നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെന്ന സോഷ്യല്‍മീഡിയ പ്രചാരണം തടയണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി


ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയ്‌ക്കെതിരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളുണ്ടെന്ന സോഷ്യല്‍മീഡിയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ സുനിതാ കൃഷ്ണനാണ് ഹര്‍ജി നല്‍കി.

തമിഴ് ഫേസ്ബുക്ക് പേജുകളിലാണ് ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടെന്നുള്ള വിവരം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ പേജുകളുടെ പകര്‍പ്പും ഹര്‍ജിക്കൊപ്പം നല്കിയിട്ടുണ്ട്. എന്നാല്‍ പരാതി പുറത്ത് വന്നതോടെ പേജുകള്‍ അപ്രത്യക്ഷമായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി ഫേസ്ബുക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയുള്‍പ്പെടെ എല്ലാവരേയും അറസ്റ്റു ചെയ്തെങ്കിലും ദൃശ്യങ്ങളോ സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചനയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ടെടുത്ത ഫോണുള്‍പ്പെടെയുള്ളവയില്‍ ദൃശ്യങ്ങളുണ്ടോയെന്ന ശാസ്ത്രീയ പരിശോധന നടന്നുവരുമ്പോഴാണ് തമിഴ് ഫേസ്ബുക്ക് പേജില്‍ ദൃശ്യങ്ങളുണ്ടെന്ന വാദം പ്രത്യക്ഷപ്പെട്ടത്.