പുതിയ പൗരത്വനിയമത്തിന് അനുകൂല നിലപാടുമായി സ്വിസ് ജനത
ബേണ്‍: മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ നടത്തി നിയമത്തെ എതിര്‍ത്ത തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ക്ക് തിരിച്ചടി. കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിക്കുന്ന നിയമത്തിന് ഹിതപരിശോധനയില്‍ അംഗീകാരം ലഭിച്ചു. നിയമത്തിന് അനുകൂലമായി 60 ശതമാനം പേര്‍ വോട്ടുചെയ്തു.
പൗരത്വം നേടുന്നതിന് കുടിയേറ്റക്കാരുടെ പേരമക്കള്‍ക്ക് കടന്നുപോകേണ്ട കടമ്പകള്‍ ലഘുവാക്കുന്ന നിയമം ഇതോടെ പ്രാബല്യത്തില്‍ വരും. നേരത്തെ സര്‍ക്കാറും രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷികളും നിയമത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, വലതുപക്ഷ ദേശീയവാദികള്‍ ഇത് മുസ്ലിങ്ങള്‍ പൗരത്വം നേടുന്നതിന് കാരണമാകുമെന്ന് പ്രചാരണം ശക്തിപ്പെടുത്തിയിരുന്നു.
പ്രമുഖ വലതുപക്ഷ കക്ഷിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് നിയമത്തിനെതിരെ രംഗത്തുവന്നത്. ഇസ്ലാം വ്യാപിക്കുന്നത് രാജ്യത്തിന്റെ തനത് സംസ്‌കാരത്തെ ബാധിക്കുമെന്നായിരുന്നു ഇവരുടെ പ്രചാരണം. എന്നാല്‍, തന്റെ പാര്‍ട്ടി വിഷയത്തില്‍ ഒറ്റപ്പെട്ടുപോയതാണ് ഹിതപരിശോധന പ്രതികൂലമാകാന്‍ കാരണമെന്ന് പാര്‍ട്ടി നേതാവ് ജീന്‍ ലൂക് പറഞ്ഞു. ഇസ്ലാം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വരുംനാളുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.