നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ. ഇന്ത്യയുമായുള്ള അനൗദ്യോഗിക ചര്‍ച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്.

അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സെല്‍ഫോണ്‍ തെളിവുകളും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്ന നിലപാടിലാണ് കാനഡ. അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണമെന്നും ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും കാനഡ വാദിക്കുന്നത്.

ഹര്‍ദീപ് സിങ് നിജ്ജാറിനെ കാനഡയില്‍ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ ആണെന്ന വാദം ഇന്ത്യന്‍ വിദഗ്ധര്‍ തള്ളിയിരുന്നു. ചില പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യാവിരുദ്ധ സംഘടനകള്‍ക്കു താവളമാകുന്നതിനെക്കുറിച്ച് ഇന്ത്യ ഉയര്‍ത്തിയ ആശങ്കയില്‍നിന്നു ശ്രദ്ധതിരിക്കാനാണ് ഐഎസ്ഐയുടെ വാദമുന്നയിക്കുന്നതെന്നാണു വിലയിരുത്തല്‍.