നടിയെ ആക്രമിച്ച കേസ് ; പോലീസിന് എല്ലാ തെളിവുകളും ലഭിച്ചു എന്ന് ഡിജിപി ; പറയാനുള്ളത് കോടതിയില്‍ പറയും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പോലീസിനു എല്ലാ തെളിവുകളും ലഭിച്ചു എന്ന് ഡിജിപി ലോക്നാഥ്‌ ബഹറ. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പോലിസ് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഡിജിപിയുടെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പോലിസിന് ലഭിച്ചിട്ടുണ്ട്. സമഗ്രമായ കുറ്റപത്രം 90 ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്നും  അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന്  വിശദാംശങ്ങളൊന്നും ഇപ്പോള്‍ വെളിപ്പെടുത്തില്ല അതുകൊണ്ടുതന്നെ  മാധ്യമങ്ങളോട് ഒന്നും പറയാറായിട്ടില്ലെന്നും   ബെഹ്‌റ പറഞ്ഞു.  മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആവശ്യമായ തെളിവുകള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം, നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായി അറിയാമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങാത്തത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യഥാര്‍ഥ പ്രതിയെ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല. തമ്മനത്തെ ഫ്‌ളാറ്റിലുള്ളവരെ കുറിച്ചും അന്വേഷണം നടന്നില്ല. കൃത്യം ചെയ്ത ശേഷം സുനി ആരെയൊക്കെ വിളിച്ചെന്ന കാര്യവും അന്വേഷിച്ചില്ലെന്നു മുരളീധരന്‍ കുറ്റപ്പെടുത്തി.