തമിഴ്നാട്ടിനു പിന്നാലെ കേരളവും പെപ്സിയും കോളയും ബഹിഷ്ക്കരിക്കുന്നു
കൊച്ചി : തമിഴ്നാടിനു പിന്നാലെ കേരളത്തിലും പെപ്‌സി, കൊക്കോ കോള ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ വ്യാപാരികളുടെ തീരുമാനം. അടുത്ത ചൊവ്വാഴ്ച മുതലാണ് കോള ഉല്‍പന്നങ്ങളുടെ വ്യാപാരം നിര്‍ത്തിവെക്കുക. കോള കമ്പനികള്‍ വന്‍തോതില്‍ നടത്തിവരുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ തീരുമാനം. കോള കമ്പനികളുമായി ചര്‍ച്ചക്കില്ല. കേരളത്തിലെ പാനീയങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണ്. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും വ്യാപാരി വ്യവസായി സമിതി പ്രതിനിധികള്‍ പറഞ്ഞു. നേരത്തെ തമിഴ്നാട്ടിലും വ്യാപാരി വ്യവസായികള്‍ കോള ഉത്പന്നങ്ങളെ ബഹിഷ്ക്കരിച്ചിരുന്നു. ശീതളപാനീയ കമ്പനികള്‍ വലിയ തോതില്‍ ജലചൂഷണം നടത്തുന്നത് കേരളത്തില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതായും ഇതാണ് തീരുമാനത്തിന് പിന്നിലെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസ്‌റുദ്ദീന്‍ അറിയിച്ചു. കൂടാതെ മാലിന്യ സംസ്‌കരണത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കോളയ്ക്കു പകരം കടകളില്‍ നാടന്‍ പാനീയങ്ങളും കരിക്കും വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.