ശശികല ബംഗളൂരുവിലേയ്ക്ക് ; ഇന്നു കോടതിയില്‍ കീഴടങ്ങും എന്ന് റിപ്പോര്‍ട്ടുകള്‍

അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ എ ഐ എ ഡി എം കെ ജനറല്‍സെക്രട്ടറി ശശികല ഇന്ന് ബംഗലൂരു കോടതിയില്‍ കീഴടങ്ങും എന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി ശശികല ബംഗളൂരുവിലേയ്ക്ക് യാത്ര തിരിച്ചു. രാവിലെ പോയസ് ഗാര്‍ഡനില്‍നിന്ന് യാത്ര തിരിച്ച ശശികല, മറീന ബീച്ചിലെ ജയലളിതയുടെ സ്‌മൃതിമണ്ഡപത്തിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് ബംഗളുരുവിലേക്ക് പോയത്. റോഡ് മാര്‍ഗമാണ് ശശികല ബംഗളുരുവിലേക്ക് പോകുന്നത്. പോയസ് ഗാര്‍ഡനില്‍നിന്ന് പുറപ്പെടുന്നതുമുതല്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ശശികലയുടെ യാത്ര. ശശികല കീഴടങ്ങാന്‍ പോകുന്ന വിവരം അറിഞ്ഞു നിരവധി എ ഐ എ ഡി എം കെ പ്രവര്‍ത്തകരും പോയസ് ഗാര്‍ഡനിലും മറീന ബീച്ചിലും എത്തിയിരുന്നു. ശശികലയുടെ വാഹനം കടന്നുപോകുന്ന റോഡിന് ഇരുവശത്തും പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല അടക്കമുള്ളവര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവര്‍ഷം നാലുവര്‍ഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.