ബാബുരാജിനെ വെട്ടിയ കേസ്: നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍


അടിമാലി: നടന്‍ ബാബുരാജിന് വാക്കത്തിയ്ക്കു വെട്ടിയ കേസില്‍ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ബാബുരാജിന്റെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ ഉടമയായ തറമുട്ടം സണ്ണി(54), ഭാര്യ ലിസി(50) എന്നിവരാണ് അറസ്റ്റിലായത്. സണ്ണിയേയും ഭാര്യയേയും അടിമാലി കോടതിയില്‍ ഹാജരാക്കി.

ബാബുരാജിന്റെയും സംഘത്തിന്റെയും ഗുണ്ടായിസത്തിനും ഭീഷണിക്കു പിടിച്ചുനില്‍ക്കാനാകാതെ അക്രമമുണ്ടായതെന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. താരപരിവേഷത്തിന്റെ മറവില്‍ ബാബുരാജ് നിരവധി തട്ടിപ്പുകള്‍ നടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. താരത്തിനെതിരായി നിരവധി പരാതികളാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്. കാര്യസാധ്യങ്ങള്‍ക്ക് താരപദവിയും ഗുണ്ടായിസവും ഉപയോഗിക്കുന്നവെന്നതാണ് മുഖ്യം. ബാബുരാജിനെതിരെ യാതൊരു നിയമനടപടിക്കും പൊലിസും ഒരുക്കമല്ല. ഷൂട്ടിങ്ങിനെത്തുമ്പോള്‍ പലയിടത്തുനിന്നും സാധനങ്ങളും മറ്റും വാങ്ങിയശേഷം പണം കൊടുക്കാതെ സ്ഥലം വിടന്നതും പതിവാണ്.

വട്ടവടയില്‍ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ ബാബുരാജ് നിരവധി പേരെ പണം നല്‍കാതെ കബളിപ്പിച്ചതായി പരാതി നിലവിലുണ്ട്. നടനും സംഘവും ഭക്ഷണം കഴിച്ചയിനത്തില്‍ 34000 രൂപ ചെറുകിട ഹോട്ടലുടമയ്ക്ക് നല്‍കാതെയാണ് സ്ഥലം വിട്ടതെന്നു പറയുന്നു. അഞ്ചു ജീപ്പുകള്‍ ഷൂട്ടിങ് ദിവസങ്ങളില്‍ ഓടിയ വകയിലുള്ള പണവും നല്‍കിയില്ല.

സ്ഥലത്തുനിന്നു പോകുമ്പോള്‍ 2000 രൂപയുടെ പച്ചക്കറി വാങ്ങിയ താരം പണം പിന്നീടെത്തിക്കാമെന്നു പറഞ്ഞു കബളിപ്പിച്ചുതുള്‍പ്പെടെ നിരവധി പരാതികളാണ് ബാബുരാജിനെതിരെ നാട്ടുകാര്‍ക്ക് പറയാനുള്ളത്. ബാബുരാജിനൊപ്പമെത്തുന്ന സംഘങ്ങള്‍ പലപ്പോഴും റിസോര്‍ട്ടിന് പുറത്ത് അഴിഞ്ഞാടാറുണ്ടെന്നും എതിര്‍ക്കുന്നവരെ കായികമായി നേരിടുന്നതായും ആക്ഷേപമുണ്ട്. ബാബുരാജിനെ വെട്ടിയ സണ്ണിയെ നടന്‍ നിരന്തരമായി ഭീഷണിപ്പെടുത്താറുണ്ടെന്നും ഗത്യന്തരമില്ലാതെയാണ് ആക്രമിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

വാലന്റൈന്‍സ് ദിവസം ഉച്ചയോടെ അടിമാലി ഇരുട്ടുകാനത്തെ സ്വന്തം റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തുവച്ചാണ് ബാബുരാജിന് വെട്ടേറ്റത്. ഇടതു നെഞ്ചിനു വാക്കത്തികൊണ്ടുള്ള വെട്ടേറ്റ നടന്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.