കാറ്റ്
ജി. ബിജു
കാറ്റ് ആദ്യം കഥ പറഞ്ഞത് കന്നുകാലികളോടായിരുന്നു. അവറ്റകള്‍ ഉറക്കെ കരയുവാനും കൂടണയാനും തുടങ്ങി. (കാറ്റിന്റെ) കഥ അറിയാതെ മനുഷ്യര്‍ കവലകളില്‍ ഇല്ലാക്കഥ പറഞ്ഞിരുന്നു. അപ്പോഴേക്കും കാറ്റിന്റെ കഥയിലെ കാര്‍മേഘങ്ങള്‍ പെയ്യാന്‍ തുടങ്ങി. കഥ പറഞ്ഞുതുടങ്ങിയ കാറ്റ് മെല്ലെ കലി പറയാന്‍ തുടങ്ങി. പിന്നെ കാറ്റും മഴയും സംഹാരമാടി വിരഹിച്ചു. പ്രണയമഴ കവിത എഴുതാനിരുന്നവന്‍ പ്രളയക്കെടുതി എഴുതി വിലപിച്ചു. കര്‍ഷകന്‍ വാവിട്ടു കരഞ്ഞു. ചുറ്റിയടിച്ചൊരു കാറ്റ് പരിഹാസഭാവം ചോദിച്ചു, മനുഷ്യാ നീ എന്തിനു കരയുന്നു?
മണ്ണിനെയും മരത്തേയും സ്‌നേഹിക്കുന്ന എന്നെ ഇത്രമേല്‍ ദ്രോഹിക്കാന്‍ ഞാന്‍ എന്തു തെറ്റാ ചെയ്തതെന്ന് ചോദിച്ചുകൊണ്ട് കര്‍ഷകന്‍ ക്ഷുഭിതനായി.
നീ അല്ലങ്കില്‍ നിന്റെ പൂര്‍വ്വികര്‍, അല്ലെങ്കില്‍ ആരോ എവിടെയോ ചെയ്തതിന് പകരം ചോദിക്കലാണിത്.
മണ്ണെടുത്താല്‍ മരം ചോദിക്കും, മരമെടുത്താല്‍ മണ്ണു ചോദിക്കും, മണ്ണും മരവുമെടുത്താല്‍ കാറ്റും മഴയും ചോദിക്കും. അതാണു പ്രകൃതി; പ്രകൃതി നിയമം.
ആരോ എവിടെയോ ചെയ്തതിന് ഞാന്‍…. മുഴുമിപ്പിക്കാതെ കര്‍ഷകന്‍ ഉറക്കെ കരഞ്ഞു.
ആരോ എവിടെയോ ചെയ്തതിന്റെ പേരില്‍ ഇങ്ങ് ഹര്‍ത്താലും ബന്തും നടത്തി ഒന്നുമറിയാത്തവരെ ദ്രോഹിക്കുന്ന നിന്റെ ഫിലോസഫിക്ക് ചേര്‍ന്നതല്ല ഈ ചോദ്യം.
നീ ഓര്‍ക്കണം. ദൈവം എല്ലായിപ്പോഴും എല്ലാം പൊറുക്കും, മനുഷ്യന്‍ ചിലതൊക്കെ വല്ലപ്പോഴും, പ്രകൃതി ഒന്നും ഒരിക്കലും പൊറുക്കില്ല. പ്രകൃതിയില്‍നിന്നെടുത്താല്‍ നീ തിരികെത്തരും നാള്‍ വരെ ചോദിക്കും. ഒരു താക്കീതുപോലെ കാറ്റ് വീണ്ടും വിളിച്ചുപറഞ്ഞു. തിരിച്ചു നല്‍കാന്‍ നിന്റെ തലമുറയെ പഠിപ്പിക്കുക! ഇല്ലെങ്കില്‍ ഇനിയും വരും ഏതു ഭാവത്തിലെന്നു നിശ്ചയമില്ലാതെ.
താക്കീതു നല്കി കളിയിലേക്ക് മടങ്ങുന്നൊരു ഫുട്‌ബോള്‍ റഫറിയെ പോലെ കാറ്റ് പാഞ്ഞു. പിന്നെ കളി അവസാനിപ്പിച്ചു മടങ്ങി.