നോട്ടുനിരോധനം ; കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം

കൊച്ചി : നോട്ടു നിരോധനം നിലവില്‍ വന്നത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഇതുമൂലം 13ാം പഞ്ചവത്സരപദ്ധതിയുടെ നടത്തിപ്പ് കടുത്തപ്രതിസന്ധിയിലായിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നോട്ട് പ്രതിസന്ധിമൂലം രജിസ്ട്രേഷന്‍ വകുപ്പില്‍ മാത്രം 55 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായത്. കറന്‍സിദൗര്‍ലഭ്യം മൂലം ടൂറിസ്റ്റുകളുടെ വരവില്‍ വന്‍ കുറവ് ഉണ്ടായി. കേരള ടൂറിസം വകുപ്പിന്‍െറ ത്വരിതവിലയിരുത്തല്‍ പ്രകാരം ഇന്ത്യക്കകത്ത് നിന്നുള്ള ടൂറിസ്റ്റുകളുടെ വരവില്‍ 17.7 ശതമാനവും വിദേശടൂറിസ്റ്റുകളുടെ വരവില്‍ 8.7 ശതമാനവും കുറവ് വന്നിട്ടുണ്ട്. നോട്ടുകള്‍ കൈമാറി നല്‍കാനുള്ള അവകാശം പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് നല്‍കാത്തതുമൂലം സംസ്ഥാനത്തെ മൊത്തം ധനകാര്യ ഇടപെടലുകളും താളംതെറ്റി. ഇന്ത്യയിലെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ലഭിച്ച നിക്ഷേപങ്ങളുടെ 70 ശതമാനവും കേരളത്തിലാണ്. 70 ശതമാനത്തിലധികം കാര്‍ഷികേതര വായ്പകളും നല്‍കുന്നത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ നോട്ടുകൈമാറ്റ പ്രക്രിയയില്‍ നിന്ന് സഹകരണബാങ്കുകളെയും സംഘങ്ങളെയും വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേരളത്തെ പ്രതികൂലമായി ബാധിച്ചു. മൊത്തക്കച്ചവടം, ചില്ലറവ്യാപാരത്തിനുള്ള മത്സ്യവിപണനം, പഴം-പച്ചക്കറി വിപണനം, കൂലിപ്പണി എന്നീ മേഖലകളില്‍ തൊഴിലവസരങ്ങളും വരുമാനവും കുറഞ്ഞു. നിത്യചെലവുകള്‍ക്കായി കടബാധിതരാവുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടതായി ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ പറഞ്ഞു. നോട്ട്നിരോധനം കേരള സമ്പദ്ഘടനക്കുണ്ടാക്കിയ ആഘാതം പഠിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് കണ്ടത്തെല്‍. റിപ്പോര്‍ട്ട് ചൊവ്വാഴ്ച്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.