ദോക്ലാ സംഘര്‍ഷം: അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിന് വേഗത കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ഇന്ത്യ-ചൈന അതിര്‍ത്തി റോഡുനിര്‍മ്മാണം വേഗത്തിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തന്ത്രപ്രധാനങ്ങളായ 61 റോഡുകളുടെ നിര്‍മാണത്തില്‍ ബി.ആര്‍.ഒ കാലതാമസം വരുത്തുന്നുവെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. കൂടാതെ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ ചൈനയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടേണ്ട സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് പ്രതിരോധമന്ത്രാലയം നടപടികള്‍ വേഗത്തിലാക്കിയത്.

ഇന്ത്യ- ചൈന അതിര്‍ത്തിയിലുള്ള 3,409 കിലോമീറ്റര്‍ റോഡുനിര്‍മ്മാണത്തിലുണ്ടാകുന്ന കാലതാമസം പരിഹരിക്കാന്‍ സാമ്ബത്തിക, ഭരണപരമായ കാര്യങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ബി.ആര്‍.ഒ-യ്ക്ക് നല്‍കുമെന്ന് പ്രതിരോധമന്ത്രാലയം ഞായറാഴ്ച പുറത്തിറത്തിക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇത് പ്രകാരം ദേശീയപാത അതോറിറ്റിയോപ്പോലെ വമ്ബന്‍ നിര്‍മാണ കമ്ബനികളെ റോഡ് നിര്‍മാണം ഏല്‍പ്പിക്കാനുള്ള അനുമതി ബി.ആര്‍.ഒ-യ്ക്ക് ലഭിക്കും.
പദ്ധതികള്‍ നടപ്പിലാക്കാനായി ഉദ്യോഗസ്ഥ തലത്തിലുള്ള അനുമതി വ്യവസ്ഥയും ഉദാരമാക്കിയിട്ടുണ്ട്.