ടി വി ചാനലുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം ; ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ നിയമം

രാജ്യത്തെ ടി വി ചാനലുകളെ വരുതിക്ക് നിര്‍ത്തുവാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നല്‍കി ഉത്തരവിട്ടു. പരിപാടികള്‍ ചട്ടം ലംഘിച്ചാല്‍ സംപ്രേഷണം നിറുത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്കും നിയമപരമായ രജിസ്ട്രേഷന്‍ നല്‍കും. ടിവി ചാനലുകളുടെ നിയന്ത്രണത്തിന് നിരീക്ഷണത്തിനും ഇപ്പോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനമില്ല. മൂന്ന് തട്ടുള്ള പരാതി പരിഹാരം നിര്‍ദ്ദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

ചാനലുകളുടെ പരിപാടിയില്‍ പരാതി ഉള്ളവര്‍ക്ക് ചാനലുകള്‍ക്ക് പരാതി എഴുതി നല്‍കാം. അവിടെ പരിഹാരമായില്ലെങ്കില്‍ മാദ്ധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണ സമിതിയാണ് മൂന്നാമത്തെ തട്ട്. സമിതി എപ്പോഴൊക്കെ ഇടപെടും എന്ന് വ്യക്തമായി ഉത്തവില്‍ പറയുന്നില്ല. എന്നാല്‍ സമിതിക്ക് നിയമപരിക്ഷ നല്‍കും. മാദ്ധ്യമങ്ങളുടെ സ്വയം നിയന്ത്രണ സമിതികളെയും നിയമപരമായി അംഗീകരിച്ച് രജിസ്ട്രേഷന്‍ അനുവദിക്കും.

ഏതെങ്കിലും ടിവി പരിപാടി ചട്ടത്തിന് അനുസരിച്ചല്ല എന്ന് ബോധ്യപ്പെട്ടാല്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. പത്രങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പ്രസ് കൗണ്‍സില്‍ ഇപ്പോള്‍ നിലവിലുണ്ട്. ടിവി രംഗത്ത് സ്വയം നിയന്ത്രണം എന്നതിനാണ് സര്‍ക്കാര്‍ ഇതുവരെ മുന്‍തൂക്കം കിട്ടിയിരുന്നത്. മുതിര്‍ന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രസ് കൗണ്‍സില്‍ പോലെ ഒരു സംവിധാനത്തിനു പകരം ഉദ്യോഗസ്ഥര്‍ അടങ്ങിയ നിരീക്ഷണ സമിതിക്ക് നിയമപരിരക്ഷ നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയത്.