവദിച്ചിരുന്നു. വധുവിനെ പോലെ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് ക്ഷീണിതയായി രഥത്തിലിരിക്കുന്ന ആരാധ്യയുടെ ചിത്രങ്ങൾ സോഷ്യമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സ്‌കൂളില്‍ പോലും പോകാതെ ഉപവാസം അനുഷ്ഠിക്കാന്‍ ആരാണ് പെണ്‍കുട്ടിയെ അനുവദിച്ചതെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. “ഞങ്ങളൊന്നും ഒളിച്ചുവെക്കുന്നില്ല. ആരാധ്യ നിരാഹാര വ്രതത്തിലാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അവളോടൊത്ത് സെൽഫിയെടുക്കാൻ പലരും വരാറുണ്ട്. ഇപ്പോൾ അവൾ മരിച്ചപ്പോൾ മാത്രം ഞങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല” ആരാധ്യയുടെ മുത്തച്ഛൻ പറഞ്ഞു.എന്നാൽ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ഇത്തരത്തിലുള്ള അനുഷ്ഠാനത്തിന് അനുവദിക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് സമുദായത്തിലെ അംഗമായ ലത ജൈൻ പറയുന്നു. ഇതിനെ കൊലപാതകമെന്നോ ആത്മഹത്യയെന്നോ ആണ് വിളിക്കേണ്ടതെന്ന് അവർ പറഞ്ഞു.എന്നാൽ മുതിർന്നവർ അനുഷ്ഠിക്കേണ്ട വ്രതാനുഷ്ഠാനങ്ങൾ കുട്ടികൾ ആചരിക്കുന്നതിലും അത് മരണത്തിലേക്ക് നയിക്കുന്നതിലും അസ്വാഭാവികതയുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.ആരാധ്യയുടെ ശവസംസ്ക്കാരത്തിന് വമ്പിച്ച ജനാവലിയാണ് തടിച്ചുകൂടിയത്. ബാല തപസ്വി എന്ന് ആരാധ്യയെ വിശേഷിപ്പിച്ച ശവസംസ്ക്കാര ഘോഷയാത്രക്ക് ശോഭായാത്ര എന്നാണ് വിളിച്ചത്.