തമിഴ് മക്കള്‍ ജെല്ലിക്കെട്ട് സമരം നിര്‍ത്തണം എന്ന് രജനികാന്ത്

ചെന്നൈ : യുവജനങ്ങള്‍ സമാധാനം പാലിക്കണമെന്നും ഇപ്പോള്‍ നടത്തുന്ന സമരത്തില്‍ നിന്നും തമിഴ് മക്കള്‍ പിന്മാറണം എന്നും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇപ്പോഴത്തെ സമരം വേദനയുണ്ടാക്കുന്നതാണ് എന്നും രജനികാന്ത് പറഞ്ഞു. നേരത്തെ നടന്‍ കമലഹാസന്‍ അടക്കമുള്ളവര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ജനങ്ങളുടെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല.  സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് കമലഹാസന്‍ അഭ്യര്‍ഥിച്ചു. പ്രതിപക്ഷ പാര്‍ട്ടികര്‍ ജെല്ലിക്കെട്ട് സമരം മുതലെടുക്കാന്‍ ശ്രമം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആരോപിച്ചു.  സമരത്തിന്റെ മറവില്‍ നേട്ടമുണ്ടാക്കാനും സര്‍ക്കാരിനെതിരായ വികാരം ആളിക്കത്തിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദിവസങ്ങളായി മറീന ബീച്ചില്‍ നടന്നുവരുന്ന സമരം ഇന്ന് രാവിലെ മുതല്‍ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാർ പ്രധാന റോഡുകളും ഫ്ലൈ ഒാവറുകളും ഉപരോധിക്കുകയാണ്​. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. മറീന ബീച്ചില്‍ പൊലീസ് തങ്ങളെ മര്‍ദിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്ന് സമരക്കാര്‍ ഒഴിപ്പിക്കല്‍ നടപടി ചെറുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടലില്‍ ചാടുമെന്ന് ഭീഷണി ഉയര്‍ത്തിയതോടെ പൊലീസും പ്രതിരോധത്തിലായി. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.സമരത്തിൽ രാജ്യവിരുദ്ധ ശക്​തികളും മാവോയിസ്​റ്റുകളും കടന്നുകൂടിയതായി പൊലീസ്​ ആരോപിക്കുന്നുണ്ട്​.