ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണം: നാരായണ മൂര്‍ത്തി
ബെംഗലൂരു: ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ഇത് വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ദേശീയ തൊഴില്‍ സംസ്‌കാരം ഉയര്‍ത്താനും ആഗോളതലത്തില്‍ ഫലപ്രദമായി മത്സരിക്കാനുമായാണ് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
3വണ്‍4 ക്യാപിറ്റലിന്റെ പോഡ്കാസ്റ്റായ ‘ദി റെക്കോര്‍ഡി’ന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കവേയാണ് ഇന്ത്യയുടെ തൊഴില്‍ ഉല്‍പ്പാദനക്ഷമത മാറ്റേണ്ടതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലെ യുവാക്കള്‍ കൂടുതല്‍ ജോലിസമയം എന്നതിന് പ്രാധാന്യം കൊടുത്തില്ലെങ്കില്‍ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ രാജ്യം പാടുപെടുമെന്ന് അദ്ദേഹം വാദിച്ചു.
മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ മോഹന്‍ദാസ് പൈയുമായുള്ള സംഭാഷണത്തില്‍, ലോകത്തിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഇന്ത്യയുടെ അധ്വാന ഉല്പാദനക്ഷമതയെക്കുറിച്ചും മൂര്‍ത്തി ചൂണ്ടിക്കാണിച്ചു. ഗവണ്‍മെന്റ് അഴിമതിയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയും ഉള്‍പ്പെടെ ഇന്ത്യയുടെ പുരോഗതിക്കുള്ള മറ്റ് തടസ്സങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യ ഒരു ആഗോള മുന്‍നിരക്കാരനായി ഉയര്‍ന്നുവരുന്നതിന് ഈ തടസ്സങ്ങള്‍ നീക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൂടാതെ ഇന്നത്തെ യുവാക്കളോട് രാഷ്ട്രനിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അഭ്യര്‍ത്ഥിച്ചു. ”ഇത് തന്റെ രാജ്യമാണ്, ആഴ്ചയില്‍ 70 മണിക്കൂര്‍ എങ്കിലും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു ‘ എന്ന് ചെറുപ്പക്കാര്‍ പറയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനസംഖ്യയുടെ ഭൂരിഭാഗം യുവത്വമാണെന്നും അവര്‍ക്ക് രാജ്യത്തെ കെട്ടിപ്പടുക്കാനാകുമെന്നും മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.