ഇന്നു തന്നെ ബജറ്റ് അവതരിപ്പിക്കും ; ബജറ്റ് അവതരിപ്പിക്കുവാന്‍ വേണ്ടി മരണവാര്‍ത്ത മറച്ചുവെച്ചു ;പ്രതിപക്ഷം വിട്ടുനില്‍ക്കുന്നു

ന്യൂഡൽഹി : കേന്ദ്രബജറ്റ് അവതരിപ്പിക്കുവാന്‍ സര്‍ക്കാരിന് സ്പീക്കറുടെ അനുമതി ലഭിച്ചു. ഇതോടെ സിറ്റിങ്​ എം.പി ഇ. അഹമ്മദ്​ അന്തരിച്ചതിനെ തുടർന്ന്​ ഉണ്ടായ അനിശ്​ചിതത്വം നീങ്ങി. ബജറ്റ്​ മാറ്റി വെക്കേണ്ടതില്ലെന്ന സ്​പീക്കറുടെ നിലപാടാണ്​ കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നതിനിടയാക്കിയത്​. എന്നാല്‍ ബജറ്റ് അവതരിപ്പിക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ മരണവാര്‍ത്ത‍ മറച്ചുവെച്ചു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ബജറ്റ് സമയത്ത് അവതരിപ്പിക്കാന്‍ ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതുപോലെ ഇന്ന് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന നിര്‍ബന്ധം മനുഷ്യത്വരഹിതമായ നടപടിയാണെന്നും കേരളത്തില്‍ നിന്നുള്ള എം.പിമാരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നും ഖാര്‍ഗ്ഗെ അറിയിച്ചു.
ലോക്സഭയുടെ കീഴ്വഴക്കമനുസരിച്ച് സമ്മേളന കാലയളവിൽ സിറ്റിങ് എം.പി അന്തരിച്ചാൽ സഭ ചേർന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. എന്നാൽ, തുടക്കം മുതൽക്കേ ധനമന്ത്രി അരുൺജെയ്​റ്റ്​ലി ബജറ്റ്​ അവതരപ്പിക്കണമെന്ന നിലപാടിലായിരുന്നു. എന്തു സാഹചര്യം വന്നാലും ബജറ്റ്​ മാറ്റി വെക്കാറില്ലെന്നും ആ കീഴ്​വഴക്കവും തുടരണമെന്നും ബജറ്റ്​ അവതരണവുമായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്​. ഇനി മാറ്റി വെക്കുന്നത്​ ബജറ്റി​െൻറ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാൽ തീരുമാനം സ്​പീക്കർക്ക്​ വിട്ടിരുന്നതാണ്​.​ സ്​പീക്കർ അനുമതി നൽകിയതോടെ ബജറ്റ്​ അവതരണത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്​.ആദ്യം അനുശോചനയോഗം ചേർന്ന ശേഷം ബജറ്റ്​ അവതരണം നടത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. എന്നാൽ, ബജറ്റ്​ അവതരണത്തിന്​ സഹകരിക്കില്ലെന്ന്​ പ്രതിപക്ഷം അറിയിച്ചു.