പുതിയ നോട്ടും സുരക്ഷിതമല്ല ; പാക്കിസ്ഥാനിൽ നിന്ന് പുതിയ കള്ളനോട്ടുകൾ ഇന്ത്യയിലെത്തുന്നു

പഴയ നോട്ടുകള്‍ അസാധുവാക്കുന്നതിനു കേന്ദ്രം പറഞ്ഞ മുഖ്യകാരണങ്ങള്‍ ഒന്ന് കള്ളപ്പണവും , രണ്ട് കള്ളനോട്ടും ആയിരുന്നു.അതില്‍ കള്ളപ്പണം മുഴുവന്‍ പൂഴ്ത്തി വെച്ചവര്‍ വെളുപ്പിച്ചു.അപ്പോള്‍ ഏക ആശ്വാസം കള്ളനോട്ടു തടയുവാന്‍ പറ്റുമല്ലോ എന്നതായിരുന്നു.എന്നാല്‍ നോട്ട് അസാധുവാക്കലിന് ശേഷവും കള്ളനോട്ടുകൾ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് അതിര്‍ത്തി വഴിയെത്തുന്ന 2000 രൂപയുടെ കള്ളനോട്ടുകൾ അതിര്‍ത്തി രക്ഷാസേനയും ദേശീയ അന്വേഷണ ഏജൻസിയും പിടികൂടിയപ്പോഴാണ് പുതിയ നോട്ടുകളും സുരക്ഷിതമല്ല എന്ന് മനസിലാകുന്നത്. പശ്ചിമബംഗാളിലെ മാൽഡ സ്വദേശി അസീസുറഹ്മാനിൽ നിന്ന് 2000 രൂപയുടെ 40 കള്ളനോട്ടുകൾ ഈ മാസം എട്ടിന് പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പാക് ചാര സംഘടനയായ ഇന്‍ര്‍ സര്‍വ്വീസ് ഇന്‍റലിജൻസിന്‍റെ സഹായത്തോടെ പാക്കിസ്ഥാനിലാണ് കള്ളനോട്ട് അച്ചടിക്കുന്നതെന്നും 2000 രൂപയുടെ കള്ളനോട്ട് എത്തിച്ചാൽ 600 രൂപ വരെ പ്രതിഫലമായി കിട്ടുമെന്നും അസീസുറഹ്മാൻ മൊഴി നൽകി. പുതിയ നോട്ടിലെ 17 സുരക്ഷാ അടയാളങ്ങളിൽ 11ഉം ഉള്ള കള്ളനോട്ടുകളാണ് ഇന്ത്യയിലേക്കെത്തുന്നത്. ഗുണനിലവാരം കുറഞ്ഞ പേപ്പറിലാണ് കള്ളനോട്ട് അച്ചടിക്കുന്നത്. ജനുവരി 22നും ഈ മാസം നാലിനും പാകിസ്ഥാനിൽ നിന്നെത്തിയ കള്ളനോട്ടുകൾ ബിഎസ്എഫും എൻഐഎയും പിടികൂടിയിരുന്നു. കള്ളനോട്ട് ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാന്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് സാധിക്കുന്നില്ലെന്നും പരിശീലനം നല്‍കണമെന്നും ബിഎസ്എഫ് റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതിവിവരക്കണക്കനുസരിച്ച് 400 കോടി രൂപയുടെ കള്ളനോട്ട് രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിലൂടെ കള്ളനോട്ട് ഇല്ലാതാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെയാണ് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഇപ്പോഴും കള്ളനോട്ടുകൾ എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ട് തള്ളിക്കളയുന്നത്.