സുനിക്ക് മുന്‍‌കൂര്‍ ജാമ്യമില്ല ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു

കൊച്ചി :  നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി മാറ്റിവെച്ചു. മാര്‍ച്ച് മൂന്നിലേക്കാണ് ഹര്‍ജി മാറ്റിവെച്ചിരിക്കുന്നത്. ഇന്നലെയാണ് പൾസർ സുനിയും കേസിലെ കൂട്ടുപ്രതികളും ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.  മുഖ്യ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍, തലശ്ശേരി സ്വദേശി വി.പി. വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിച്ചത്. നിരപരാധിയായ തങ്ങളെ അനാവശ്യമായി കേസില്‍പെടുത്തിയതാണെന്നും സംഭവത്തില്‍ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹരജി നൽകിയിരുന്നത്.സര്‍ക്കാര്‍ നിലപാട് അറിയുന്നതിന് വേണ്ടിയാണ് ഹര്‍ജി മാറ്റിയത്.  തിങ്കളാഴ്ച വൈകിട്ടാണ് സുനിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയത്.  കേസില്‍ നാലു പ്രതികള്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. പള്‍സര്‍ സുനിയെയും വിനീഷിനെയുമാണ് ഇനി പിടികൂടാനുള്ളത്.