കുടിയേറ്റ മുസ്ലിങ്ങളുടെ പൗരത്വത്തെ ചൊല്ലി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹിതപരിശോധന


ബേണ്‍: രാജ്യത്തെ മുസ്ലിം പ്രവാസികളുടെ മൂന്നാം തലമുറക്ക് പൗരത്വം, പാസ്‌പോര്‍ട്ട് എന്നിവ നല്‍കുന്നതുമായി ബന്ധപ്പെട്ടു സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിവാദവും ഒടുവില്‍ ഹിത പരിശോധനയും. ഇത് സംബന്ധിച്ച് ചട്ടങ്ങള്‍ ലഘൂകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം രാജ്യത്ത് വന്‍വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. മുസ്ലിംകള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കരുതെന്ന് തീവ്ര വലതുപക്ഷ കക്ഷികള്‍ ദേശവ്യാപകമായി പ്രചാരണങ്ങള്‍ നടത്തിയതിനുശേഷമാണ് ഇപ്പോള്‍ ഹിത പരിശോധന നടന്നിരിക്കുന്നത്.

നിയമം നടപ്പാക്കുന്നതിന് ജനാംഗീകാരം ലഭിക്കാന്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയതായും, തീവ്ര വലതുപക്ഷ കക്ഷികള്‍ക്കു ആശയ്ക്ക് വകയില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തീവ്ര വലത് ദേശീയ പാര്‍ട്ടികളായ പീപ്ള്‍സ് പാര്‍ട്ടിയുടെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. കൂടുതല്‍ മുസ്ലിംകള്‍ക്ക് പൗരത്വം ലഭിക്കുന്നതോടെ പരമ്പരാഗത സ്വിസ് മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭവിക്കുമെന്നാണ് വലതുപക്ഷ വിഭാഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചത്. മൈഗ്രേഷന്‍ വകുപ്പിന്റെ പഠനം അനുസരിച്ച് ഏകദേശം 25,000 പേര്‍ നിലവില്‍ മൂന്നാം തലമുറ കുടിയേറ്റക്കാരായി രാജ്യത്ത് ഉണ്ട്. ഇതില്‍ 60 ശതമാനം ഇറ്റലിയില്‍ നിന്നുള്ളവരും ശേഷം ബാള്‍ക്കന്‍, ടര്‍ക്കിഷ് പൗരന്മാരുമാണ്.