അതിര്‍ത്തി വീണ്ടും സംഘര്‍ഷത്തിലേക്ക്; ദോക് ലാമില്‍ സൈനിക സാന്നിധ്യം ശക്തമാക്കി ചൈനയുടെ പ്രകോപനം

ന്യുഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയായ ദോക് ലാമില്‍ വീണ്ടും പ്രകോപനവുമായി ചൈന. അതിര്‍ത്തി മേഖലയില്‍ സൈനിക സാന്നിദ്ധ്യം ശക്തമാക്കിയാണ് ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യയുടെ പ്രതിരോധത്തെത്തുടര്‍ന്ന് നേരത്തെ നിര്‍ത്തി വച്ചിരുന്ന റോഡ് നിര്‍മ്മാണം വീണ്ടും തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ ക്ഷമ ചൈന പരീക്ഷിക്കുകയാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.

ദോക് ലാമില്‍ നേരത്തെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മ്മാണം തുടങ്ങിയതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. തുടര്‍ന്ന് ദേശിയ മാധ്യമങ്ങള്‍ വഴി ചൈന പലപ്പോഴും നിരന്തര പ്രകോപനങ്ങളും നടത്തിയിരുന്നു. എന്നാല്‍ വിഷയത്തെ നയതന്ത്രപരമായി നേരിട്ട ഇന്ത്യയുടെ ശ്രമഫലമായി രണ്ട് മാസത്തോളം നീണ്ട സംഘര്‍ഷാവസ്ഥക്ക് ബ്രിക്‌സ് ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് പരിഹാരമായത്. തുടര്‍ന്ന് ഇന്ത്യയും ചൈനയും ഇവിടെ നിന്ന് പിന്മാറുകയായിരുന്നു. നേരത്തെ ആരംഭിച്ച റോഡ് നിര്‍മ്മാണനവും ചൈന അവസാനിപ്പിച്ചിരുന്നു.

ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ചൈന പ്രകോപനം തുടങ്ങിയത്. നേരത്തെ പിന്മാറിയ സ്ഥലത്ത് നിന്ന് 150 മീറ്ററോളം ചൈനീസ് സൈന്യം മുന്നോട്ട് കയറി നിലയുറപ്പിച്ചിരിക്കുകയാണിപ്പോള്‍. ഇവിടേക്ക് കൂടുതല്‍ സൈനികരെ എത്തിച്ച് സാന്നിദ്ധ്യം ശക്തമാക്കുകയും ചെയ്യുന്നുണ്ട്. 10 കിലോമീറ്റര്‍ അകലെ മറ്റൊരു സ്ഥലത്ത് റോഡ് നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്. വിഷയത്തില്‍ കരുതലോടെയാണ് ഇന്ത്യ പ്രതികരിക്കുന്നത്.